Connect with us

Thrissur

കുപ്രസിദ്ധ മോഷ്ടാവ് ഗൊറില്ല രാജേന്ദ്രന്‍ പിടിയില്‍

Published

|

Last Updated

തൃശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് തമിഴ്‌നാട് സ്വദേശി ഗൊറില്ല രാജേന്ദ്രന്‍ എന്ന രാജേന്ദ്രനെ (36) മോഷണ ശ്രമത്തിനിടെ പോലീസ് പിടികൂടി. മന്ത്രി എ സി മൊയ്തീന്റെ വീട്ടിലെ മോഷണശ്രമം അന്വേഷിക്കുന്നതിന് രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ വീട്ടില്‍ മോഷണത്തിനായി കയറിയത് ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്.

കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ താമസിച്ചാണ് രാജേന്ദ്രന്‍ മോഷണം നടത്തിയിരുന്നത്. ചാലക്കുടി ഗവ. ഐ ടിഐ കുത്തിപ്പൊളിച്ച് യന്ത്രസാമഗ്രികളും ഒല്ലൂരിലെ സ്വര്‍ണപ്പണിശാല കുത്തിപ്പൊളിച്ച് സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചതിനും തമിഴ്‌നാട്ടിലെ ഒരു കൊലപാതക കേസിലുമടക്കം നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ രണ്ട് വര്‍ഷം മുമ്പ് ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോകുകയായിരുന്നു.
2012 ല്‍ ചാലക്കുടിയിലെ കല്ലയ്ന്‍ ജ്വല്ലറി കുത്തിപ്പൊളിച്ച് ആറ് കിലോഗ്രാം വെള്ളി-സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചത് താനാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു.
മന്ത്രി എ സി മൊയ്തീന്റെ വീട്ടില്‍ നടത്തിയത് പോലെ ഫ്യൂസ് ഊരിവെച്ച് മുന്‍വാതില്‍ പൊളിച്ച് മോഷണം നടത്തുന്ന ഫ്യൂസ് കണ്ണന്‍ എന്ന കണ്ണന്റെ സഹോദരനാണ് ഇയാള്‍. കണ്ണന്‍ നിലവില്‍ മറ്റൊരു കേസില്‍പെട്ട് ജയിലിലാണ്. രാജേന്ദ്രന്‍ മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

കുന്നംകുളം ഡി വൈ എസ് പി. വിശ്വംഭരന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ വടക്കാഞ്ചേരി സി ഐ. ടി എസ് സിനോജ്, എസ് ഐ. രതീഷ്, റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐമാരായ മുഹമ്മദ് റാഫി, മുഹമ്മദ് അഷ്‌റഫ്, സീനിയര്‍ സി പി ഒമാരായ സി ആര്‍ പ്രദീപ്, പി ജയകൃഷ്ണന്‍, സി എ ജോസ്, സൂരജ് പി ദേവ്, ലിജു ഇയ്യാനി, എ എസ് ഐ. ആനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.