Connect with us

Kerala

അഭയാര്‍ഥികളോടുള്ള ക്രൂരത മനുഷ്യത്വരഹിതം: കാന്തപുരം

Published

|

Last Updated

കുറ്റിയാടി: മനുഷ്യത്വത്തിനും ധര്‍മത്തിനുമെതിരെയുള്ള യുദ്ധമാണ് ഇന്ന് ആഗോളതലത്തില്‍ നടക്കുന്നതെന്ന് അഖിലേന്ത്യാ സുന്നീജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. വംശീയ വിരോധം പച്ചയായി പ്രകടിപ്പിച്ച് അഭയാര്‍ഥികളോട് പോലും ക്രൂരത കാട്ടുന്ന ഭരണക്രമത്തില്‍ ലോകത്തിന് എന്ത് നീതിയാണ് പ്രതീക്ഷിക്കാന്‍ കഴിയുകയെന്ന് കാന്തപുരം ചോദിച്ചു.
കുറ്റിയാടി സിറാജുല്‍ഹുദ സില്‍വര്‍ജൂബിലി സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അശരണര്‍ക്ക് മുന്നില്‍ വാതില്‍ തുറക്കുന്നതാണ് മനുഷ്യത്വപരമായ സമീപനം. ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിലൂടെ വിഭാഗീയതയുടെയും വര്‍ഗീയതയുടെയും സന്ദേശമല്ലാതെ മറ്റെന്താണ് അമേരിക്കന്‍ പ്രസിഡന്റ് ലോകത്തിന് നല്‍കുന്നത്? ആറ് വര്‍ഷമായി യുദ്ധം തുടരുന്ന സിറിയയിലെ നിരപരാധികളായ കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും യുദ്ധപീഡനവും ഭീകരതയുംമൂലം പലായനം ചെയ്യുമ്പോള്‍ അവര്‍ക്ക് മുമ്പില്‍ വാതിലുകള്‍ കൊട്ടിയടക്കുന്നത് ഏത് നീതിശാസ്ത്രത്തിന്റെ പേരിലാണ്. ട്രംപിനെ പോലെയുള്ള അഹങ്കാരികള്‍ക്ക് മാത്രമെ ഇതിനെ ന്യായീകരിക്കാന്‍ കഴിയൂ.
ഇസ്‌ലാമിന്റെ യഥാര്‍ഥ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാതെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പരിശുദ്ധ ഇസ്‌ലാമിനെ മറയാക്കിയ ഒരു ന്യൂനപക്ഷത്തിന്റെ ചെയ്തികള്‍ക്ക് ഈ നിരപരാധികളെയാണോ ശിക്ഷിക്കേണ്ടത്. ഈ രാജ്യങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് നയിച്ചതില്‍ വന്‍ ശക്തികളുടെ പങ്ക് നിഷേധിക്കാന്‍ കഴിയുമോ? വ്രണിതഹൃദയരായ അഭയാര്‍ഥികളെ സാന്ത്വനപ്പെടുത്താനുള്ള ശ്രമങ്ങളാണ് മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടത്. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പാവങ്ങളോട് കനിവു കാട്ടാനുമാണ് പരിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നത്.
നമ്മുടെ നന്മയും സ്‌നേഹവായ്പും നീതിബോധവും നഷ്ടപ്പെട്ടികൊണ്ടിരിക്കുന്നതില്‍ അങ്ങേയറ്റം വേദനയുണ്ട്.
കഴിഞ്ഞ ദിവസം നമ്മുടെ പാര്‍ലിമെന്റും രാജ്യസഭയും ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ പോലും ഞെട്ടല്‍ ഉളവാക്കുന്നവയാണ്. അമ്പത് വര്‍ഷം ഈ രാജ്യത്തെ രാഷ്ട്രീയ പ്രക്രിയകളില്‍ വലിയ പങ്ക് വഹിച്ച ഇ അഹ്മദിന്റെ മരണസമയത്ത് പോലും ബന്ധപ്പെട്ടവര്‍ നീതികേട് കാണിച്ചുവെന്ന് അദ്ദേഹത്തിന്റെ മക്കളും സമൂഹവും പറയുമ്പോള്‍ നാം എവിടെയാണ് എത്തിനില്‍ക്കുന്നത്. നമ്മുടെ സങ്കുചിത താത്പപര്യങ്ങള്‍ക്ക് വേണ്ടി മനുഷ്യമനസ്സുകളെ പരസ്പരം അകറ്റരുത്. എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ സവിശേഷത. ഇത് ആരും മറന്നുകളയരുത്.
മുസ്‌ലിം ജനവിഭാഗത്തെ രണ്ടാംതരം പൗരന്മാരായി കാണുന്ന ഒരു സമൂഹം ലോകത്ത് വളര്‍ന്ന് വരികയാണ്. ഇതിലൂടെ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാമെന്നാണ് സ്വപ്നമെങ്കില്‍ അത് സാക്ഷാത്കരിക്കപ്പെടില്ല.
ഏതെങ്കിലും ചെറിയ വിഭാഗം ചെയ്യുന്ന തെറ്റുകളുടെ പേരില്‍ ഒരു സമുദായത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് യുക്തിയല്ല. എല്ലാമതങ്ങളിലും തെറ്റുകാരുണ്ടാകും. അത് ആ മതത്തിന്റെ പേരില്‍ ചേര്‍ക്കുന്നത് ശരിയല്ല- കാന്തപുരം പറഞ്ഞു.