ഖത്വറില്‍ വരുമാനം കുറഞ്ഞ വിദേശ തൊഴിലാളികള്‍ക്ക് അറബി സാക്ഷരതാ യജ്ഞവുമായി റോട്ട

Posted on: February 6, 2017 7:40 pm | Last updated: February 6, 2017 at 7:39 pm
SHARE

ദോഹ: രാജ്യത്ത് ജോലി ചെയ്യുന്ന താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് അറബി ഭാഷ സംസാരിക്കാനും വായിക്കാനും പഠിപ്പിക്കുന്ന സാക്ഷരതാ യജ്ഞവുമായി റോട്ട (റീച്ച് ഔട്ട് ടു ഏഷ്യ) പ്രവര്‍ത്തനം തുടങ്ങുന്നു. അറബി സാക്ഷരതാ യജ്ഞത്തില്‍ പങ്കു ചേരുന്ന സന്നദ്ധ പ്രവര്‍ത്തകരായ പരിശീലകര്‍ക്ക് കഴിഞ്ഞ ദിവസം റോട്ട പരിശീലന സെഷന്‍ സംഘടിപ്പിച്ചു.

പദ്ധതിയുടെ ഭാഗമായി റോട്ട നടത്തിയ സര്‍വേയില്‍ രാജ്യത്തുള്ള 55 ശതമാനം സാധാരണ തൊഴിലാളികള്‍ക്കും അറബി ഭാഷ വശമില്ലെന്നു കണ്ടെത്തിയിരുന്നു. 45 ശതമാനം പേര്‍ക്ക് അറബി സംസാരിക്കാന്‍ സാധിക്കും. എന്നാല്‍ വായിക്കാനോ എഴുതാനോ കഴിയില്ല. ഈ സാഹചര്യത്തിലാണ് ഭാഷ പഠിപ്പിക്കുന്നതിനുള്ള യജ്ഞവുമായി റോട്ട വളണ്ടിയര്‍മാര്‍ രംഗത്തിറങ്ങുന്നത്. അഡള്‍ട്ട് അറബിക് ലിറ്ററസി (റാല്‍) എന്ന പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്കു വേണ്ടി കഴിഞ്ഞ ദിവസം ഖത്വര്‍ ഫൗണ്ടേഷന്‍ റിക്രിയേഷന്‍ സെന്ററിലാണ് പരിശീലനം നടന്നത്. അക്കാദമിക് ബ്രിഡ്ജ് പ്രോഗ്രാമില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പാഠ്യപദ്ധതി, പ്രായോഗിക അധ്യാപന രീതികള്‍, തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, പ്രായം ചെന്നവര്‍ക്ക് പഠിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, സാമൂഹിക പഠന രീതികള്‍ എന്നിവയെക്കുറിച്ചായിരുന്നു പരിശീലനം.
മുതിര്‍ന്നവര്‍ക്ക് ഭാഷ പഠിപ്പിക്കുന്നതിനുള്ള സംരഭത്തിന് മികവും ഫലവും ഉണ്ടാക്കുന്നതിനു വേണ്ടിയാണ് പരിശീലകര്‍ക്ക് പരിശീലനം നല്‍കുന്നചെന്ന് റോട്ട നാഷനല്‍ പ്രോഗ്രാം വിഭാഗം കമ്യൂണിറ്റി ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് റസ്മിയ ഹസന്‍ അല്‍ ജമാലി പറഞ്ഞു. വിദേശ തൊഴിലാളികളെ അറബി പഠിപ്പിക്കുന്നതിനുള്ള പരിജ്ഞാനം പരിശീലനത്തിലൂടെ വളണ്ടിയര്‍മാര്‍ക്ക് നല്‍കാന്‍ സാധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. പരിശീലനം പൂര്‍ത്തിയായപ്പോള്‍ അറബി ഭാഷ പഠിപ്പിച്ചു കൊടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായതായി സന്നദ്ധ പരിശീലകനായ യൂസുഫ് മുഹമ്മദ് യൂസുഫ് അലി അബ്ദുല്‍ മാലിക് പറഞ്ഞു.
വ്യത്യസ്ത സംസ്‌കാരങ്ങളെ പരസ്പരം ബഹുമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ കൂടിയാണ് വിദേശ തൊഴിലാളികള്‍ക്ക് അറബി ഭാഷ പഠിപ്പിക്കുക എന്ന ഉദ്യമം റോട്ട ഏറ്റെടുക്കുന്നത്. കോഴ്‌സ് പൂര്‍ത്തിയാകുന്നതോടെ തൊഴിലാളികള്‍ അറബി സംസാരിക്കുന്നതിന് പ്രാപ്തരാകും.
അറബി സംസ്‌കാരത്തെയും ഖത്വരി സമൂഹത്തെയും അവര്‍ക്ക് മനസ്സിലാക്കാനാകും. ആറു ആഴ്ചയാണ് കോഴ്‌സ്‌കാലം. ആഴ്ചയില്‍ രണ്ടു മുതല്‍ മൂന്നു മണിക്കൂറാണ് ക്ലാസുണ്ടാകുക. കോഴ്‌സിനു ശേഷം പഠിതാക്കളുടെയും പരിശീലകരുടെയും സംഗമം സംഘടിപ്പിക്കുമെന്നും റോട്ട അറിയിച്ചു.