സ്ഥാനമൊഴിഞ്ഞാല്‍ പിണറായിയെ പട്ടിപോലും തിരിഞ്ഞു നോക്കില്ലെന്ന് മുരളീധരന്‍

Posted on: February 6, 2017 11:18 am | Last updated: February 6, 2017 at 7:32 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കെ മുരളീധരന്‍ എംഎല്‍എ. ലോ അക്കാദമി വിഷയത്തിലേക്ക് കരുണാകരനെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്ന് മുരളീധരന്‍ പറഞ്ഞു. കരുണാകരന്‍ ഇപ്പോഴും കേരള ജനതയുടെ ഇഷ്ട നേതാവാണ്. ഓരോ ദിവസം കഴിയുമ്പോഴും മുഖ്യമന്ത്രി പദവിക്ക് താന്‍ യോഗ്യനല്ലെന്ന് പിണറായി തെളിയിച്ചു കൊണ്ടിരിക്കുന്നു. സ്ഥാനമൊഴിഞ്ഞാല്‍ പിണറായിയെ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരോടുള്ള വിധേയത്വമാണ് വിഷയം വഴിതിരിച്ചു വിടാനുള്ള നീക്കത്തിന് പിന്നില്‍. കെ കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയത് ഗവര്‍ണര്‍ മുഖ്യ രക്ഷാധികാരിയായ ട്രസ്റ്റിനാണ്. ട്രസ്റ്റിന് നല്‍കിയ ഭൂമി എങ്ങനെ സ്വകാര്യ സ്വത്തായെന്ന് പിണറായി സര്‍ക്കാര്‍ അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് പിണറായി മുരളീധരനെ വിമര്‍ശിച്ചത്. കരുണാകരന്‍ കൊടുത്ത ഭൂമി തിരിച്ചുപിടിക്കാന്‍ മകന്‍ നിരാഹാരമിരിക്കുകയാണ്. ജീവിച്ചിരിക്കുമ്പോള്‍ കരുണാകരന് സ്വസ്ഥത കൊടുക്കാത്ത മുരളി മരണശേഷവും അദ്ദേഹത്തെ വെറുതെവിടുന്നില്ലെന്നായിരുന്നു പിണറായിയുടെ വിമര്‍ശം.