Connect with us

Editorial

ഹീനം, അമാന്യം

Published

|

Last Updated

പാര്‍ലിമെന്റില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഇ അഹ്മദിനെ പ്രവേശിപ്പിച്ച രാം മനോഹര്‍ ലോഹ്യ ആശുപത്രി അധികൃതരുടെ നടപടികളും ഐ സി യുവില്‍ മക്കളുള്‍പ്പെടെ ആര്‍ക്കും പ്രവേശനം അനവദിക്കാതിരുന്നതും ദുരൂഹതകള്‍ക്കിടയാക്കുകയും വന്‍ വിവാദമാകുകയും ചെയ്തിരിക്കുന്നു. പാര്‍ലിമെന്റില്‍ വീണയുടനെ അദ്ദേഹത്തിന്റെ മരണം സംഭവിച്ചിരുന്നുവെന്നും ബജറ്റ് അവതരണം മുടങ്ങാതിരിക്കാന്‍ സര്‍ക്കാറിന്റെ സമ്മര്‍ദ പ്രകാരമാണ് മരണവിവരം ഡോക്ടര്‍മാര്‍ യഥാസമയം വെളിപ്പെടുത്താതിരുന്നതെന്നും ഉറച്ചു വിശ്വസിക്കുന്നവരാണ് ഏറെ പേരും. ഇന്നലെ പാര്‍ലിമെന്റിലും ഇത് പ്രതിഫലിക്കുകയും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ തടസ്സപ്പെടുകയുമുണ്ടായി.

ചൊവ്വാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടന്നുകൊണ്ടരിക്കെ രാവിലെ പന്ത്രണ്ട് മണിയോടെയാണ് അദ്ദേഹം പാര്‍ലിമെന്റില്‍ കുഴഞ്ഞു വീണത്. തുടര്‍ന്നു സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം രാത്രി 2.15 ഓടെയാണ് മരിച്ചുവെന്നുള്ള പ്രഖ്യാപനം വരുന്നത്. അതിനിടയിലുള്ള 14 മണിക്കൂറില്‍ അദ്ദേഹത്തിന്റെ അവസ്ഥ എന്തായിരുന്നുവെന്നത് ദുരൂഹമാണ്. പാര്‍ലമെന്റില്‍ കുഴഞ്ഞു വീണയുടനെയോ, ആശുപത്രിയില്‍ പ്രവേശിച്ചു ഏറെ താമസിയാതെയോ അദ്ദേഹം മരിച്ചിരുന്നുവെന്നും ആശുപത്രി അധികൃതര്‍ ഇത് മറച്ചു വെക്കുകയായിരുന്നുവെന്നുമുള്ള വിശ്വാസത്തിന് ബലമേകുന്നതാണ് മക്കളെയും അടുത്ത ബന്ധുക്കളെയും സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെയും സമീപത്തേക്ക് കടത്തി വിടാത്ത അധികൃതരുടെ നടപടി. മകള്‍ ഡോ. ഫൗസിയ ഷെര്‍ഷാദ്, മകന്‍ റഈസ്, മരുമകന്‍ ബാബു ഷെര്‍ഷാദ് എന്നിവര്‍ ആശുപത്രി അധികൃതരോട് കെഞ്ചി നോക്കിയെങ്കിലും കനിഞ്ഞില്ല. മുതിര്‍ന്ന നേതാക്കളുടെ ചികിത്സാ പുരോഗതി സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കുന്ന പതിവുണ്ട്. അതും ലഘിക്കപ്പെട്ടു. അഹ്മദിന്റെ മക്കളില്‍ ഡോക്ടര്‍മാരുണ്ടായിരുന്നതിനാല്‍ മരണവിവരം അവര്‍ മനസ്സിലാക്കുമെന്നതിനാലാണ് പ്രവേശിപ്പിക്കാതിരുന്നതെന്നാണ് കരുതുന്നത്. ഒടുവില്‍ സോണിയ ആശുപത്രി അധികൃതരോട് രോഷാകുലയായിസംസാരിക്കുയും ആശുപത്രിക്കെതിരെ നിയമ നടപടികളിലേക്ക് നീങ്ങുകയും ചെയ്തപ്പോഴാണ് മകള്‍ ഫൗസിയക്ക് പിതാവിനെ കാണാന്‍ സെക്കന്‍ഡുകള്‍ മാത്രം സമയം അനുവദിച്ചത്. ഇതിന് തൊട്ടു പിന്നാലെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ ഉടനെ തന്നെ മരണം സംഭവിച്ചിരുന്നുവെന്നാണ് തദ്‌സമയം സംഭവസ്ഥലത്തുണ്ടായിരുന്ന പലരുടെയും സാക്ഷ്യപ്പെടുത്തല്‍. അഹ്മദ് സാഹിബിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ മുന്‍കയെടുത്ത ഡോക്ടര്‍ കൂടിയായ കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിംഗിന് ഇക്കാര്യം അറിയാമായിരുന്നിട്ടും അദ്ദേഹം മറച്ചുവെക്കുകയായിരുന്നുവെന്ന ആരോപണം ഉണ്ട്. മരണ വിവരം വെളിച്ചത്തു വരാതിരിക്കാനായി വെന്റിലേറ്ററിലേക്ക് നീക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത് മന്ത്രിയാണെന്നും പറയുന്നു.
സിറ്റിംഗ് എംപി മരിച്ചാല്‍ സഭ അന്ന് അനുശോചനം രേഖപ്പെടുത്തി പിരിയുകയും ബജറ്റ് ഉള്‍പ്പെടെയുള്ള മറ്റു നടപടികള്‍ മാറ്റിവെക്കുകയുമാണ് കീഴ്‌വഴക്കം. അതൊഴിവാക്കാനും ബുധനാഴ്ചത്തെ ബജറ്റ് അവതരണം തടസ്സപ്പെടാതിരിക്കാനുമാണ് സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം മരണം ആശുപത്രി അധികൃതര്‍ വെളിപ്പെടുത്താതിരുന്നതെന്നാണ് ലോക്‌സഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ ആരോപിക്കുന്നത്. പിന്നീട് പലരുടെയും ഇടപെടലിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി തന്നെ മരണ വിവരം പ്രഖ്യാപിച്ചിട്ടും ബജറ്റ് മാറ്റിവെക്കാന്‍ സന്നദ്ധമായില്ല. പ്രതിപക്ഷം ഒന്നടങ്കംബജറ്റ് മാറ്റണമെന്നാവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ വഴിപ്പെട്ടില്ല. പത്ത് വര്‍ഷത്തോളം കേന്ദ്രമന്ത്രി പദവിയിലിരുന്ന നേതാവിേനാട് കാണിച്ച കടുത്ത അനാദരവാണിത്.

രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റാന്‍ അടുത്ത ബന്ധുക്കളുടെ അനുവാദം വേണമെന്നാണ് ചട്ടം. ഇവിടെ അതുപോലും പാലിക്കാതിരുന്നത് ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദം മൂലമാണ്. അത്യാസന്ന നിലയിലുള്ള രോഗിയുടെയും മരണപ്പെട്ട വ്യക്തിയുടെയും സമീപം ഖുര്‍ആന്‍ പാരായണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍ദേശിപ്പെട്ടിട്ടുണ്ട് ഇസ്‌ലാമില്‍. തങ്ങളുടെ പിതാവിന്റെ കാര്യത്തില്‍ അതുപോലും നിഷേധിക്കപ്പെട്ടുവെന്ന് മക്കള്‍ പരാതിപ്പെടുന്നു. രാം മനോഹര്‍ ആശുപത്രി അധികൃതരുടെ മനുഷ്യത്വരഹിതമായ നിലപാടിനെതിരെ അവര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഈ സംഭവത്തില്‍ ആശുപത്രി അധികൃതരില്‍ നിന്നുണ്ടായ നീതിനിഷേധവും കടുത്ത അവഗണനയും സംബന്ധിച്ചു സമഗ്ര അന്വേഷണം ആവശ്യമാണ്.

Latest