കോണ്‍ഗ്രസിനും എ എ പിക്കും നിര്‍ണായകം

Posted on: February 4, 2017 8:30 am | Last updated: February 4, 2017 at 12:00 am

ചണ്ഡീഗഢ്: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എല്ലാ കണ്ണുകളും യു പിയിലേക്കാണെങ്കില്‍ യഥാര്‍ഥ പ്രവണത നിര്‍ണയിക്കാന്‍ പോകുന്നത് പഞ്ചാബായിരിക്കുമെന്ന് വിലയിരുത്തല്‍. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നേതാവ് ആരാകുമെന്ന് പഞ്ചാബായിരിക്കും തീരുമാനിക്കുക. ബി ജെ പിവിരുദ്ധ രാഷ്ട്രീയ മുന്നണിക്ക് നേതൃത്വം കൊടുക്കുക രാഹുല്‍ ഗാന്ധിയായിരിക്കുമോ കെജ്‌രിവാളായിരിക്കുമോ എന്ന ചോദ്യത്തിനാണ് പഞ്ചാബ് ഇന്ന് വിധിയെഴുതാന്‍ പോകുന്നത്. ഇവിടെ യഥാര്‍ഥ മത്സരം നടക്കുന്നത് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലാണ്. ബി ജെ പിയേക്കാള്‍ ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാകുന്നതും ഈ പാര്‍ട്ടികള്‍ക്ക് തന്നെ.

കോണ്‍ഗ്രസിന് ഇത് ജീവന്‍മരണ പോരാട്ടമാണ്. ആം ആദ്മിക്ക് അതിന്റെ രാഷ്ട്രീയ ഭൂമികയുടെ വിശാലത നിര്‍ണയിക്കുന്ന പോരാട്ടവും. ബീഹാര്‍ ആശ്വസിക്കാനുണ്ടെങ്കിലും തുടര്‍ച്ചയായ പരാജയങ്ങളിലൂടെ കടന്ന് വരുന്ന കോണ്‍ഗ്രസിന് പഞ്ചാബില്‍ നേട്ടമുണ്ടാക്കിയേ തീരൂ. ബീഹാറിലെ സഖ്യത്തില്‍ രാഹുലിന്റെ പങ്ക് പ്രധാനമായിരുന്നെങ്കിലും അവിടുത്തെ വിജയത്തിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിന്റെ പേരില്‍ എഴുതപ്പെടുന്നില്ല. യു പിയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെയും സ്ഥിതി ഇത് തന്നെ. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ മുന്‍ നിര്‍ത്തിയുള്ള പഞ്ചാബിലെ പോരാട്ടം കോണ്‍ഗ്രസിന്റെ സ്വന്തമാണ്. അഥവാ രാഹുലിന്റെ സ്വന്തം. ഇടക്കാലത്ത് ബി ജെ പിവിരുദ്ധ മനോഭാവത്തെ ഏറ്റവും നന്നായി ജ്വലിപ്പിച്ച് നിര്‍ത്തിയത് എ എ പി മേധാവിയും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായി ആക്രമിക്കുന്നതില്‍ കെജ്‌രിവാള്‍ വിജയിച്ചുവെന്നതാണ് ഇതിന്റെ അടിസ്ഥാനം. ഈ അപകടം ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ രാഹുല്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. പഞ്ചാബില്‍ നിങ്ങള്‍ വോട്ട് ചെയ്യുന്നത് കെജ്‌രിവാളിനാണെന്ന് വരെ എ എ പി നേതാക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്. താന്‍ ഇവിടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് അദ്ദേഹത്തിന് തിരുത്തേണ്ടി വന്നു.
പഞ്ചാബില്‍ ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇതിന്റെ ഗുണം ആര്‍ക്ക് കിട്ടുമെന്നതിനെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസിന്റെയും എ എ പിയുടെയും സാധ്യത. ഈ വോട്ടുകള്‍ ശിഥിലമായാല്‍ അത് ബി ജെ പി- അകാലിദള്‍ സഖ്യത്തിന് ഗുണകരമാകുകയും ചെയ്യും.

ബി ജെ പിവിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാന്‍ ശേഷിയുള്ള നേതാവായി ഉയര്‍ന്ന് വരാന്‍ മമതാ ബാനര്‍ജിയും നിതീഷ് കുമാറുമൊക്കെ ശ്രമിക്കുന്നുണ്ട്. പഞ്ചാബില്‍ കോണ്‍ഗ്രസ് ഉജ്ജ്വല വിജയം നേടിയാല്‍ രാഹുലിന് തന്നെ ഈ കസേര കിട്ടും. ഇനി എ എ പി നേടുന്നതെങ്കില്‍ ഇപ്പോള്‍ തന്നെ കെജ്‌രിവാളിനുള്ള നക്ഷത്ര പദവി ഉയരും. ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കെല്ലാം പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ എ എ പിക്ക് സാധിക്കും.
ഇത് തിരിച്ചറിയുന്നത് കൊണ്ടാണ് ബി ജെ പിക്കാര്‍ എ എ പിയെ ഗൗനിക്കുന്നില്ലെന്ന് വരുത്തുന്നത്. പീക്കിരി പാര്‍ട്ടിയാണ് അതെന്നും കോണ്‍ഗ്രസാണ് എതിരാളിയെന്നും വരുത്തി തീര്‍ക്കാന്‍ ബി ജെ പി നിരന്തരം വിഫല ശ്രമം നടത്തുന്നു.
കോണ്‍ഗ്രസാണ് അവരുടെ അന്തസ്സുള്ള, പക്വതയുള്ള എതിരാളി. യു പിയിലും ഇതേ തന്ത്രം ബി ജെ പി പയറ്റുന്നു. അവിടെ എസ് പിയാണ് അവരുടെ എതിരാളി. ബി എസ് പി നോണ്‍ പ്ലെയറും.