കട്ടുപ്പാറയില്‍ വീണ്ടും മോഷണം; പതിനാറ് പവനും മൊബൈലും നഷ്ടപ്പെട്ടു

Posted on: February 4, 2017 12:30 pm | Last updated: February 4, 2017 at 12:30 pm

പെരിന്തല്‍മണ്ണ: കുട്ടപ്പാറയില്‍ 16 പവനും മൊബൈലും മോഷണം പോയി. കട്ടുപ്പാറ വട്ടക്കണ്ടത്തില്‍ മുസ്തഫയുടെ വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ദേഹത്തും ബേഗിലും ഉണ്ടായിരുന്ന ആഭരണങ്ങളും മൊബൈലുമാണ് മോഷണം പോയത്.

വീടിന്റെ പുറകിലെ വാതില്‍ കമ്പിപ്പാര കൊണ്ട് അടര്‍ത്തിമാറ്റിയാണ് മോഷ്ടാവ് വീടിനകത്ത് കയറിയത്. വീട്ടുകാര്‍ ഉറക്കത്തില്‍ ശബ്ദം കേട്ട് ഉണര്‍ന്നപ്പൊഴേക്കും കള്ളന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
വ്യാഴാഴ്ച്ച പുലര്‍ച്ചെ ഏകദേശം നാല് മണിയോടെയായിരിക്കാം സംഭവമെന്ന് കരുതുന്നു. മുസ്തഫയുടെ അയല്‍ വീട്ടിലെ കല്യാണത്തിനെത്തിയവരുടെ സ്വര്‍ണാഭരണമാണ് മോഷണം പോയത്. പോലീസ് സംഭവ സ്ഥലം സന്ദര്‍ശിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. ആഴ്ചകള്‍ക്ക് മുമ്പും ഈ ഭാഗങ്ങളില്‍ മോഷ്ടാക്കള്‍ വിലസി യിരുന്നു. കുട്ടപ്പാറയിലെ വട്ടക്കണ്ടത്തില്‍ ഉമ്മര്‍ കുട്ടിയുടെ വീട്ടിലെ 31000 രൂപയും സ്വര്‍ണവും, തൊട്ടുത്തുള്ള കളരിക്കല്‍ അബ്ദുറഹ്മാന്റെ വീട്ടില്‍ നിന്നും പ്രസവത്തിനായത്തിയ ഉറങ്ങി കിടന്നിരുന്ന മകളുടെയും, കുട്ടികളുടെയും ചെയിനും സ്വര്‍ണവളകളും മോഷ്ടിക്കപ്പെട്ടിരുന്നു.
ഏതായാലും ഈ ഭാഗങ്ങളെപ്പറ്റി നല്ലാം വിധം പരിചയമുള്ള ഒരാളാണ് ഇതിന്റെ പുറകിലെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.