മഞ്ഞുമൂടിയ വഴിയിലൂടെ മാതാവിന്റെ മയ്യിത്ത് ചുമന്ന് സൈനികന്‍ നടന്നത് 50 കിലോമീറ്റര്‍

Posted on: February 3, 2017 11:54 pm | Last updated: February 3, 2017 at 11:54 pm

ശ്രീനഗര്‍: അഞ്ച് ദിവസം മുമ്പ് മരിച്ച മാതാവിന്റെ മയ്യിത്തും ചുമന്ന് സൈനികന് നടക്കേണ്ടി വന്നത് 50 കിലോമീറ്റര്‍. അതും മൂന്നടിയോളം മഞ്ഞുമൂടിയ വഴിയിലൂടെ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവഗണനയാണ് സൈനികനായ മുഹമ്മദ് അബ്ബാസിന് തന്റെ ഉമ്മയുടെ ചേതനയറ്റ ശരീരവുമായി പ്രതികൂല കാലാവസ്ഥയില്‍ ശ്രീനഗറിലെ കുപ്‌വാര മുതല്‍ കര്‍ണ വരെ ഇത്ര ദൂരം സഞ്ചരിക്കേണ്ടി വന്നത്. ജനുവരി 28ാം തിയതിയാണ് അബ്ബാസിന്റെ മാതാവ് സക്കീന ബീഗം മരിച്ചത്. സ്വന്തം ഗ്രാമത്തില്‍ ഖബറടക്കാന്‍ അബ്ബാസും കുടുംബവും തീരുമാനിച്ചു. പ്രാദേശിക ഭരണകൂടം മഞ്ഞുമൂടിയ താഴ്‌വരയില്‍ നിന്നു പ്രധാന റോഡിലേക്ക് മൃതദേഹം എത്തിക്കാന്‍ ഹെലികോപ്ടര്‍ വിട്ടുകൊടുക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും നാലു ദിവസം വരെ കാത്തിരുന്നിട്ടും അബ്ബാസിനും കുടുംബത്തിനും സഹായം ലഭിച്ചില്ല. അപ്പോഴേക്കും മൃതദേഹം ജീര്‍ണിച്ചുതുടങ്ങിയിരുന്നു.

ഇനിയും വൈകിയാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് മനസിലാക്കിയ അബ്ബാസ് ബന്ധുക്കളോടൊപ്പം ഉമ്മയുടെ മൃതദേഹവും ചുമന്ന് പ്രധാന റോഡിലെത്താന്‍ തീരുമാനിച്ചു. മഞ്ഞുമൂടിയ വഴിയൂടെ 50 കിലോമീറ്റര്‍ നടന്നെത്താന്‍ പത്തു മണിക്കൂറിലേറെ എടുത്തു. താന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും വലിയ അപമാനമാണിതെന്ന് പറഞ്ഞ അബ്ബാസ്, തന്റെ ഉമ്മയെ മാന്യമായി ഖബറടക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് പറഞ്ഞു.