Connect with us

Kerala

കാപ്പ, യുഎപിഎ തുടങ്ങിയവ ചുമത്തുമ്പോള്‍ ജാഗ്രത വേണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കാപ്പയും യു.എ.പി.എ.യും പോലുള്ള നിയമങ്ങള്‍ ചുമത്തുമ്പോള്‍ നല്ലത്‌പോലെ ജാഗ്രത പാലിക്കണമെന്ന് പോലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാനും സംഘര്‍ഷമുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ മനസിലാക്കുന്നതിന് പോലീസ് കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പോലീസ് ആസ്ഥാനത്ത് സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഈ നിര്‍ദേശം നല്‍കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…..

സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാനും സംഘര്‍ഷമുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ മനസിലാക്കുന്നതിന് പോലീസ് കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിച്ചു. പോലീസ് ആസ്ഥാനത്ത് സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.
അണിയറയ്ക്കുള്ളില്‍ നടക്കുന്നത് എന്തെന്ന് മനസിലാക്കാന്‍ പോലീസിന് കഴിഞ്ഞാലേ അത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിയൂ. ക്രമസമാധാനം മെച്ചപ്പെടുത്തുന്നതില്‍ വലിയ പുരോഗതി സൃഷ്ടിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ക്രമസമാധാനം തകര്‍ന്നുകാണാന്‍ താല്പര്യമുള്ള കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഗീയസംഘര്‍ഷമാണ് അതിനായി സ്വീകരിക്കുന്ന മാര്‍ഗം. വര്‍ഗീയ നീക്കങ്ങള്‍ക്കെതിരെ വിട്ടുവീഴ്ച്ച പാടില്ല.
കാപ്പ, യു.എ.പി.എ. തുടങ്ങിയ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. കാപ്പയും യു.എ.പി.എ.യും പോലുള്ള നിയമങ്ങള്‍ ചുമത്തുമ്പോള്‍ നല്ലതുപോലെ ജാഗ്രത പാലിക്കണം. പ്രതിപക്ഷത്തിരിക്കുന്നവര്‍ക്കെതിരെ കാപ്പ ചുമത്തുന്ന സമീപനം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നു. അത്തരമൊരു വികലമായ സമീപനം ഇനി പാടില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാവുന്ന നിയമമാണ് യു.എ.പി.എ. എന്നാല്‍ അങ്ങനെയല്ലാത്ത കേസുകളിലും യു.എ.പി.എ. ചുമത്തിയ സാഹചര്യമുണ്ടായിട്ടുണ്ട്. ഇതൊഴിവാക്കണം.
കുറ്റകൃത്യങ്ങള്‍ ആര് നടത്തിയാലും പോലീസ് നിഷ്പക്ഷമായി നടപടിയെടുക്കണം. ഇക്കാര്യത്തില്‍ രാഷ്ട്രീയമോ മറ്റ് പരിഗണനകളോ നോക്കരുത്. രാഷ്ട്രീയക്കാരുമായി ബന്ധപ്പെടുമ്പോള്‍ പോലീസ് ഇടപെടുന്നത് നിഷ്പക്ഷമായി ആയിരിക്കണം. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസ് തങ്ങളുടെ ചുമതല നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വഹിക്കണം.
ലോക്കപ്പ് മര്‍ദ്ദനം കര്‍ശനമായി ഒഴിവാക്കണം. ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍ അതിന് വിരുദ്ധമായ നടപടികള്‍ ഇപ്പോഴും ഉളളതായ റിപ്പോര്‍ട്ടുകള്‍ കാണുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ അതിശക്തമായി ഇടപെടണം. സ്ത്രീസുരക്ഷയ്ക്ക് അങ്ങേയറ്റം പ്രാധാന്യം നല്കണമെന്നതാണ് സര്‍ക്കാര്‍ നയം. ഇതിനായുള്ള നടപടികള്‍ കൂടുതല്‍ ഫലപ്രദമാക്കണം. സൈബര്‍ കുറ്റകൃത്യങ്ങളും നമ്മുടെ നാട്ടില്‍ വര്‍ധിക്കുകയാണ്. ഇത് തടയാന്‍ നല്ലതുപോലെ ശ്രമമുണ്ടാകണം.
പോലീസ് ഫലപ്രദമായി ഇടപെട്ടാല്‍ അപകട നിരക്ക് ഇനിയും കുറയ്ക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന നല്കി നടപടി സ്വീകരിക്കണം.
പോലീസ് ഏതെങ്കിലുമൊരു വിഭാഗത്തിന് അനുകൂലമാണെന്നോ എതിരാണെന്നോ ഉള്ള ധാരണ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭൂരിപക്ഷ വിഭാഗങ്ങളും ന്യൂനപക്ഷവിഭാഗങ്ങളുമൊക്കെ നമ്മുടെ നാട്ടിലുണ്ട്. രാജ്യത്തെ ഇന്നത്തെ സാഹചര്യത്തില്‍ പോലീസിനെക്കുറിച്ച് അവരില്‍ പലതരം ആശങ്കകളും ഉണ്ടാകാം. അത്തരം ആശങ്കകള്‍ പോലീസിന്റെ നടപടികളിലൂടെ ഇല്ലാതാക്കാന്‍ കഴിയണം.
വിവിധ ജില്ലകളിലെ പോലീസ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലയിലെ പോലീസിനെയാകെ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് എസ്.പി.മാര്‍ മുഖ്യ പങ്കുവഹിക്കേണ്ടതുണ്ട്. എസ്.പി.മാര്‍ സ്‌റ്റേഷനുകളില്‍ കാലാകാലങ്ങളില്‍ നടത്തേണ്ട ഇന്‍സ്‌പെക്ഷന്‍ പില ജില്ലകളിലും കൃത്യമായി നടക്കുന്നില്ലെന്നും ഇത് കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും നിര്‍ദ്ദേശിച്ചു.

---- facebook comment plugin here -----

Latest