തിരിച്ചുവരുന്നു, എഴുത്തുകാരന് വിലയുള്ള കാലം

Posted on: February 6, 2017 9:24 am | Last updated: February 6, 2017 at 9:24 am

രാഷ്ട്രീയം പോലെത്തന്നെ സാഹിത്യ സാംസ്‌കാരിക രംഗത്തും സജീവത നിലനിറുത്തുന്ന സംസ്ഥാനമാണല്ലോ കേരളം? രവീന്ദ്രനാഥ ടാഗോറിന്റെ ബംഗാളിനാണ് മലയാളത്തോടൊപ്പം ഈ നേട്ടം അവകാശപ്പെടാമായിരുന്ന മറ്റൊരു സംസ്ഥാനം. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഒരു പക്ഷേ ബംഗാള്‍ കേരളത്തെ അപേക്ഷിച്ച് ഒരുപടി മുന്നില്‍ നിന്നിരിക്കാം. അന്നത്തെ ബംഗാള്‍ എന്നത് കിഴക്കന്‍ പാകിസ്ഥാന്റെ ഭാഗമായിരുന്ന ഇന്നത്തെ ബംഗ്ലാദേശ് കൂടി ഉള്‍പ്പെട്ടിരുന്നതാണെന്നും ഓര്‍ക്കുക. ഇന്ത്യയിലേക്ക് ആദ്യത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പ്രൈസ് എത്തിയതും ബംഗാളിലേക്കാണ്. രവീന്ദ്രനാഥ ടാഗോറിന്റെ ‘ഗീതാഞ്ജലി’ യിലൂടെയാണ് ഇന്ത്യ നൊബേല്‍ പ്രൈസ് ലിസ്റ്റില്‍ ഇടംപിടിച്ചത്. ആ റിക്കാര്‍ഡ് ഇപ്പോഴും ഭേദിക്കപ്പെടാതെ കിടക്കുന്നുവെങ്കിലും സ്വാതന്ത്ര്യാനന്തരം കേരളം ഈ രംഗത്ത് ബംഗാളിനെക്കാള്‍ മുന്നേറി എന്നു വേണം കരുതാന്‍.
ബംഗാളും കേരളവും പൊതുവേ ഇടതുപക്ഷ ചിന്താഗതിക്ക് മുന്‍തൂക്കമുള്ള സംസ്ഥാനങ്ങളാണല്ലോ? അതുകൊണ്ടായിരിക്കാം രാഷ്ട്രീയത്തോടൊപ്പം സാഹിത്യവും കലയും ഒക്കെ ഏറെക്കുറെ ഇവിടങ്ങളില്‍ ജനകീയമാകുന്നത്. പുതിയ കാലത്ത് ബംഗാളിനെ അപേക്ഷിച്ച് കേരളം തന്നെയാണ് രാഷ്ട്രീയത്തിനുപരിയായി സാഹിത്യത്തെയും കലയേയും ജനകീയമാക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. കേരളത്തില്‍ സംഭവിക്കുന്ന ഏതുതരം മാറ്റവും പരിഷ്‌ക്കരണവും ചര്‍ച്ചക്കെടുക്കുന്നതില്‍ ഇവിടത്തെ വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളേക്കാള്‍ താത്പര്യമെടുക്കാറുള്ളത് സാഹിത്യസാംസ്‌കാരിക വിഭാഗങ്ങളില്‍ പെട്ടവരില്‍ നിന്നാവുന്നത് യാദൃശ്ചികമല്ല. അതിനര്‍ഥം മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാരില്‍ പലരും സമൂഹത്തിന്റെ ജീവിത ചലനങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്ന കൂട്ടത്തില്‍ തന്നെയാണ് എന്നതാണ്.
മുമ്പ് മുണ്ടശ്ശേരി മാഷിന്റെ കാലത്തൊക്കെ ഉയര്‍ന്നു വന്ന രൂപഭദ്രതാവാദം പോലെയോ സാമൂഹിക പ്രതിബദ്ധതാ വാദം പോലെയോ അല്ല വര്‍ത്തമാന കാലാവസ്ഥയിലെ മലയാളി എഴുത്തുകാര്‍ നടത്തുന്ന സാമൂഹിക ഇടപെടലുകള്‍. അന്നൊക്കെ ചില സംഘടനാ ബെയ്‌സില്‍ നിന്നുകൊണ്ടായിരുന്നു എഴുത്തുകാരുടെ ചേരിതിരിഞ്ഞുള്ള പക്ഷം ചേരലുകള്‍ നടന്നിരുന്നത്. തെളിച്ചുപറഞ്ഞാല്‍ കമ്യൂണിസ്റ്റ് പക്ഷപാതിത്വമുള്ള വിഭാഗം ഒരു ഭാഗത്തും കമ്യൂണിസ്റ്റ് വിരുദ്ധ എഴുത്തുകാര്‍ മറുപക്ഷത്തും അണിനിരന്നുകൊണ്ടായിരുന്നു തര്‍ക്കങ്ങളത്രയും. സ്വാഭാവികമായും കമ്യൂണിസ്റ്റ് ചേരി സാമൂഹിക പ്രതിബദ്ധതയിലും മറ്റുള്ളവര്‍ ശുദ്ധകലാവാദത്തിലും സൗന്ദര്യ ശാസ്ത്ര മാനദണ്ഡം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.
ഇപ്പോള്‍ ആ പശ്ചാത്തലം തന്നെ പാടേ മാറിയെന്നു പറയാം. അതിന്റെ പ്രധാനകാരണം പ്രോലിട്ടേറിയന്‍ ചിന്താഗതിയും കാപിറ്റല്‍ചിന്തയും തമ്മിലുള്ള ഏറ്റുമുട്ടലിന് മാത്രമേ സാംഗത്യമുള്ളൂ എന്ന നിലപാടുകളില്‍ നിന്നും നമ്മുടെ എഴുത്തുകാര്‍ തന്നെ പാടേ മാറി എന്നുള്ളതാണ്. ഫാസിസവും തീവ്രവര്‍ഗീയതയും കൈകോര്‍ത്തുകൊണ്ട് സാഹിത്യത്തിനും സംസ്‌കാരത്തിനും എതിരായ നീക്കം ഭരണകൂടത്തിന്റെ പിന്തുണയോടെ ഭീതി പടര്‍ത്തിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യമാണിപ്പോള്‍. ഇതിനെതിരേയുള്ള ശക്തമായ ചെറുത്ത് നില്‍പ്പില്‍ എഴുത്തു രംഗത്തെ ഭൂരിപക്ഷംപേരും അണിനിരക്കുന്നുണ്ട്. പ്രത്യേകിച്ച് കേരളത്തില്‍ ഈ മൂവ്‌മെന്റ് ശക്തമാണ്. എം ടിക്കെതിരേയും കമലിനെതിരെയും സംഘ്പരിവാരങ്ങള്‍ ഭീഷണി മുഴക്കിയപ്പോള്‍ വിരലില്‍എണ്ണാവുന്ന ആര്‍ എസ് എസ് അനുകൂലികളായ ചിലര്‍ മാത്രമേ ഭരണകൂടത്തിനൊപ്പം നിലയുറപ്പിച്ചുള്ളൂ എന്നത് ശ്രദ്ധേയമാണ്. അവര്‌പോലും നോട്ട് അസാധുവാക്കല്‍ പോലുള്ള തീരുമാനത്തെ പരസ്യമായി അനുകൂലിക്കാന്‍ ധൈര്യം കാണിച്ചതുമില്ല.
എം ടിയോട് അത്ര അടുപ്പമൊന്നും ഒരു കാലത്തും പ്രകടിപ്പിച്ചിട്ടില്ലാത്ത ടി പത്മനാഭന്‍ പോലും നോട്ടസാധുവാക്കലിനെതിരെയും ഉരുണ്ടുകൂടുന്ന ഫാഷിസ്റ്റ് ഭീഷണിക്കെതിരെയും ശക്തമായ ഭാഷയില്‍ തന്നെയാണ് പ്രതികരിച്ചത്. അതുപോലെത്തന്നെ സകറിയയും എന്‍ എസ് മാധവനുമെല്ലാം ഭരണകൂട ദുഷ്‌ചെയ്തികള്‍ക്കെിതിരെ മുന്‍കാലങ്ങളെക്കാള്‍ തീവ്രമായ നിലപാടുകളാണ് എടുത്തത്. മുമ്പ് കണ്ണൂരില്‍ വെച്ച് സക്കറിയയെ ദേഹോപദ്രവം ഏല്‍പിച്ച പ്രസ്ഥാനത്തിനെതിരെ സംസാരിക്കനല്ല അദ്ദേഹം മുതിര്‍ന്നത്. പടിവാതില്‍ക്കലേക്ക് നടന്നടുക്കുന്ന ഫാസിസത്തെ തടഞ്ഞുനിര്‍ത്തുന്നതില്‍ കേളത്തിലെ തലയെടുപ്പുള്ള എഴുത്തുകാര്‍ ചെറിയ ചെറിയ മറ്റു തര്‍ക്കങ്ങള്‍ മാറ്റിവെച്ച ുഎന്നത് എഴുത്തുകാര്‍ക്ക് മലയാളികള്‍ക്കിടയിലുള്ള സ്വീകാര്യത വര്‍ധിക്കാന്‍ കാരണമാകുന്ന ഘടകമാണ്. നല്ല കവിതകള്‍ എഴുതുകയും പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുമ്പോഴും വര്‍ഗീയതക്കും ഫാസിസത്തിനുമെതിരെയുള്ള നീക്കങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയും മൗനംപാലിക്കുകയും ഒക്കെ ചെയ്യുന്ന സുഗതകുമാരിയെ അവരോടുള്ള ബഹുമാനം നിലനിറുത്തിക്കൊണ്ടുതന്നെ വിമര്‍ശിക്കാന്‍ മുന്നോട്ടുവന്ന സക്കറിയ കാലത്തിന്റെ മാറ്റം ശരിക്കും ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രതികരണം തന്നെയാണ് നടത്തിയത്.
പുതുതായി വന്ന മാറ്റത്തിന്റെ ഫലമായി പി വത്സലയും അക്കിത്തവും ഒക്കെ ഹൈന്ദവ വര്‍ഗീയതയോട് മൃദു സമീപനത്തില്‍ എത്തുമ്പോള്‍ അവരെ തിരുത്താനും ആ സമീപനത്തിലെ അപകടം തുറന്നുകാണിക്കാനും കേരളത്തിലെ എഴുത്തുകാര്‍ തന്നെയാണ് മുന്‍പന്തിയില്‍ വന്നത് എന്നത് പ്രത്യേകം സ്മരിക്കേണ്ട ഒന്നാണ്. പ്രത്യേകിച്ച് പിവത്സല പുകാസയുടെ ബാനര്‍ പിടിച്ചുകൊണ്ട് ബി ജെ പിയനുകൂല നിലപാടെടുത്തപ്പോള്‍ അവര്‍ക്കെതിരേ ശക്തമായ നിലപാടെടുക്കേണ്ടിയിരുന്ന പുരോഗമന കലാസാഹിത്യ സംഘം പോലും എന്തോ കാരണത്താല്‍ അറച്ചുനില്‍ക്കുന്ന കാഴ്ചയാണ് നാം കണ്ടത്.
ഈയൊരു പശ്ചാത്തലത്തില്‍ കേരളത്തിന്റെ ഇടതുപക്ഷ പൊതുമനസ്സിനോടൊപ്പം സഞ്ചരിക്കാന്‍ ഇവിടുത്തെ എഴുത്തുകാര്‍ക്കാവുന്നു എന്നത് പ്രതീക്ഷ നല്‍കുന്ന വസ്തുതയായി കാണണം. അതുപോലെ, വര്‍ഗീയതക്കും ഫാസിസത്തിനും എതിരെയെന്നു പറഞ്ഞുകൊണ്ട് രംഗപ്രവേശം ചെയ്യുന്നവരില്‍ ചിലരൊക്കെ വെച്ചുപുലര്‍ത്തുരന്ന മുസ്‌ലിം തീവ്രവാദത്തോടുള്ള അഭിനിവേശവും നാം കാണാതെപോകരുത്. ഭാഗ്യവശാല്‍ മലയാളത്തിന്റെ മുന്‍നിര എഴുത്തുകാരില്‍ നിന്ന് ആരും ഈ നിരയിലേക്ക് വരുന്നില്ല എന്നതും സ്വാഗതാര്‍ഹം തന്നെയാണ്. വലിയ വര്‍ഗീയത മുടിയഴിച്ചാടുമ്പോള്‍ ചിലരെങ്കിലും ചെറിയ വര്‍ഗീയതയുടെ മേല്‍ വിലാസത്തില്‍ കലാപത്തിനു കോപ്പുകൂട്ടാന്‍ അണിയറയില്‍ ചരടുവലിക്കുന്നതും ഗൗരവമായിത്തന്നെ എടുക്കേണ്ടതാണ്.
അതും ശരിക്കും ഉള്‍ക്കൊണ്ടു ചിന്തിക്കുന്ന വലിയൊരു എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും നിര മലയാളിയെ എപ്പോഴും ജാഗരൂകരാക്കാന്‍ കാത്തിരിക്കുന്നു എന്നുള്ളതാണ് മലയാളത്തിനു വലിയ പ്രതീക്ഷനല്‍കുന്ന ഒരു ഘടകം. അതുകൊണ്ടുതന്നെ നമ്മുടെ രാഷ്ട്രീയക്കാരില്‍ നിന്നും ചോര്‍ന്നു പോയ്‌ക്കൊണ്ടിരിക്കുന്ന വിശ്വാസ്യത നമ്മുടെ എഴുത്തുകരിലൂടെ തിരിച്ചുപിടിക്കാന്‍ സാധിക്കും എന്നൊരവസ്ഥ ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്നു വിലയിരുത്തുന്നതില്‍ തെറ്റുണ്ടാകില്ല.
പാര്‍ട്ടികളിലും പ്രത്യയശാസ്ത്രങ്ങളിലും തളച്ചിടപ്പെട്ടിരുന്ന സാഹിത്യത്തിലെ രാഷ്ട്രീയ അതിപ്രസരത്തെക്കാള്‍, ഇപ്പോള്‍ എഴുത്തുകാര്‍ സൃഷ്ടി നടത്തുന്നതോടൊപ്പം ജനപക്ഷചിന്തകള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് പ്രതികരിക്കാന്‍ തുടങ്ങിയതോടെ എഴുത്തുകാര്‍ക്ക് ഏറ്റവും സ്വീകാര്യത ലഭിക്കുന്ന ഇടമായി കേരളം മാറിക്കൊണ്ടിരിക്കുന്നു എന്നുപറയാം.