Connect with us

National

ശശികല തമിഴ്‌നാട് മുഖ്യമന്ത്രി; പനീര്‍ശെല്‍വം രാജിവെച്ചു

Published

|

Last Updated

ചെന്നൈ: എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകും. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എം എല്‍ എമാരുടെ യോഗത്തില്‍ ശശികലയെ നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഖ്യമന്ത്രിയായ ഒ പനീര്‍ശെല്‍വമാണ് ശശികലയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. പനീര്‍ശെല്‍വം രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചു.
ജയലളിതയുടെ തോഴിയായി മൂന്ന് പതിറ്റാണ്ടോളം നിന്ന ശശികലയെന്ന ചിന്നമ്മ ജയലളിതയുടെ മരണത്തിനു ശേഷമാണ് എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുന്നതും. എം എല്‍ എമാരുടെ യോഗത്തില്‍ ശശികല അധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രിയായി അധികാരമേറ്റ് ആറ് മാസത്തിനകം ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണം. പാര്‍ട്ടി ആസ്ഥാനത്തെത്തി നേതാക്കളെയും പ്രവര്‍ത്തകരെയും ശശികല അഭിവാദ്യം ചെയ്തു. ജയലളിതയുടെ പാത സര്‍ക്കാര്‍ പിന്തുടരുമെന്ന് ശശികല പറഞ്ഞു. മുഖ്യമന്ത്രിയാകുന്നതോടെ പാര്‍ട്ടിയിലും ഭരണത്തിലും ഒരേസമയം ആധിപത്യമുറപ്പിക്കുകയാണ് ശശികല. ജയലളിതക്കു പിന്നാലെ പാര്‍ട്ടി, ഭരണ തലപ്പത്ത് ഒരാള്‍ തന്നെയായിരിക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായ എം തമ്പിദുരൈയാണ് ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നതില്‍ മുന്നിലുണ്ടായിരുന്നത്.
എം എല്‍ എമാരുടെ യോഗത്തിനു മുമ്പ് പനീര്‍ശെല്‍വവും മന്ത്രിമാരും പോയസ് ഗാര്‍ഡനിലെത്തി ശശികലയെ സന്ദര്‍ശിച്ചിരുന്നു. മുന്‍ മന്ത്രിമാര്‍, മുന്‍ മേയര്‍ ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയിലെ സുപ്രധാന സ്ഥാനങ്ങളില്‍ കഴിഞ്ഞ വെള്ളിയാഴ്ച ശശികല അവരോധിച്ചിരുന്നു. മുന്‍ മന്ത്രിമാരായ കെ എ സെങ്കോട്ടയ്യന്‍, എസ് ഗോകുല ഇന്ദിര, ബി വി രമണ എന്നിവരെ ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായാണ് നിയമിച്ചത്.
തമിഴ്‌നാട്ടിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായാണ് ശശികലയെത്തുന്നത്. മുന്‍ മുഖ്യമന്ത്രി എം ജി രാമചന്ദ്രന്റെ ഭാര്യ ജാനകി രാമചന്ദ്രനാണ് ആദ്യ വനിതാ മുഖ്യമന്ത്രി.