ജീവിത സായാഹ്നത്തില്‍ സഹായ ഹസ്തം തേടി ഭവാനി ടീച്ചര്‍

Posted on: February 4, 2017 1:55 pm | Last updated: February 4, 2017 at 1:45 pm
SHARE
കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഭവാനി ടീച്ചര്‍.

കല്‍പ്പറ്റ: ടെസ്റ്റ് ട്യൂബിലൂടെ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയ മുവാറ്റുപുഴ സ്വദേശിനി ഭവാനി ടീച്ചര്‍(75) അത്യാസന്ന നിലയില്‍ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. സുഹൃത്തിന്റെ വീട്ടില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സ വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഹൃദയത്തിനും തലച്ചോറിനും തകരാര്‍ സംഭവിക്കുകയും കടുത്ത പ്രമേഹവും ആശങ്കയുളവാക്കുന്നുവെന്ന് ഇവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രാഥമിക ആവശ്യങ്ങള്‍ പോലും പരസഹായം കൂടാതെ നിര്‍വഹിക്കാനാവില്ല.

രോഗ വിവരം മുവാറ്റുപുഴയിലെ ബന്ധുക്കളെ വയോജനവേദി ഭാരവാഹികള്‍ അറിയിച്ചിട്ടും വന്ന് നോക്കാനോ പരിചരിക്കാനോ ആരും തയ്യാറായിട്ടില്ല. നിരന്തര പരിചരം ആവശ്യമുള്ളതിനാല്‍ ഇവര്‍ക്ക് വേണ്ട പരിചരം കൊടുക്കാന്‍ ഒരു നഴ്‌സിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ആശ്രിതരായി ആരുമില്ലെങ്കിലും ജീവിത പ്രയാസങ്ങളുടെ ഭാരം വാര്‍ധക്യാവസ്ഥയിലും ഒറ്റക്ക് നിര്‍വഹിച്ച് വരികയായിരുന്നു. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി തനിക്ക് പിറന്ന ഏക ആണ്‍തരി രണ്ടാം വയസ്സില്‍ വിടപറഞ്ഞു. ഇതിന്റെ ഹൃദയ നൊമ്പരവും വേദനയും മറക്കാന്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് ഗണിത ക്ലാസുകള്‍ എടുത്തും കുട്ടികളോട് കളിതമാശകള്‍ പറഞ്ഞും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരുന്നതിനിടെയാണ് അസുഖം ഇവരെ പിടികൂടിയത്. ആശുപത്രി ചെലവും മറ്റും വഹിച്ചു വരുന്നത് ജില്ലയിലെ ചില സാമൂഹിക പ്രവര്‍ത്തകരും വയോജന വേദി തുടങ്ങിയ സന്നദ്ധ സേവകരുമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി ഇവര്‍ താമസിച്ചു വരുന്നത് മാനന്തവാടി എരുമത്തെരുവിലെ വാടക കെട്ടിടത്തിലാണ്. ഇവരെ ജീവിതത്തിന്റെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ കഴിയണമെങ്കില്‍ വിദഗ്ധ ചികിത്സക്ക് വലിയ തുക വേണ്ടി വരും. ഇതിന് ഏതെങ്കിലും സമുനസ്സുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍. ഇവരെ സഹായിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരായ കെ കെ മുജീബുര്‍റഹ്്മാന്‍, സുബൈര്‍ പാറക്കണ്ടിയുമായി ബന്ധപ്പെടുക.9847400911,984740091.

 

LEAVE A REPLY

Please enter your comment!
Please enter your name here