ഭൗതിക പ്രേമം

Posted on: February 3, 2017 11:19 pm | Last updated: February 3, 2017 at 11:19 pm
SHARE

ഇഹലോകം പരീക്ഷണത്തിന്റെയും നാശത്തിന്റെയും പ്രയാസത്തിന്റെയും ആപത്തിന്റേയും വീടാണ്. രോഗം, മക്കളുടെ ബുദ്ധിമുട്ട്, ദാരിദ്ര്യം, കൃഷി നശിക്കല്‍, കച്ചവടം പൊളിയല്‍, അയല്‍വാസികളുടെ ബുദ്ധിമുട്ട്, പട്ടിണി അനുഭവപ്പെടല്‍ തുടങ്ങിയവ കൊണ്ട് പരീക്ഷിക്കപ്പെടുന്നു. ഇഹലോകം ഉറങ്ങുന്നവന്റെ കിനാവുകളാണ്. ഉണര്‍ന്നാല്‍ ഒന്നുമുണ്ടാകില്ല. ഇത് യാത്രക്കാരന് വിശ്രമിക്കാനുള്ള സ്ഥലം മാത്രം. യാത്രക്കാര്‍ മരച്ചുവട്ടില്‍ വിശ്രമത്തിന് അല്‍പം ഇരിക്കുന്നു. പിന്നെ യാത്ര തുടരുന്നു. ഇഹലോകം വിശാലമായ വീടല്ലെന്ന് അറിഞ്ഞാല്‍ അതിനെ തൊട്ട് വിരക്തി ഉണ്ടാവും. നബി(സ) പറഞ്ഞു: എനിക്ക് എന്ത് ദുന്‍യാവ്’ എന്റെയും ദുന്‍യാവിന്റെയും ഉദാഹരണം ചൂടുള്ള ദിവസം മരച്ചുവട്ടില്‍ അല്‍പം ഉറങ്ങുന്ന യാത്രക്കാരനെപ്പോലെയാണ്. പിന്നെ അതൊഴിവാക്കി യാത്ര തുടരുന്നു. അവിശ്വാസികള്‍ ഭൗതിക പ്രേമത്തില്‍ പെടുന്നതുകൊണ്ടും അതിനുവേണ്ടി അധ്വാനിക്കുന്നതു കൊണ്ടും അത്ഭുതപ്പെടേണ്ട. അവര്‍ പാരത്രികം അറിയുന്നില്ല. അവരുടെ സ്വര്‍ഗം ദുന്‍യാവാണ്. അത്ഭുതം ഇവിടെയാണ്! മുസ്‌ലിമിന്റെ പേര് സ്വീകരിച്ച് ദുന്‍യാവിന് വേണ്ടി അധ്വാനിച്ച് അതില്‍ മതിമറക്കുന്നതാണ്. അവരുടെ ബുദ്ധിയില്‍ ദുര്‍ഗന്ധം വമിക്കുന്നതുവരെ അവര്‍ അധ്വാനിക്കും. ഓരോ നിമിഷവും ഭൗതികതയിലും അതിന്റെ ആഡംബരത്തിലുമായി കഴിഞ്ഞുകൂടും. അവര്‍ ദുന്‍യാവിന്റെ മ്ലേഛതക്കും അതിന്റെ അന്ത്യവും അറിയുന്നവരാണ്. അവര്‍ പരലോകത്ത് യാത്ര ചെയ്യുന്നവരാണെന്നറിയുന്നവരാണ്. ഭൗതികതയില്‍ മതിമറന്നത് കൊണ്ട് അവര്‍ക്ക് ഉള്‍ക്കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. ബുദ്ധിയും പഞ്ചേന്ദ്രിയങ്ങളും നിശ്ചലമായിരിക്കുന്നു.

ഭൗതിക പ്രേമം മനസ്സില്‍ വന്നുഭവിച്ചാല്‍ മൂന്ന് കാര്യം കൊണ്ട് ഹൃദയം നിറയും. 1. ഐശ്വര്യം കിട്ടാത്ത ദാരിദ്ര്യം. 2. അറ്റം കാണാത്ത മോഹം. 3. തീരാത്ത ജോലി. ഹസന്‍ (റ) പറയുമായിരുന്നു: തിന്മയുടെ അടിസ്ഥാനം മൂന്ന്. ആര്‍ത്തി, അസൂയ, അഹങ്കാരം. അഹങ്കാരം ആദം (അ)ന് സുജൂദ് ചെയ്യുന്നതിനെ തൊട്ട് ഇബ്‌ലീസിനെ തടഞ്ഞു. ആര്‍ത്തി സ്വര്‍ഗത്തില്‍ നിന്ന് ആദം നബി (അ)നെ പുറത്താക്കാന്‍ കാരണമായി. അസൂയ ഖാബീല്‍ ഹാബീലിനെ കൊല്ലുന്നതിലേക്ക് നയിച്ചു. ഇഹലോകത്തെ അധ്വാനം പരലോകത്തേക്കു വേണ്ടിയാകുന്നു.

ഇഹലോകം പരലോകത്തേക്കുള്ള കൃഷിയിടമാണ്. ഈ ലോകത്ത് സത്കര്‍മങ്ങള്‍ കൊണ്ട് കൃഷി ചെയ്യുന്നവന്‍ ചെയ്തതിന്റെ ഫലം പാരത്രിക ലോകത്ത് കൊയ്‌തെടുക്കാം. മനുഷ്യന്‍ യാത്രയിലാണ്. അവരുടെ യാത്രയുടെ തുടക്കം പിതാവിന്റെ മുതുകില്‍ നിന്ന്, അവിടെ നിന്നും മാതാവിന്റെ ഗര്‍ഭാശയത്തിലേക്കും പിന്നെ ദുന്‍യാവിലേക്കും പിന്നെ ബര്‍സഖിലേക്കുമാണ്. പിന്നെ മഹ്ശറയിലേക്ക്. പിന്നെ ശാശ്വത ഭവനത്തിലേക്ക്. വിശ്വാസികള്‍ക്ക് ശാശ്വതമായി നില്‍ക്കാനുള്ള വീട്, എല്ലാ ആപത്തില്‍ നിന്നും രക്ഷയുള്ള വീട് സ്വര്‍ഗമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here