നഷ്ടമാകുന്ന മനുഷ്യത്വം

Posted on: February 5, 2017 10:27 am | Last updated: February 5, 2017 at 10:27 am

അല്‍പ്പമെങ്കിലും മനഃസാക്ഷിയുള്ളവരില്‍ നടുക്കമുളവാക്കുന്ന സംഭവമാണ് രണ്ട് ദിസങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയിലെ കൊപ്പലില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഹൊസപ്പെട്ടയില്‍ നിന്ന് ഹുബ്ബള്ളിയിലേക്ക് സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന അന്‍വര്‍ അലി എന്ന പതിനെട്ടുകാരന്‍ ബസിടിച്ചു രക്തത്തില്‍ കുളിച്ചു റോഡില്‍ കിടന്നു പിടയുകയാണ്. വാഹനം ശരീരത്തിലൂടെ കയറിയിറങ്ങിയ ആ യുവാവിന്റെ വലതു കാലിനാണ് ഗുരുതരമായ പരുക്കേറ്റത്. യഥാസമയം ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു. വാഹനങ്ങളിലായും അല്ലാതെയും അതുവഴി നിരവധി പേര്‍ കടന്നു പോയി. ആരും ആ ഹതഭാഗ്യനെ ആശുപത്രിയിലെത്തിക്കാനുള്ള മാനുഷിക ബോധം കാണിച്ചില്ലെന്ന് മാത്രമല്ല, പലരും ഈ ദാരുണദൃശ്യം മൊബൈലില്‍ പകര്‍ത്തി ഫോര്‍വേഡ് ചെയ്യാനുള്ള വ്യഗ്രതയിലായിരുന്നു. അര മണിക്കൂറോളമാണ് അന്‍വര്‍ അലി റോഡില്‍ കിടന്നു പിടഞ്ഞത്. സഹായത്തിനായി ആ യുവാവ് കെഞ്ചിയിട്ടും ഒരാള്‍ പോലും രക്ഷാപ്രവര്‍ത്തനത്തിന് മുതിര്‍ന്നില്ല.
കര്‍ണാടകയില്‍ ജീപ്പ് ബസുമായി കൂട്ടിയിടിച്ചു ജീപ്പിനകത്തുണ്ടായിരുന്ന മഹേഷ് കുമാര്‍ എന്ന പോലീസുകാരന്‍ തലക്ക് മാരകമായ പരുക്കേറ്റു സഹായത്തിനായി അഭ്യര്‍ഥിച്ചപ്പോള്‍, രക്ഷാപ്രവര്‍ത്തനത്തിന് മുതിരാതെ ചുറ്റും കൂടിയവര്‍ ഫോട്ടോ എടുക്കാന്‍ തിരക്കു കൂട്ടിയത് ഒരാഴ്ച മുമ്പായിരുന്നു. ഒരു മാസം മുമ്പാണ് തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്ത് ട്രാഫിക് പോലീസുകാരന്റെയും വഴിയാത്രക്കാരന്റെയും മുമ്പില്‍ കരുനാഗപ്പള്ളി തൊടിയൂര്‍ കല്ലേലി സ്വദേശി രാജീവ് ഗോപാല കൃഷ്ണന്‍ കുഴഞ്ഞു വീണത്. വിമുക്ത ഭടനായിരുന്ന അദ്ദേഹം വിദേശത്ത് പോകാനായി മെഡിക്കല്‍ ടെസ്റ്റ് കഴിഞ്ഞു മടങ്ങവെയാണ് ബോധരഹിതനായി വീണത്. ഒരു മണിക്കൂറോളം രാജീവ് റോഡില്‍ കിടന്നു. പിന്നീട് ചില നല്ല മനസ്സിന്റെ ഉടമകള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും താമസിയാതെ അദ്ദേഹം മരിച്ചു.
അനാരോഗ്യകരമായ ഫോട്ടോ ഭ്രമവും ആര്‍ദ്രതയില്ലായ്മയും എത്രയെത്ര മനുഷ്യ ജീവനുകളാണ് നഷ്ടമാക്കുന്നത്. വാഹനാപകടങ്ങളിലോ ദുരന്തങ്ങളിലോ അകപ്പെട്ട് പിടഞ്ഞു മരിക്കുന്നവരെ കാണുമ്പോള്‍ കഴിയും വിധത്തില്‍ അവരെ രക്ഷപ്പെടുത്തുന്നതിന് പകരം അത്തരം രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് ഫോര്‍വേഡ് ചെയ്യാനുള്ള വ്യഗ്രതയാണ് ഇന്ന് പൊതുവേ കണ്ടു വരുന്നത്. ഇതിനിടയില്‍ അപകടത്തില്‍ പെട്ടവരുടെ ജീവന്‍ നഷ്ടപ്പെടുന്നു. അപകടത്തില്‍ അകപ്പെട്ടവര്‍ക്ക് അവരുടെ ഓരോ നിമിഷവും നിര്‍ണായകമാണ്. സംഭവം നടന്നയുടനെ വൈദ്യ സഹായം ലഭ്യമാക്കിയാല്‍ മിക്ക പേരെയും രക്ഷപ്പെടുത്താം. കാരുണ്യത്തിന്റെ ഉറവ വറ്റിയ പുതിയ തലമുറ പക്ഷേ, സാമൂഹികമായ കടമകളില്‍ വിമുഖരാണ്. മനുഷ്യ ഹൃദയങ്ങള്‍ക്ക് ആര്‍ദ്രത തീരെ നഷ്ടമാവുകയാണ്. അപകടം സംഭവിക്കുമ്പോള്‍ സ്ഥലത്തുള്ളവരും അതുവഴി കടന്നു പോകുന്നവരും കാണാത്ത ഭാവത്തില്‍ സ്ഥലം വിടുകയോ, രംഗം മൊബൈലില്‍ പകര്‍ത്തി വാട്‌സാപ്പിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു സായൂജ്യമടയുകയോ അല്ലാതെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കുന്നതിനോ, ചുരുങ്ങിയ പക്ഷം അടുത്ത പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുന്നതിനോ ഉള്ള സന്മനസ്സ് കാണിക്കുന്നില്ല. അപകടം നടന്ന വഴിയേ കടന്നു വരുന്ന മറ്റു വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാല്‍ പലരും വന്നതിനേക്കാള്‍ വേഗത്തില്‍ വണ്ടിയെടുത്തുസ്ഥലം വിടുകയാണ് പതിവ്. സ്വന്തത്തോടും കുടുബത്തോടുമല്ലാതെ സമൂഹത്തോട് ആര്‍ക്കും പ്രതിബദ്ധതയില്ല. അപകടം ആര്‍ക്കും എപ്പോഴും സംഭവിക്കാമെന്ന കാര്യം നാമെല്ലാം വിസ്മരിക്കുന്നു. നമുക്കോ നമ്മുടെ സ്വന്തക്കാര്‍ക്കോ അപകടങ്ങളോ ദുരന്തങ്ങളോ ഏല്‍ക്കുമ്പോഴാണ് രക്ഷാ പ്രവര്‍ത്തനത്തിന്റെ വിലയും ആവശ്യകതയും പലര്‍ക്കും ബോധ്യപ്പെടുന്നത്. ഓരോരുത്തര്‍ക്കും ആവശ്യമുള്ളതും പരസ്പരം നല്‍കേണ്ടതുമായ അടിസ്ഥാനപരമായ മാനുഷിക ഗുണമാണ് കാരുണ്യം. അതുണ്ടാകുമ്പോള്‍ മാത്രമാണ് സഹജീവിയെ സഹായിക്കാനുള്ള ബോധമുണരുന്നത്. എന്നാല്‍ അയല്‍ക്കാരന്റെ വിഷമങ്ങളും പ്രയാസങ്ങളും അറിയാതെ മതില്‍ കെട്ടുകള്‍ക്കകത്ത് സുഖജീവിതം നയിക്കുന്ന ഇന്നത്തെ ചുറ്റുപാടില്‍ കാരുണ്യത്തിന്റെ നനവ് അവശേഷിക്കുന്നവര്‍ വിരളമായിക്കൊണ്ടിരിക്കുകയാണ്.
കരുണയില്ലാത്ത മനുഷ്യര്‍ പിശാചിന് തുല്യമാണ്. അപരന്റെ വേദന തന്റേതായി അനുഭവിക്കുന്ന മനസ്സാകട്ടേ പാരാവാരസമാനം വിശാലമാണ്. പ്രയാസഘട്ടങ്ങളിലും ദുരിതങ്ങളില്‍ അകപ്പെടുമ്പോഴും സഹജീവികളെ സഹായിക്കാന്‍ എത്തുമ്പോഴാണ് കരുണയുടെ ഹൃദയം നമ്മില്‍ തുടിക്കുന്നത്. അത് നമ്മുടെ സ്വഭാവത്തില്‍ നാം അറിയാതെ ഗുണകരമായ മാറ്റങ്ങള്‍ വരുത്തുന്നു. പരിചയക്കാരോ അല്ലാത്തവരോ ആകട്ടെ, അപകടത്തില്‍ പെട്ട ഒരു സഹജീവിയെ കണ്ടാല്‍ ആവശ്യമായ സഹായം നല്‍കാനും ഒട്ടും സമയം കളയാതെ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കാനുമുള്ള സന്നദ്ധത സമൂഹത്തിലെ ഓരോരുത്തര്‍ക്കുമുണ്ടാകണം. അതു മറ്റുള്ളവര്‍ നിര്‍വഹിച്ചു കൊള്ളുമെന്ന് കരുതിയോ അതില്‍ തനിക്കെന്ത് കാര്യമെന്ന ഭാവത്തിലോ തിരിഞ്ഞു കളയുന്നത് മനുഷ്യത്വമല്ല.