വസന്ത പഞ്ചമി നാളില്‍ നിന്ന് ബജറ്റ് മാറ്റുകയോ?

ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് അവതരിപ്പിക്കണമെന്ന നിര്‍ബന്ധബുദ്ധിക്കുള്ള കാരണം, അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ് പ്രസംഗത്തിലെ ആദ്യ വാചകത്തിലുണ്ട്. ''ഇന്ന് വസന്ത പഞ്ചമിയാണ്. ഈ സവിശേഷ ദിനത്തിലാണ് ഞാന്‍ ബജറ്റ് അവതരിപ്പിക്കുന്നത്''. ഹിന്ദു പുരാണങ്ങളില്‍ വാഗ്‌ദേവതയായി കണക്കാക്കപ്പെടുന്ന സരസ്വതിയുടെ ജന്മദിനമാണ് വസന്ത പഞ്ചമിയായി ആഘോഷിക്കുന്നത്. സര്‍വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ദേവിയാണ് സരസ്വതിയെന്നും വിശ്വാസമുണ്ട്. റെയില്‍ കൂടി ഉള്‍ക്കൊള്ളുന്ന പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ വസന്ത പഞ്ചമി കൂടി കണക്കിലെടുത്തിരുന്നുവെന്ന് ചുരുക്കം. സിറ്റിംഗ് അംഗത്തിന്റെ മരണം മൂലം അതിലൊരു മാറ്റമുണ്ടാകുന്നത് ഹിന്ദുത്വ, മൂലസിദ്ധാന്തമായി അവതരിപ്പിക്കുന്ന സംഘ്പരിവാരത്തിനും അതിന്റെ നേതൃസ്ഥാനം അലങ്കരിക്കുന്ന നരേന്ദ്ര മോദി, അരുണ്‍ ജെയ്റ്റ്‌ലി പ്രഭൃതികള്‍ക്കും സഹിക്കാവതല്ല തന്നെ.
Posted on: February 6, 2017 9:20 am | Last updated: February 6, 2017 at 9:20 am
SHARE

”2017 – 18 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നതിനായി, ബഹുമാനപ്പെട്ട രാഷ്ട്രപതി പ്രത്യേകമായി നിശ്ചയിച്ച സമ്മേളനമാണ് ഇന്നത്തേത്. ബജറ്റ് അവതരിപ്പിക്കുക എന്നത് ഭരണഘടനാ ബാധ്യതയുമാണ്. അസാധാരണമായ സാഹചര്യം കണക്കിലെടുത്ത് ബജറ്റ് അവതരണവുമായി സഭ മുന്നോട്ടുപോകണം. അന്തരിച്ച അംഗത്തോടുള്ള ആദരവ് പ്രകടിപ്പിച്ച് നാളെ (02-02-17) സഭ സമ്മേളിക്കുന്നതല്ല” – ഫെബ്രുവരി ഒന്നിന് ലോക് സഭ സമ്മേളിച്ചയുടന്‍, സിറ്റിംഗ് അംഗമായ ഇ അഹമ്മദിന്റെ മരണ വിവരം അറിയിച്ച് സ്പീക്കര്‍ സുമിത്ര മഹാജന്‍ നടത്തിയ പ്രസ്താവനയില്‍ നിന്നുള്ളതാണ് ഈ ഉദ്ധരണി.
എന്തൊക്കെ സംഭവിച്ചാലും ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിലുള്ള പ്രതിജ്ഞാബദ്ധത, രാഷ്ട്രത്തലവന്റെ നിര്‍ദേശങ്ങളില്‍ നിന്ന് വ്യതിചലിക്കാതിരിക്കാനുള്ള ബദ്ധശ്രദ്ധ ഒക്കെയാണ് ഒറ്റനോട്ടത്തില്‍ ഈ വരികളില്‍ പ്രതിഫലിക്കുക. രാജ്യത്തോട് അത്രക്കധികം സ്‌നേഹമുള്ള സര്‍ക്കാര്‍ അധികാരത്തിലിരിക്കെ, അതിന് ഇവ്വിധമല്ലാതെ പ്രവര്‍ത്തിക്കാനാകുമോ എന്ന ചോദ്യം സ്വാഭാവികമായും മുന്നില്‍ നില്‍ക്കുകയും ചെയ്യും. ലോക്‌സഭാംഗം പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ കുഴഞ്ഞുവീണ് മരിച്ചുവെന്ന കാരണത്താല്‍ 130 കോടിയിലേറെ വരുന്ന ജനങ്ങളോടുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിന് മറക്കാനാകുമോ? ആ ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമയല്ലേ രാഷ്ട്രപതി ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കണമെന്ന് നിഷ്‌കര്‍ഷിച്ച് കുറിമാനം കൊടുത്തയച്ചത്? അത് ലംഘിക്കാവതോ? മരിച്ചുപോയ അംഗത്തോടുള്ള ആദരവ് ഒരു ദിവസം കഴിഞ്ഞ് പ്രകടിപ്പിച്ചാലും പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ലല്ലോ?
രാഷ്ട്രത്തോടുള്ള ഉത്തരവാദിത്തത്താലും കര്‍ത്തവ്യബോധത്താലും തിളങ്ങിനില്‍ക്കുന്ന ഈ ചോദ്യങ്ങള്‍ക്ക് മറുപക്ഷമുണ്ട്. മനുഷ്യത്വവും ജനാധിപത്യബോധവും തൊട്ടുതീണ്ടാത്തവരാണ് ഭരണഘടനാ ബാധ്യതയെക്കുറിച്ചും രാഷ്ട്രപതിയുടെ നിര്‍ദേശങ്ങള്‍ അതേപടി പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രസംഗിക്കുന്നത് എന്നാണ് മറുപക്ഷം ബോധ്യപ്പെടുത്തുന്നത്. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് ബജറ്റ് അവതരിപ്പിച്ച് പാസ്സാക്കുക എന്നതാണ് ഭരണഘടനാ ബാധ്യത. രാഷ്ട്രം സ്വതന്ത്രമായി ഇക്കാലത്തിനിടെ ഒരിക്കല്‍പ്പോലും പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ബജറ്റ് പാസ്സാക്കിയിട്ടില്ല. ആദ്യത്തെ മൂന്ന് മാസത്തേക്കുള്ള ചെലവ് നടത്താന്‍ സര്‍ക്കാറിന് അനുവാദം നല്‍കുന്ന വോട്ട് ഓണ്‍ അക്കൗണ്ട് പാസ്സാക്കുകയുമാണ് പതിവ്. ജൂണ്‍ – ജൂലൈ മാസങ്ങളില്‍ പാര്‍ലിമെന്റ് സമ്മേളിക്കുമ്പോഴാണ് ബജറ്റ് പാസ്സാക്കിയെടുക്കുക. റെയില്‍ കൂടി പൊതുബജറ്റിലുള്‍പ്പെടുത്തി ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാന്‍ തീരുമാനിച്ചത് ഏപ്രില്‍ ഒന്നിന് മുമ്പ് (പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭദിനം) മുഴുവനായി പാസ്സാക്കാനും അതുവഴി തുക നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാനും ലക്ഷ്യമിട്ടാണ്. അത് സാധ്യമാക്കുന്നതിന് ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് അവതരിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല, രണ്ടിനോ മൂന്നിനോ അവതരിപ്പിച്ചാലും മതി. ഭരണഘടനാ ബാധ്യത നിറവേറ്റാന്‍ അത് തടസ്സമാകുന്നതേയില്ല.
പിന്നെയുള്ളത് രാഷ്ട്രത്തലവന്റെ നിര്‍ദേശമാണ്. റെയില്‍ കൂടി ഉള്‍ക്കൊള്ളുന്ന പൊതുബജറ്റ് എന്ന് തീരുമാനിച്ചത് നരേന്ദ്ര മോദി സര്‍ക്കാറാണ്. അത് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ തീരുമാനിച്ചതും സര്‍ക്കാര്‍ തന്നെ. അതിന് പാകത്തില്‍ പാര്‍ലിമെന്റ് സമ്മളനം വിളിച്ചുചേര്‍ക്കാന്‍ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തത് കേന്ദ്ര കാബിനറ്റാണ്. ആ ശിപാര്‍ശ അംഗീകരിച്ച് വിജ്ഞാപനം ഇറക്കുക എന്ന ഉത്തരവാദിത്തമേ രാഷ്ട്രപതിക്കുള്ളൂ. സമ്മേളന കാലയളവില്‍ ഏത് ദിവസം ബജറ്റ് അവതരിപ്പിക്കണം, അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏത് ദിവസങ്ങളില്‍ നടത്തണമെന്നൊക്കെ സഭക്ക് തീരുമാനിക്കാവുന്നതേയുള്ളൂ. അപ്പോള്‍ പിന്നെ ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് അവതരിപ്പിക്കണമെന്ന നിര്‍ബന്ധബുദ്ധിക്ക് മറ്റ് കാരണങ്ങളുണ്ടാകണം.
ആ കാരണം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ് പ്രസംഗത്തിലെ ആദ്യ വാചകത്തിലുണ്ട്. ”ഇന്ന് വസന്ത പഞ്ചമിയാണ്. ഈ സവിശേഷ ദിനത്തിലാണ് ഞാന്‍ ബജറ്റ് അവതരിപ്പിക്കുന്നത്”. ഹിന്ദു പുരാണങ്ങളില്‍ വാഗ്‌ദേവതയായി കണക്കാക്കപ്പെടുന്ന സരസ്വതിയുടെ ജന്മദിനമാണ് വസന്ത പഞ്ചമിയായി ആഘോഷിക്കുന്നത്. സര്‍വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ദേവിയാണ് സരസ്വതിയെന്നും വിശ്വാസമുണ്ട്. റെയില്‍ കൂടി ഉള്‍ക്കൊള്ളുന്ന പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ വസന്ത പഞ്ചമി കൂടി കണക്കിലെടുത്തിരുന്നുവെന്ന് ചുരുക്കം. സിറ്റിംഗ് അംഗത്തിന്റെ മരണം മൂലം അതിലൊരു മാറ്റമുണ്ടാകുന്നത് ഹിന്ദുത്വ, മൂലസിദ്ധാന്തമായി അവതരിപ്പിക്കുന്ന സംഘ്പരിവാരത്തിനും അതിന്റെ നേതൃസ്ഥാനം അലങ്കരിക്കുന്ന നരേന്ദ്ര മോദി, അരുണ്‍ ജെയ്റ്റ്‌ലി പ്രഭൃതികള്‍ക്കും സഹിക്കാവതല്ല തന്നെ. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ ഹിന്ദുത്വ രാഷ്ട്രമാക്കാന്‍ നടക്കുന്ന യത്‌നങ്ങളുടെ വേദിയായി പാര്‍ലിമെന്റ് കൂടി മാറുകയാണെന്ന് ചുരുക്കം.
പാര്‍ലിമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധ ചെയ്യുമ്പോഴാണ് മുസ്‌ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റും ലോക്‌സഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് കുഴഞ്ഞുവീണത്. മരണ വിവരം പുറത്തറിയാതിരിക്കാതെ വസന്ത പഞ്ചമി ദിനത്തില്‍ തന്നെ ബജറ്റ് അവതരിപ്പിക്കാനാണ് ആദ്യം സര്‍ക്കാര്‍ ശ്രമിച്ചത്. രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ രഹസ്യമായി പാര്‍പ്പിച്ചതും മക്കളെയും മറ്റ് ബന്ധുക്കളെയും കാണാന്‍ അനുവദിക്കാതിരുന്നതും അതുകൊണ്ടാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നേരിട്ടെത്തി പ്രതിഷേധിച്ചപ്പോഴും ആശുപത്രി അധികൃതര്‍ വഴങ്ങാതെ നിന്നത്, അത്രമാത്രം വലിയ സമ്മര്‍ദം അവര്‍ക്കുമേലുണ്ടായിരുന്നതുകൊണ്ടു മാത്രമാണ്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മരണ വിവരം പുറത്തായതോടെയാണ് ഭരണഘടനാ ബാധ്യതയും രാഷ്ട്രപതിയുടെ തീരുമാനവും ആയുധമാക്കാന്‍ നിശ്ചയിച്ചത്.
2002 ഫെബ്രുവരി അവസാനവും മാര്‍ച്ച് ആദ്യവുമായി ഗുജറാത്തില്‍ വംശഹത്യാ ശ്രമം അരങ്ങേറുമ്പോള്‍ കെ ആര്‍ നാരായണനായിരുന്നു രാഷ്ട്രപതി. ഭരണകൂടത്തിന്റെ ഒത്താശയോടെ സമാനതകളില്ലാത്ത ക്രൂരതകള്‍ അരങ്ങേറുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന ബി ജെ പി നേതാവ് എ ബി വാജ്‌പേയിക്ക് കെ ആര്‍ നാരായണന്‍ പല കത്തുകള്‍ അയച്ചു. വാജ്പയിയെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു. അക്രമികളെ നേരിടാന്‍ ഗുജറാത്തിലേക്ക് സൈന്യത്തെ നിയോഗിക്കണമെന്നായിരുന്നു ആദ്യത്തെ ആവശ്യം. രാഷ്ട്രപതിയുടെ നിര്‍ദേശത്തെ അണുവിട തെറ്റാതെ അനുസരിക്കാനുള്ള ബാധ്യത അന്ന് വാജ്‌പേയിക്കുണ്ടായിരുന്നില്ല. സൈന്യത്തെ നിയോഗിക്കാനുള്ള തീരുമാനമെടുക്കാന്‍ വൈകി. ഒടുവില്‍ സൈന്യത്തെ അയച്ചപ്പോള്‍ അക്രമികള്‍ക്കെതിരെ വെടിവെക്കാനുള്ള അനുമതി അവര്‍ക്ക് നല്‍കിയതുമില്ല. തന്റെ നിര്‍ദേശം സ്വീകരിച്ച് സമയത്തിന് സൈന്യത്തെ നിയോഗിക്കുകയും അക്രമികളെ നേരിടാനുള്ള ഉചിതമായ അധികാരം സൈന്യത്തിന് നല്‍കുകയും ചെയ്തിരുന്നുവെങ്കില്‍ ഇത്രയും വലിയ കുരുതി ഗുജറാത്തില്‍ നടക്കുമായിരുന്നില്ലെന്ന് പിന്നീട് കെ ആര്‍ നാരായണന്‍ പറഞ്ഞു. വംശഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട നാനാവതി കമ്മീഷന്‍ മുമ്പാകെ ഇത് അറിയിക്കുകയും ചെയ്തു.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്നത് ഭരണകൂടത്തിന്റെ പ്രധാനപ്പെട്ട ഭരണഘടനാ ബാധ്യതയാണ്. അതിന് മടി കാട്ടിയവരാണ് ബജറ്റ് അവതരണത്തിലെ ഭരണഘടനാ ബാധ്യതയെക്കുറിച്ച് ഇപ്പോള്‍ വാചാലരാകുന്നത്. ഭരണഘടനാ ബാധ്യത നിറവേറ്റാന്‍ മടികാട്ടിയ ഭരണകൂടത്തെ അത് ഓര്‍മിപ്പിക്കുകയാണ് അന്ന് രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്‍ ചെയ്തത്. ലോക്‌സഭയില്‍ ഒറ്റക്ക് ഭൂരിപക്ഷമില്ലാതിരുന്ന അക്കാലത്ത്, രാഷ്ട്രപതിയുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കാന്‍ തയ്യാറാകാതിരുന്നവരാണ് ഇപ്പോള്‍ രാഷ്ട്രപതിയുടെ നിശ്ചയത്തെ ലംഘിക്കാവതല്ലല്ലോ എന്ന് വിലപിക്കുന്നത്!
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ കുഴഞ്ഞുവീണത് ഇ അഹമ്മദാണ്. മുസ്‌ലിം ലീഗിന്റെ പ്രതിനിധിയായി ജയിച്ചുവന്നയാള്‍. 26 വര്‍ഷം തുടര്‍ച്ചയായി ലോക് സഭാംഗമാണെന്നതും പത്ത് വര്‍ഷം കേന്ദ്ര മന്ത്രിയായിരുന്നുവെന്നതുമല്ല ഭൂരിപക്ഷ വര്‍ഗീയതയെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കും അതിന്റെ സര്‍ക്കാറിനും പരിഗണനാ വിഷയമാകുക. പാക്കിസ്ഥാനിലേക്ക് പൊയ്‌ക്കൊള്ളൂവെന്ന് സംഘ്പരിവാര നേതാക്കള്‍ പലകുറി പ്രഖ്യാപിക്കുമ്പോള്‍ ലക്ഷ്യമിടുന്ന സമുദായത്തിന്റെ നേതാവാണ് എന്നതാകണം. അത്തരത്തിലൊരാള്‍ക്ക് വേണ്ടി വസന്ത പഞ്ചമി സുദിനത്തിലെ ബജറ്റ് അവതരണം ഒഴിവാക്കിയാല്‍ ഹിന്ദുത്വ അജന്‍ഡയോട് എന്ത് പ്രതിബദ്ധതയാണ് തങ്ങള്‍ക്കുള്ളത് എന്ന് സ്വയം ചോദിച്ചിട്ടുണ്ടാകണം അവര്‍.
ബജറ്റ് അവതരിപ്പിച്ച് കഴിയും വരെ മരണവിവരം പുറത്തുവിടാതിരിക്കുക എന്ന ‘സൗമനസ്യ’മാണ് ആദ്യമുണ്ടായത്. അതിന് നിര്‍ദേശം നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ സഹമന്ത്രിയായ ഡോ. ജിതേന്ദ്ര സിംഗ് ആശുപത്രിയിലെത്തിയെങ്കില്‍ അത് ജിതേന്ദ്ര സിംഗിന്റെ മാത്രം തീരുമാനമാകാന്‍ ഇടയില്ല. കാറിനടിയില്‍ പട്ടിക്കുഞ്ഞ് പെട്ടാല്‍ കാറില്‍ യാത്രചെയ്യുന്നയാള്‍ എന്തുപിഴച്ചുവെന്ന്, ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ചോദിച്ച വ്യക്തി പ്രധാനമന്ത്രി സ്ഥാനത്തിരിക്കെ, മനുഷ്യ ജീവന് വിലയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതാണ് അബദ്ധം. അങ്ങനെ വിലവെക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ഭരണകൂടം പരസ്യമായി പ്രഖ്യാപിക്കുകയും അതിന് ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലിമെന്റിനെ വേദിയാക്കിയെന്നതും മാത്രമേ പുതുമയായുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here