സര്‍ക്കാരിന് ജേക്കബ് തോമസില്‍ പൂര്‍ണ വിശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Posted on: February 4, 2017 10:34 am | Last updated: February 5, 2017 at 10:08 am

കോഴിക്കോട്: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന് വിശ്വാസമില്ലാത്തയാള്‍ ഡയറക്ടര്‍ സ്ഥാനത്ത് തുടരില്ലെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി മൂടിവെക്കുകയെന്ന സമീപനം സര്‍ക്കാരിനില്ല. വിജിലന്‍സ് ആണ് ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ഫലപ്രദമായ ഏജന്‍സി. വിജിലന്‍സ് അന്വേഷിച്ച് നടപടി പൂര്‍ത്തിയാക്കിയ കേസുകളില്‍ വീണ്ടും അന്വേഷണം വരുമ്പോള്‍ അതിന്റെ നിയമവശങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. അന്വേഷണ ആവശ്യത്തിന്റെ നിയമവശമടക്കം ആലോചിക്കണം. അതാണ് നിയമോപദേശം തേടിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രജര്‍ വാങ്ങിയതില്‍ 15 കോടി രൂപ നഷ്ടം വരുത്തിയെന്ന ധനവകുപ്പ് സെക്രട്ടറി കെഎം എബ്രഹാമിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് നടപടിയ്ക്ക് ശുപാര്‍ശ ചെയ്തത്. ജേക്കബ് തോമസിനെതിരെ ഉന്നതതല അന്വേഷണത്തിനും ശുപാര്‍ശയുണ്ടായിരുന്നു.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ അന്വേഷണമായതിനാല്‍ അതിന് തടസ്സമുണ്ടാകിരിക്കാന്‍ തക്ക സംവിധാനം വേണം. ആഗോള ടെന്‍ഡര്‍ വിളിക്കാതെ വിദേശ കമ്പനിയില്‍ നിന്ന് ഡ്രജര്‍ വാങ്ങാന്‍ നടത്തിയ ഇടപാടില്‍ 15 കോടി രൂപ നഷ്ടം വന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനാണ് കെഎം എബ്രഹാം ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

ലോ അക്കാദമി വിഷയത്തില്‍ സിപിഐ പറഞ്ഞത് അവരുടെ അഭിപ്രായമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.