ആത്മഹത്യക്കു ശ്രമിച്ച ഏഷ്യക്കാരനെ പോലീസ് സംഘം രക്ഷപ്പെടുത്തി

Posted on: February 6, 2017 7:45 pm | Last updated: February 6, 2017 at 7:41 pm
ആത്മഹത്യക്ക് ശ്രമിച്ച തൊഴിലാളിയെ പോലീസ് ക്രെയിന്‍ ഉപയോഗിച്ച് താഴെയിറക്കുന്നു

ദോഹ: ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി ലൈനില്‍ തൂങ്ങി ആത്മഹത്യക്കു ശ്രമിക്ക ഏഷ്യക്കാരനായ തൊഴിലാളിയെ പോലീസ് രക്ഷാ വിഭാഗങ്ങളെത്തി താഴെയിറക്കി. ആത്മഹത്യ ചെയ്യാനുള്ള കാരണമെന്തെന്നു വ്യക്തമല്ല. ഏതു രാജ്യക്കാരനാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
രക്ഷാ സംഘം എത്തുമ്പോള്‍ വൈദ്യുതി ടവറില്‍ പിടിച്ചു കയറി ഉയര്‍ന്ന വോള്‍ട്ടേജുള്ള കമ്പികളിലേക്ക് അടുത്തു കൊണ്ടിരിക്കുകയായിരുന്നു തൊഴിലാളിയെന്ന് ആഭ്യന്തര മന്ത്രാലയം ഫേസ്ബുക്കില്‍ വെളിപ്പെടുത്തി. പോലീസ്, സിവില്‍ ഡിഫന്‍സ്, ലഖ്‌വിയ സംഘങ്ങളാണ് സര്‍വ സന്നാഹങ്ങളുമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയത്. തൊഴിലാളി വൈദ്യുതി കമ്പിയില്‍ കയറി ആത്മഹത്യക്കു ശ്രമിക്കുന്നുവെന്ന വിവരം ടെലിഫോണിലൂടെ ലഭിച്ചതോടെയാണ് രക്ഷാ സംഘം പാഞ്ഞെത്തിയത്.
സ്ഥലത്തെത്തിയ സംഘം ലൈനിലെ വൈദ്യുതി വിച്ഛേദിക്കുകയും തൊഴിലാളിയെ ശാന്തനാക്കി താഴെയിറക്കാന്‍ ശ്രമമാരംഭിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ദീര്‍ഘനേരം തൊഴിലാളിയുമായി സംസാരിച്ചാണ് തന്റെ ശ്രമത്തില്‍ നിന്നും പിന്തിരിപ്പിച്ചത്.
താഴേക്കു ചാടുന്നത് ഒഴിവാക്കുന്ന രീതിയിലായിരുന്നു ശ്രമം. ദീര്‍ഘനേരം സംസാരിച്ചപ്പോഴാണ് അദ്ദേഹം വഴങ്ങിത്തുടങ്ങിയത്. അതിനിടെ അദ്ദേഹത്തിന്റെ നാട്ടില്‍ വിളിച്ച് ഭാര്യയുമായി സംസാരിക്കുന്നതിനും അവസരമൊരുക്കി. ലൗഡ് സ്പീക്കറിലിട്ടാണ് ഭാര്യയുമായി സംഭാഷണം നടത്തിയത്.

ഒടുവില്‍ ക്രെയിന്‍ ഉപയോഗിച്ച് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ തൊഴിലാളിയുടെ അടുത്തെത്തുകയും അദ്ദേഹത്തെ വൈദ്യതി ടവറില്‍ നിന്നും താഴെയെത്തിക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.