സിപിഐയുടെ വലുപ്പം നാട്ടുകാര്‍ക്കറിയാമെന്ന് ഇപി ജയരാജന്‍

Posted on: February 6, 2017 11:51 am | Last updated: February 7, 2017 at 9:39 am

തൃശൂര്‍: മുഖ്യമന്ത്രിയെ വിമര്‍ശിച്ച ജനയുഗം ലേഖനത്തിന്റെ പേരില്‍ സിപിഐ നേതൃത്വത്തെ കടന്നാക്രമിച്ച് ഇപി ജയരാജന്‍. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ കൈയിലെ പാവയായി ജനയുഗം മാറിയെന്ന് ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസ്, സിപിഐ, കോണ്‍ഗ്രസ് എന്നിവര്‍ ചേര്‍ന്നുള്ള ലോ അക്കാദമി സമരം ജനം തിരിച്ചറിയും. ജനയുഗം നിലവാരത്തകര്‍ച്ചയുടെ മാധ്യമമായെന്നും ജയരാജന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബുദ്ധിജീവികളാണെന്നാണ് സിപിഐക്കാരുടെ ഭാവം. സിപിഐ അത്ര ശക്തിയുള്ള പാര്‍ട്ടിയൊന്നുമല്ല. നാട്ടിലൊരു ചൊല്ലുണ്ട് നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാര്യരുടെ ഊണ്. അതാണ് സിപിഐ. ലോ അക്കാദമി സമരത്തിന് പിന്നില്‍ സിപിഐക്കുള്ളിലെ പ്രശ്‌നങ്ങളാണ്. എവിടെയോ ചിലത് ചീഞ്ഞുനാറുന്നുണ്ട്. സങ്കുചിതമായ താല്‍പര്യങ്ങളാണ് സമരത്തിന് പിന്നിലെന്നും ജയരാജന്‍ പറഞ്ഞു.