Connect with us

National

വിധിയെഴുതി; പഞ്ചാബില്‍ 70%, ഗോവയില്‍ 83% പോളിംഗ്

Published

|

Last Updated

ചണ്ഡീഗഢ്/ പനാജി: ശക്തമായ ത്രികോണ മത്സരം നടക്കുന്ന പഞ്ചാബിലും ഗോവയിലും കനത്ത പോളിംഗ്. പഞ്ചാബില്‍ എഴുപത് ശതമാനവും ഗോവയില്‍ 83 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. രണ്ടിടങ്ങളിലും ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഗോവയില്‍ ഇത്തവണ റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെ 81.7 ശതമാനം എന്ന പോളിംഗ് റെക്കോര്‍ഡാണ് ഇത്തവണ ഗോവ മറികടന്നത്. പഞ്ചാബില്‍ 117 സീറ്റുകളും ഗോവയില്‍ നാല്‍പ്പത് സീറ്റുകളുമാണുള്ളത്.
ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തും നീണ്ടനിര ദൃശ്യമായിരുന്നു. ശക്തമായ ത്രികോണ മത്സരത്തിനാണ് ഇത്തവണ പഞ്ചാബ് വേദിയാകുന്നത്. ഭരണകക്ഷിയായ ശിരോമണി അകാലിദള്‍- ബി ജെ പി സഖ്യവും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനും പുറമെ ആം ആദ്മി പാര്‍ട്ടിയും ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ എ പി നേടിയ നാല് സീറ്റും പഞ്ചാബില്‍ നിന്നായിരുന്നു. ഇരു സംസ്ഥാനങ്ങളിലും ഭരണത്തുടര്‍ച്ചക്ക് ബി ജെ പി ശ്രമിക്കുമ്പോള്‍ തിരിച്ചുവരവാണ് കോണ്‍ഗ്രസ് ലക്ഷ്യമാക്കുന്നത്. കന്നിയങ്കത്തില്‍ ഡല്‍ഹിക്ക് സമാനമായി ഇരു സംസ്ഥാനങ്ങളിലും ചരിത്ര വിജയമാണ് എ എ പിയുടെ ലക്ഷ്യം.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ കൂടി തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍.

Latest