ഖത്വറില്‍ റെക്കോര്‍ഡ് തണുപ്പ്

Posted on: February 6, 2017 7:53 pm | Last updated: February 6, 2017 at 7:46 pm

ദോഹ: രാജ്യ ചരിത്രത്തിലെ ശക്തമായി തണുപ്പ് ഇന്നലെ രേഖപ്പെടുത്തി. താപനില ഏറ്റവും താഴ്ന്ന നിലയിലെത്തിയത് സഊദി അതിര്‍ത്തി പ്രദേശമായ അബു സംറയിലായിരുന്നു. ഇന്നലെ രാവിലെ ഇവിടെ താപനില 1.5 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. 1964 ജനുവരിയില്‍ മിസഈദില്‍ രേഖപ്പെടുത്തിയ 3.8 ഡിഗ്രിയാണ് ഇതിന് മുമ്പ് ഖത്വറില്‍ അനുഭവപ്പെട്ട ഏറ്റവും കൂടിയ തണുപ്പ്.

ബുധനാഴ്ച മുതല്‍ രാജ്യത്ത് അനുഭവപ്പെടുന്ന ശീത തരംഗമാണ് താപനില ഇത്രയും താഴാന്‍ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേ തുടര്‍ന്ന് ഖത്വര്‍ മുഴുവനായും അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ പൊതുവേയും താപനില താഴ്ന്നിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരത്തോടെ രൂപപ്പെട്ട അതി മര്‍ദവും അതോടൊന്നിച്ച് വന്ന തണുത്ത കാറ്റുമാണ് താപനിലയില്‍ വലിയ വ്യതിയാനമുണ്ടാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ 5.40 വരെ ഒമ്പതു ഡിഗ്രിയായിരന്നു അബു സംറയിലെ താപനില. പൊടുന്നനെ കാറ്റിന്റെ ദിശ മാറിയതോടെ അര മണിക്കൂര്‍ കൊണ്ട് 7.5 ഡിഗ്രി കുറഞ്ഞാണ് താപനില 1.5 ഡിഗ്രിയിലെത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി.
അബൂസംറ റോഡില്‍ ഇന്നലെ രാവിലെ ഏഴോടെ 3.8 ഡിഗ്രിയും തുറൈനയില്‍ അഞ്ചു ഡിഗ്രിയും താപനില രേഖപ്പെടുത്തി. അതേസമയം, ഇന്ന് രാത്രിയോടെ രാജ്യത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദോഹയില്‍ 12 മുതല്‍ 21 ഡിഗ്രിവരെയായിരിക്കും ഇന്നത്തെ താപനില. താപനില താഴ്ന്നതോടെ അനുഭവപ്പെട്ടുന്ന കടുത്ത തണുപ്പ് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. പുറത്തിറങ്ങുന്നവര്‍ പൊതുവേ കുറഞ്ഞു. തുറസ്സായ സ്ഥലങ്ങളിലും ഷോപിംഗ് കേന്ദ്രങ്ങളിലും എത്തുന്നവരും കുറഞ്ഞിട്ടുണ്ട്. തണുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ വാരാന്ത്യത്തിലെ ചില പരിപാടികള്‍ റദ്ദാക്കിയിരുന്നു. ഗള്‍ഫ് നാടുകളില്‍ പൊതുവേ നല്ല തണുപ്പാണഅ അനുഭവപ്പെടുന്നത്.