ആഴ്‌സനലിനെ വീഴ്ത്തി ചെല്‍സിയുടെ തേരോട്ടം

Posted on: February 5, 2017 10:36 am | Last updated: February 5, 2017 at 10:36 am

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടപ്പോരില്‍ നേരിയ ഭീഷണിയുമായി പിറകിലുണ്ടായിരുന്ന ആഴ്‌സണലിനെ തകര്‍ത്തെറിഞ്ഞ് ചെല്‍സിയുടെ പടയോട്ടം. ഹോംഗ്രൗണ്ടില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു അന്റോണിയോ കോന്റെയുടെ നീലപ്പട ഗംഭീര ജയം സ്വന്തമാക്കിയത്. ഇതോടെ, ചെല്‍സി പ്രീമിയര്‍ ലീഗ് കിരീടത്തിലേക്കുള്ള ദൂരം കുറച്ചു.
24 മത്സരങ്ങളില്‍ 59 പോയിന്റെടുത്ത ചെല്‍സി രണ്ടാം സ്ഥാനത്തുള്ള ടോട്ടനം ഹോസ്പറിനേക്കാള്‍ പതിനൊന്ന് പോയിന്റ് മുകളിലാണ്. 47 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ആഴ്‌സണല്‍ പന്ത്രണ്ട് പോയിന്റ് പിറകിലായി.
ഹള്‍ സിറ്റിയുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ന്നു പോയ ലിവര്‍പൂളും കിരീടപ്പോരില്‍ പിറകിലായി. 24 മത്സരങ്ങളില്‍ 46 പോയിന്റുമായി ലിവര്‍പൂള്‍ നാലാം സ്ഥാനത്താണ്. ഒരു മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക് അടുത്ത കളി ജയിച്ചാല്‍ 49 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറാം.
ലീഗിലെ രണ്ട് വന്‍മരങ്ങളുടെ പോരാട്ടം എന്ന നിലക്ക് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു സ്റ്റാംഫോഡ്ബ്രിഡ്ജിലെ മത്സരം. പതിമൂന്നാം മിനുട്ടില്‍ അലോന്‍സോയിലൂടെ ചെല്‍സി ലീഡെടുത്തപ്പോള്‍ ഗതി നിര്‍ണയിക്കപ്പെട്ടു. നീലപ്പട തകര്‍ത്താടുകയായിരുന്നു. അമ്പത്തിമൂന്നാം മിനുട്ടില്‍ എദെന്‍ ഹസാദിന്റെ മാജിക് ഗോളില്‍ ഗണ്ണേഴ്‌സിന്റെ ആത്മവീര്യം പാടെ ചോര്‍ന്നു പോയി. എണ്‍പത്തഞ്ചാം മിനുട്ടില്‍ ഫാബ്രിഗസ് നേടിയ മൂന്നാം ഗോള്‍ ആഴ്‌സണല്‍ ആരാധകര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. ആഴ്‌സണലിന്റെ മുന്‍ താരമാണ് ഫാബ്രിഗാസ്. പതിവ് പോലെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദ് ഇഞ്ചുറി ടൈമില്‍ ആഴ്‌സണലിനായി ആശ്വാസ ഗോള്‍ നേടി.
മത്സരശേഷം ചില ആഴ്‌സണല്‍ താരങ്ങള്‍ കാണികള്‍ക്ക് മുഖം നല്‍കാതെ നിരാശരായി മടങ്ങിയത് ആഴ്‌സണല്‍ മിഡ്ഫീല്‍ഡര്‍ മെസുറ്റ് ഒസിലിനെ ചൊടിപ്പിച്ചു. അലക്‌സിസും മോണ്‍റിയലുമായി ഒസില്‍ തര്‍ക്കിക്കുയും ചെയ്തു.
ആദ്യ ഗോള്‍ ആഴ്‌സണല്‍ പ്രതിരോധത്തിലെ പിഴവില്‍ നിന്നായിരുന്നു. ഡിയഗോ കോസ്റ്റയുടെ ഹെഡര്‍ ബാറില്‍ തട്ടിത്തിരിച്ചപ്പോള്‍ അത് ക്ലിയര്‍ ചെയ്യാന്‍ ഡിഫന്‍ഡര്‍മാരില്ലാതായി. മാര്‍കോസ് അലോണ്‍സോ പന്ത് റാഞ്ചി വലയിലാക്കി. ഹെക്ടര്‍ ബെല്ലെറിന്റെ മുഖത്തിടിച്ചാണ് അലോണ്‍സോ പന്തെടുത്തത്.
ബെല്ലെറിനുണ്ടായ പരുക്കിനെ തുടര്‍ന്ന് ആഴ്‌സണല്‍ താരങ്ങള്‍ പ്രശ്‌നമുണ്ടാക്കി. റഫറി മാര്‍ട്ടിന്‍ അറ്റ്കിന്‍സന്‍ ഇത് പക്ഷേ മുഖവിലക്കെടുത്തില്ല. ആഴ്‌സണല്‍ ഗോളി പീറ്റര്‍ ചെക്കിനെ കീഴടക്കിയ ഹസാദിന്റെ ഗോള്‍ പ്രീമിയര്‍ ലീഗിലെ മികച്ചതായി. ഫാബ്രിഗസ് ഗോള്‍ നേടുന്നത് ചെക്കിന്റെ പിഴവില്‍ നിന്നാണ്.
ഹള്‍ സിറ്റിയുടെ ജയം ഇരുപകുതികളിലുമായിട്ടായിരുന്നു. നാല്‍പ്പത്തിനാലാം മിനുട്ടില്‍ എന്‍ദിയെ ആദ്യ ഗോള്‍ നേടി. എണ്‍പത്തിനാലാം മിനുട്ടില്‍ നിയാസെയിലൂടെ രണ്ടാം ഗോള്‍.
തിരിച്ചടിക്കാനുള്ള ലിവര്‍പൂളിന്റെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. എഴുപത്തിരണ്ട് ശതമാനം ബോള്‍ പൊസഷന്‍ സൂക്ഷിച്ചിട്ടും ലിവര്‍പൂളിന് ഗോളടിക്കാനായില്ലെന്നത് ക്ലബ്ബ് മാനേജ്‌മെന്റിനെ ഇരുത്തിച്ചിന്തിപ്പിക്കും.