Connect with us

Gulf

കുവൈത്ത് മന്ത്രിസഭ രാജിവെച്ചേക്കും

Published

|

Last Updated

കുവൈത്ത് സിറ്റി: കായികമന്ത്രി ശൈഖ് സല്‍മാന്‍ അല്‍ ഹമൂദിനെതിരെയുള്ള കുറ്റവിചാരണാ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അടുത്ത ആഴ്ചയോടെ രാജി നല്‍കിയേക്കുമെന്ന് സൂചന. മന്ത്രിതല വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായി പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുറ്റവിചാരണാ പ്രമേയം ചര്‍ച്ചക്കെടുക്കുന്ന ഫെബ്രുവരി എട്ടിന് വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ വിജയിക്കാന്‍ സാധ്യതയില്ലെന്നു ബോധ്യപ്പെട്ടാല്‍ രാജിവെക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

കുറ്റവിചാരണയുടെ ഘട്ടത്തിലും വോട്ടെടുപ്പിലും മന്ത്രിക്കനുകൂലമായി അവസാനംവരെ പ്രതിരോധം തീര്‍ക്കുമെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് രാജി സൂചനയും ഉണ്ടായിരിക്കുന്നത്. ശൈഖ് സല്‍മാന്‍ ഹമൂദിന്റെ വിഷയത്തില്‍ ഇതുവരെ മറ്റു പുരോഗതിയൊന്നും ഉണ്ടാവാത്ത സാഹചര്യത്തില്‍ രാജി സമര്‍പ്പിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ലമെന്റ് അംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരുകയാണ്. എന്നാല്‍, ഇക്കാര്യത്തില്‍ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് വിവരം.

മന്ത്രിസഭാംഗങ്ങള്‍ക്കെതിരെ കുറ്റവിചാരണാ പ്രമേയം കൊണ്ടുവരാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള അവകാശം ഭരണഘടനാ പ്രകാരമുള്ളതാണ്.
അന്താരാഷ്ട്ര കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് കുവൈത്തിനേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന ആരോപണമുന്നയിച്ചാണ് ശൈഖ് സല്‍മാന്‍ ഹമൂദിനെതിരെ എംപിമാര്‍ കുറ്റവിചാരണക്ക് നോട്ടീസ് നല്‍കിയത്. കുറ്റവിചാരണ അവസാനം വിശ്വാസവോട്ടെടുപ്പിലേക്ക് വഴിമാറുമ്പോള്‍ പരാജയപ്പെടുമെന്ന ഘട്ടത്തില്‍ മന്ത്രിമാരോ മന്ത്രിസഭയോ രാജിവെച്ച സംഭവം രാജ്യത്ത് മുമ്പും ഉണ്ടായിട്ടുണ്ട്.

നവംബര്‍ 26നാണ് കുവൈത്തില്‍ 15ാം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. സര്‍ക്കാര്‍ രാജിവെക്കുകയാണെങ്കില്‍ സര്‍ക്കാര്‍ നിലവില്‍വന്ന് മാസങ്ങള്‍ക്കകം പുതിയ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന സ്ഥിതിയാണ് സംജാതമാവുക. എന്നാല്‍ പുതിയ തെരഞ്ഞെടുപ്പ് നടത്താതെ തന്നെ, വീണ്ടും മന്ത്രിസഭ രൂപീകരിക്കാന്‍ പ്രധാനമന്ത്രിയോട് അമീര്‍ നിര്‍ദ്ദേശിക്കുന്ന കീഴ്‌വഴക്കവും ഉണ്ട് .