Connect with us

International

ട്രംപിനെ കടന്നാക്രമിച്ച് ജര്‍മന്‍ മാഗസിന്റെ മുഖചിത്രം

Published

|

Last Updated

ബെര്‍ലിന്‍: സ്വാതന്ത്യ പ്രതിമ (സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി)യുടെ തലയറുത്ത നിലയില്‍ നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം മുഖചിത്രമാക്കി പ്രമുഖ ജര്‍മന്‍ മാഗസിന്‍. ദേര്‍ സ്പീഗല്‍ മാഗസിന്റെ ഈ മുഖചിത്രം രാജ്യത്തിനകത്തും പുറത്തും വലിയ ചര്‍ച്ചയായിരിക്കുകയാണ്. സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ തലയുമായി നില്‍ക്കുന്ന ട്രംപിന്റെ കാര്‍ട്ടൂണ്‍ ആണ് മുഖചിത്ര കാഴ്ച. ചോരയിറ്റുന്ന കത്തിയുമുണ്ട് കൈയില്‍. പശ്ചാത്തലത്തില്‍ “അമേരിക്ക ഫസ്റ്റ്” എന്നും എഴുതിയിരിക്കുന്നു. ട്രംപിന്റെ പ്രവൃത്തികള്‍ ജനാധിപത്യ ധ്വംസനമായതിനാലാണ് ഇത്തരമൊരു മുഖചിത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് കവര്‍ ഡിസൈന്‍ ചെയ്ത ഏദല്‍ റോഡ്രിഗസ് പറഞ്ഞു. 1980കളില്‍ ക്യൂബയില്‍ നിന്ന് രാഷ്ട്രീയ അഭയാര്‍ഥിയായി അമേരിക്കയില്‍ എത്തിയ ആളാണ് റോഡ്രിഗസ്.
മുഖചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദഗതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്നുണ്ട്. മുഖചിത്രം അരോചകമാണെന്ന് യൂറോപ്യന്‍ പാര്‍ലിമെന്റ് വൈസ് പ്രസിഡന്റും ജര്‍മനിയിലെ ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവുമായ അലക്‌സാണ്ടര്‍ ഗ്രാഫ് പറഞ്ഞു. ജര്‍മനിയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നതിന്റെ സൂചനയാണ് കാര്‍ട്ടൂണെന്ന് ചിലര്‍ പ്രതികരിച്ചു. ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചലാ മെര്‍ക്കലിനെ സവിശേഷമായ പങ്കാളിയെന്നായിരുന്നു മുന്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ട്രംപ് വന്നയുടന്‍ തന്നെ അവരുടെ അഭയാര്‍ഥി നയത്തെ ആക്രമിക്കുകയായിരുന്നു. “ദുരന്തപൂര്‍ണമായ പിഴവ്” എന്നായിരുന്നു മെര്‍ക്കലിന്റെ നയത്തെ ട്രംപ് വിശേഷിപ്പിച്ചത്.
അതിനിടെ, സ്പീഗല്‍ മുഖചിത്രത്തെ കുറിച്ച് പ്രതികരിക്കാന്‍ ബര്‍ലിനിലെ യു എസ് എംബസി തയ്യാറായില്ല.

Latest