Connect with us

Kerala

ജേക്കബ് തോമസിനെ മാറ്റി അന്വേഷണം നടത്തണമെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്‌

Published

|

Last Updated

ജേക്കബ് തോമസ്്

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തത്സ്ഥാനത്തു നിന്ന് മാറ്റി അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിന്മേല്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമോപദേശം തേടി.

ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ നടത്തിയ ഡ്രഡ്ജര്‍ ഇടപാടിലൂടെ ഖജനാവിന് പതിനഞ്ച് കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന ധനവകുപ്പിന്റെ റിപ്പോര്‍ട്ടിന്മേലാണ് നടപടി. 2011-12 കാലയളവില്‍ നടന്ന ഇടപാടില്‍ തിരിമറികള്‍ നടന്നെന്ന പരാതിയിന്മേല്‍ ധനവകുപ്പ് പരിശോധനാ വിഭാഗം അന്വേഷണം നടത്തിയിരുന്നു. ഐ ച്ച് സി മെര്‍വീഡ് എന്ന വിദേശ കമ്പനിക്ക് അന്യായലാഭം ഉണ്ടാക്കാന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ടെന്‍ഡര്‍ നടപടിയിലെ പിഴവ് ഉള്‍പ്പെടെ ഇരുപത്തിയെട്ട് ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ സര്‍ക്കാറിന് പതിനഞ്ച് കോടിയുടെ നഷ്ടം വ്യക്തമാക്കുന്നു. ഇതിന് ജേക്കബ് തോമസ് ഉള്‍പ്പെടെ തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാണെന്നും ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം ഡിസംബര്‍ മൂന്നിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പരിശോധിച്ച ചീഫ് സെക്രട്ടറി ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയായിരുന്നു.

ജേക്കബ് തോമസ് ഇപ്പോള്‍ വഹിക്കുന്ന പദവിയുടെ പ്രാധാന്യം കണക്കിലെടുത്താണ് അദ്ദേഹത്തെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് പരിശോധിച്ച മുഖ്യമന്ത്രി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ (ഡി ജി പി) നിയമോപദേശം തേടി. ഐ എ എസ് ഉദ്യോഗസ്ഥരും വിജിലന്‍സ് ഡയറക്ടറും തമ്മിലുള്ള പോര് കടുക്കുന്നതിനിടെയാണ് ചീഫ് സെക്രട്ടറി ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത്.
ജേക്കബ് തോമസിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ജനുവരി ഒമ്പതിന് കൂട്ട അവധിയെടുത്ത ഐ എ എസുകാര്‍ മുഖ്യമന്ത്രിയോട് ജേക്കബ് തോമസിനെതിരെ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് നടപടികള്‍ ചട്ടവിരുദ്ധമാണെന്നാരോപിച്ചാണ് ഐ എ എസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചത്.

 

Latest