Connect with us

Gulf

അറബ് മേഖലയില്‍ മൂന്ന് ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സിലാടെക്‌

Published

|

Last Updated

ദോഹ: കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സിലാടെക് സൃഷ്ടിച്ചത് മൂന്ന് ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍. 150ലേറെ പങ്കാളികളുമായി ചേര്‍ന്നാണ് ഈ നേട്ടം കൈവരിച്ചത്. 2020ഓടെ അറബ് മേഖലയില്‍ പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. അറബ് മേഖലയിലെ രൂക്ഷമായ തൊഴില്‍രാഹിത്യം ഇല്ലാതാക്കാനും സാമൂഹിക, സാമ്പത്തിക ശാക്തീകരണത്തിനുമാണ് ഖത്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിലാടെക് ശ്രമിക്കുന്നത്.

സംരംഭകത്വ വികസനം, തൊഴില്‍, നയവും ഗവേഷണവും എന്നിവയിലൂന്നിയാണ് സിലാടെക് പ്രവര്‍ത്തിക്കുന്നത്. അഗ്രികള്‍ച്ചറല്‍ ബേങ്ക് ഓഫ് സുഡാനുമായി ചേര്‍ന്ന് യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും 23000 തൊഴിലുകള്‍ സൃഷ്ടിക്കാനും സിലാടെക് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. സോഷ്യല്‍ ഡെവലപ്‌മെന്റ് ബേങ്കുമായി ചേര്‍ന്ന് ഇരുപതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ബിരുദധാരികള്‍ക്ക് സ്വന്തം നിലക്ക് സംരംഭം തുടങ്ങാന്‍ അവസരമൊരുക്കുന്നതിനുമുള്ള കരാറുമുണ്ട്. ടുണീഷ്യയില്‍ 5.80 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കാന്‍ എന്‍ഡാ തംവീലുമായി കരാറിലെത്തി. സ്മാര്‍ട്ട് ടുണീഷ്യ പദ്ധതിയിലൂടെ 2020ഓടെ അര ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കാനും സഹകരിക്കുന്നുണ്ട്. 1.40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മൊറോക്കോയിലെ അത്തൗഫീഖ് മൈക്രോഫിനാന്‍സുമായി സഹകരിക്കും. സിറിയയില്‍ ഖത്വര്‍ റെഡ് ക്രസന്റുമായി ചേര്‍ന്ന് ഭവനരഹിതരായ യുവസമൂഹത്തിന് തൊഴില്‍ പരിശീലനം നല്‍കാന്‍ കരാര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 1700 തൊഴിലുകളാണ് സൃഷ്ടിക്കുക. ഫലസ്തീനില്‍ തലാല്‍ അബു ഗസാലിഹ് ഗ്രൂപ്പുമായി ചേര്‍ന്ന് ഖദാമതി എന്ന പോര്‍ട്ടല്‍ ആരംഭിച്ചു. ഫലസ്തീന്‍ കരകൗശല വിദഗ്ധര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങളെ സംബന്ധിച്ച് പരസ്യം ചെയ്യാനും ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാണിത്. നിര്‍മാണ മേഖലയില്‍ യുവസമൂഹത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉനര്‍വുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. അറബ് യുവാക്കള്‍ക്ക് തൊഴിലന്വേഷണത്തിനും വിവിധയിടങ്ങളിലേക്ക് മാറാനും ഇറാഖില്‍ നേരത്തെ തഅമല്‍ പോര്‍ട്ടല്‍ സിലാടെക് ആരംഭിച്ചിരുന്നു. ഇതിന്റെ രണ്ടാം പതിപ്പിന് റ്വാംഗ ഫൗണ്ടേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.

 

Latest