മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ്: ചര്‍ച്ചകള്‍ സജീവമാകുന്നു

Posted on: February 5, 2017 10:24 am | Last updated: February 5, 2017 at 10:24 am

മലപ്പുറം: ഇ അഹ്മദ് എം പിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാകുന്നു. മുസ്‌ലിം ലീഗ് നേതൃത്വം ഔദ്യോഗികമായി ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ലെങ്കിലും അഹ്മദിന് പിന്‍ഗാമിയായി വിവിധ പേരുകള്‍ ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. ആഗ്രഹം പുറത്തു പറഞ്ഞില്ലെങ്കിലും മലപ്പുറം മണ്ഡലത്തില്‍ ജനവിധി തേടാന്‍ ആഗ്രഹിക്കുന്ന നിരവധി നേതാക്കള്‍ ലീഗിലുണ്ട്. പി കെ കുഞ്ഞാലിക്കുട്ടി മുതല്‍ സിറാജ് ഇബ്‌റാഹിം സേട്ട്, യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അടക്കമുള്ളവരെ സ്ഥാനാര്‍ഥിയായി പരിഗണിച്ചേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. മുന്‍ രാജ്യസഭാംഗം കൂടിയായ അബ്ദുസമദ് സമദാനി, മുന്‍ എം എല്‍ എയും മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ കെ എന്‍ എ ഖാദര്‍ എന്നിവരും പട്ടികയിലുണ്ട്.
കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ദേശീയതലത്തിലേക്ക് വന്നാല്‍ പാര്‍ട്ടിക്ക് കൂടുതല്‍ ഗുണകരമാകുമെന്നാണ് കരുതുന്നത്. ഇതുകൊണ്ട് തന്നെ അദ്ദേഹം അടുത്ത ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം മുസ്‌ലിം ലീഗിലുണ്ട്. മുസ്‌ലിം ലീഗ് ദേശീയ ട്രഷററാണ് നിലവില്‍ പി കെ കുഞ്ഞാലിക്കുട്ടി. അദ്ദേഹം മത്സരക്കുകയാണെങ്കില്‍ ഇ അഹ്മദിന് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ട്. 1,94,731 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇ അഹ്മദിന് ലഭിച്ചത്. ഇത് റെക്കോര്‍ഡ് ഭൂരിപക്ഷവുമായിരുന്നു.
ഇബ്‌റാഹിം സുലൈമാന്‍ സേട്ടിന്റെ മകന്‍ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി കൂടിയായ സിറാജ് ഇബ്‌റാഹിം സേട്ടിന്റെ പേരും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ രാജ്യസഭയില്‍ മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ചിരുന്ന അബ്ദുസമദ് സമദാനിയുടെ പരിചയസമ്പത്താണ് അദ്ദേഹത്തിന് അനൂകൂലമാകുക. എന്നാല്‍ അദ്ദേഹത്തെ മത്സരിപ്പിക്കുന്നതിനോട് പാര്‍ട്ടിയില്‍ വിയോജിപ്പുള്ളവര്‍ ഏറെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമദാനിയെ മത്സരിപ്പിക്കുന്നതിനുള്ള പ്രധാന തടസ്സവും ഇതു തന്നെയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും സ്വീകാര്യനല്ലാത്തതിനാല്‍ ഇദ്ദേഹത്തിന് അവസരം നല്‍കുമോ എന്ന കാര്യം സംശയമാണ്. കെ എന്‍ എ ഖാദറും ഈ ഒരു പ്രശ്‌നം നേരിടുന്നുണ്ട്. കെ പി എ മജീദിനെ പരിഗണിച്ചാല്‍ ലോക്‌സഭയില്‍ അദ്ദേഹത്തിന് വേണ്ടത്ര തിളങ്ങാനാകില്ലെന്ന ആശങ്കയാണുള്ളത്. യുവനിരയില്‍ നിന്നുള്ള ഒരാളെ പരിഗണിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉള്ളതിനാല്‍ ഇക്കാര്യവും മുസ്‌ലിം ലീഗ് നേതൃത്വം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസിനാണ് സാധ്യത കൂടുതലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വി അബ്ദുര്‍റഹ്മാനോട് പരാജയപ്പെട്ട അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിയാണ് ചര്‍ച്ച ചെയ്യപ്പെടുന്നവരില്‍ മറ്റൊരാള്‍. എന്നാല്‍ പി കെ ഫിറോസിനെ പരിഗണിക്കുകയാണെങ്കില്‍ രണ്ടത്താണിക്ക് അവസരം നഷ്ടമാകുകയും ചെയ്യും.
എന്നാല്‍, ഇടതുപക്ഷത്താകട്ടെ ഇത്തരത്തിലുള്ള ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ തവണ സി പി എമ്മിലെ പി കെ സൈനബയായിരുന്നു ഇ അഹ്മദിനെതിരെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ചത്.
അതേസമയം പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന്‍ മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. കഴിഞ്ഞ ദിവസം പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തില്‍ അദ്ദേഹത്തിന് താത്കാലിക ചുമതല നല്‍കിയിരുന്നു. നിലവില്‍ ജനറല്‍ സെക്രട്ടറിയാണ് ഖാദര്‍ മൊയ്തീന്‍. ഈ സ്ഥാനത്തേക്ക് ഇ ടി മുഹമ്മദ് ബശീറിനെയാകും പരിഗണിക്കുക. കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥിയായാല്‍ സെക്രട്ടറിമാരില്‍ ഒരാളായ ഡല്‍ഹിയില്‍ നിന്നുള്ള ഖുറം ഹനീഫിനെയും പരിഗണിക്കും. ഈമാസം 25ന് നടക്കുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനമുണ്ടാകും.