Connect with us

Sports

ആഫ്രിക്ക വാഴാന്‍ കാമറൂണും ഈജിപ്തും

Published

|

Last Updated

രണ്ടാം ഗോള്‍ നേടിയ ക്രിസ്റ്റ്യന്‍ ബസഗോഗിന്റെ ആഹ്ലാദം

ലെബ്രിവിലെ: ആഫ്രിക്കന്‍ ഫുട്‌ബോളിലെ സിംഹാസനം സ്വന്തമാക്കുവാന്‍ രണ്ടേ രണ്ട് ടീമുകള്‍ മാത്രം അവശേഷിക്കുന്നു – കാമറൂണും ഈജിപ്തും. ഘാനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് കാമറൂണിന്റെ ഗര്‍ജനം. ഈജിപ്തിന്റെ ഷൂട്ടൗട്ട് മികവിന് മുന്നിലായിരുന്നു ബുര്‍കിന ഫാസോ പോരാട്ടം അവസാനിപ്പിച്ചത്. ഇന്ന് മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പ്ലേ ഓഫില്‍ സെമിയില്‍ തോറ്റ ഘാനയും ബുര്‍കിന ഫാസോയും നേര്‍ക്കുനേര്‍ വരും. നാളെയാണ് ഫൈനല്‍.

ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവുമധികം തവണ-ഏഴ് തവണ- ചാമ്പ്യന്‍മാരായ ഈജിപ്ത് ഇത്തവണയും ഫേവറിറ്റാണ്. നിശ്ചിത സമയത്ത് ആകെ ഒരു ഗോള്‍ മാത്രമാണ് ഈജിപ്ത് വഴങ്ങിയിട്ടുള്ളത്. സെമിയില്‍ ബുര്‍കിന ഫാസോയോടായിരുന്നു ഇത്. ഷൂട്ടൗട്ടിലായിരുന്നു പൊരുതിക്കളിച്ച ബുര്‍കിന ഫാസോയെ ഈജിപ്ത് മറികടന്നത്. കാമറൂണ്‍ നഷ്ടപ്രതാപം വീണ്ടെടുക്കുവാനുള്ള പ്രയാണമാണ് ഗാബോണില്‍ നടത്തിയത്. കിരീട സാധ്യതയുള്ള സെനഗലിനെയും ഘാനയെയും നോക്കൗട്ട് റൗണ്ടില്‍ വീഴ്ത്താന്‍ സാധിച്ചത് കാമറൂണിന്റെ ശക്തിപ്രകടനമായി. ഈജിപ്തിനെ അസ്വസ്ഥമാക്കുന്നത് കാമറൂണ്‍ പുറത്തെടുക്കുന്ന പോരാട്ടവീര്യമാണ്.

2008 ല്‍ ഘാനയില്‍ നടന്ന നാഷന്‍സ് കപ്പ് ഫൈനലിന്റെ ആവര്‍ത്തനമാണ് ഇത്തവണ ഗാബോണില്‍. അന്ന് ഈജിപ്ത് ഒരു ഗോളിന് കാമറൂണിനെ കീഴടക്കി ചാമ്പ്യന്‍മാരായി. 2006 ല്‍ സ്വന്തം മണ്ണില്‍ ഉയര്‍ത്തി കിരീടം നിലനിര്‍ത്തുകയായിരുന്നു ഈജിപ്ത് ഘാനയില്‍ ചെയ്തത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷംഅംഗോളയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും ഈജിപ്തിന് എതിരില്ലായിരുന്നു.
അതിന് ശേഷം ഈജിപ്തിന് നല്ല കാമല്ലായിരുന്നു. തുടരെ മൂന്ന് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടാനായില്ല. കാമറൂണാകട്ടെ ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്.

ഈജിപ്ത് ഒമ്പതാം ഫൈനലിന് യോഗ്യത നേടിക്കൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇത്തവണ. 2016 ഫെബ്രുവരിയില്‍ ഹ്യൂഗോ ബ്രൂസ് പരിശീലകനായെത്തിയതോടെയാണ് കാമറൂണിന്റെ തലവര മാറിത്തുടങ്ങിയത്. ഒരു കാലത്ത് ആഫ്രിക്കന്‍ ഫുട്‌ബോളിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തികളായിരുന്ന കാമറൂണ്‍ പതിയെ കരുത്താര്‍ജിച്ചു. ഇരുപത്തൊമ്പത് വര്‍ഷം പരിശീലകനായിരുന്ന തനിക്ക് ഇതുപോലൊരു ഗ്രൂപ്പിനെ ലഭിച്ചിട്ടില്ലെന്ന് അഭിമാനത്തോടെ ബ്രൂസ് പറയുന്നു. 2002ന് ശേഷം ആദ്യമായി കാമറൂണ്‍ അഫ്‌കോന്‍ ചാമ്പ്യന്‍ഷിപ്പ് ഉയര്‍ത്തുമെന്ന് ബ്രൂസ് നിസംശയം പറയുന്നു. നാല് തവണയാണ് കാമറൂണ്‍ നാഷന്‍സ് കപ്പ് ഉയര്‍ത്തിയത്.
അവറം ഗ്രാന്റ് എന്ന പരിശീലകന് കീഴില്‍ കുതിച്ച ഘാനയെ കാമറൂണ്‍ സെമിയില്‍ വീഴ്ത്തിയത് രണ്ടാം പകുതിയിലെ രണ്ട് ഗോളുകളിലാണ്. എഴുപത്തിരണ്ടാം മിനുട്ടില്‍ എന്‍ഗാദെ എന്‍ഗായുവാണ് ലീഡ് ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമിലാണ് രണ്ടാം ഗോള്‍. ബാസോഗോഗിന്റെ തകര്‍പ്പന്‍ സ്‌കോറിംഗില്‍ ഘാന വാടിപ്പോയി.

രണ്ട് ടീമുകളും ഇഞ്ചോടിഞ്ച് പൊരുതിക്കളിച്ച മത്സരത്തില്‍ അവസരങ്ങള്‍ മുതലെടുക്കുന്നതിലെ മിടുക്കിലാണ് കാമറൂണ്‍ ഫൈനലില്‍ പ്രവേശിച്ചത്.
ഘാനക്ക് രണ്ട് സുവര്‍ണാവസരങ്ങളുണ്ടായിരുന്നു. വകാസോ മുബാറക്കും ക്രിസ്റ്റിയന്‍ അറ്റ്‌സുവിനും ലഭിച്ച അവസരങ്ങള്‍ പ്‌ക്ഷേ ഗോളായില്ല.
പനതിനായികോസ് മിഡ്ഫീല്‍ഡര്‍ വകാസോക്ക് ക്ലോസ് റേഞ്ച് ഫ്രീകിക്ക് ലഭിച്ചു. കിക്ക് തകര്‍പ്പനായിരുന്നു. എന്നാല്‍ കാമറൂണ്‍ ഗോളി ഫാബ്രിസ് ഓന്‍ഡോയെ കീഴടക്കാന്‍ സാധിച്ചില്ല. ന്യൂകാസില്‍ വിംഗര്‍ അറ്റ്‌സുവിന്റെ ആംഗിള്‍ ഷോട്ട് നേരിയ വ്യത്യാസത്തിനാണ് പുറത്തേക്ക് പോയത്.
1982 ല്‍ ചാമ്പ്യന്‍മാരായ ഘാനക്ക് പിന്നീട് ആഫ്രിക്കയില്‍ കപ്പുയര്‍ത്താന്‍ സാധിച്ചിട്ടില്ല. മുപ്പത്തേഴ് വര്‍ഷമായുള്ള കാത്തിരിപ്പിന് ഇത്തവണയും അറുതിയായില്ല.
ഘാനെയെ പോലൊരു പരിചയ സമ്പന്നമായ നിരയെ വീഴ്ത്താന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം മതി കപ്പുയര്‍ത്താനെന്ന് കാമറൂണ്‍ കോച്ച് ഹ്യുഗോ ബ്രൂസ് വിശ്വസിക്കുന്നു.

 

Latest