Connect with us

Gulf

ജി സി സിയില്‍ ശമൂന്‍ 2 വൈറസ് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്‌

Published

|

Last Updated

ദോഹ: ജി സി സിയിലെ കമ്പനികളെയും മറ്റും ഗൗരവമായി ബാധിക്കുന്ന വൈറസ് വ്യാപകമായ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ഉരീദു. ഹാര്‍ഡ് ഡിസ്‌കുകള്‍ പകര്‍ത്തുകയും നെറ്റ്‌വര്‍ക് തടസ്സപ്പെടുത്തുകയും ചെയ്യുന്ന ശമൂന്‍ 2 മാല്‍വെയര്‍ നിരവധി ഇമെയില്‍ ഫയലുകളില്‍ കണ്ടെത്തിയതായി മേഖലയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് ഇ മെയില്‍ ലക്ഷ്യംവെച്ച് വൈറസ് ആക്രമണം നടന്നത്. 2012ല്‍ സഊദി അറേബ്യയിലെ നിരവധി കമ്പനികള്‍ക്കെതിരെ ശമൂന്‍ ഉപയോഗിച്ച് സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതിലൂടെ 35000ലേറെ കമ്പ്യൂട്ടറുകളില്‍ നിന്ന് ഭാഗികമായി ഡാറ്റകള്‍ നഷ്ടപ്പെടുകയോ പൂര്‍ണമായി നശിക്കുകയോ ചെയ്തു.
കമ്പനികള്‍ സുരക്ഷ വര്‍ധിപ്പിക്കുകയും പരിഷ്‌കരിക്കുകയും വേണമെന്നാണ് ജി സി സി മേഖലയിലെ നിരവധി ഇ മെയിലുകളില്‍ കണ്ടെത്തിയ വൈറസ് നല്‍കുന്ന സൂചന. ഉരീദുവിലെ സുരക്ഷാ വിദഗ്ധര്‍ വൈറസ് ആക്രമണത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്.

വൈറസിനെ സംബന്ധിച്ച് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. വ്യവസായങ്ങള്‍ സുരക്ഷക്കാണ് ഇന്ന് മുന്‍ഗണന നല്‍കേണ്ടത്. നിലവിലെ ഭീഷണികളെ സംബന്ധിച്ച് ഉപഭോക്താക്കളും ബോധവാന്മാരായിരിക്കണം. മാല്‍വെയറുകളുടെയും റാന്‍സംവെയറുകളുടെയും അപകടത്തെ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള മികച്ച ആശയവിനിമയവുമായാണ് ഉരീദു പുതുവര്‍ഷം ആരംഭിച്ചതെന്ന് ഉരീദു ഖത്വര്‍ സി ഒ ഒ യൂസുഫ് അബ്ദുല്ല അല്‍ കുബൈസി പറഞ്ഞു. കമ്പനി സ്വത്തുക്കള്‍ സുരക്ഷിതമാക്കാന്‍ ലഭ്യമായ മാര്‍ഗങ്ങളെ കുറിച്ച് പൊതുജനത്തെ അറിയിച്ചുകൊടുക്കുകയും വേണം.
ലിങ്ക്ഡ്ഇന്‍ പേജില്‍ വ്യവസായ മേഖലയിലെ സൈബര്‍ സുരക്ഷാ മാര്‍ഗങ്ങളെ സംബന്ധിച്ച് ഉരീദു വിശദീകരിച്ചിട്ടുണ്ട്. മാനേജ്ഡ് സെക്യൂരിറ്റി സര്‍വീസസിനെ ഉയര്‍ത്തിക്കാട്ടി ഖത്വറില്‍ ലഭ്യമായ സമഗ്രമായ സുരക്ഷാ സേവനങ്ങളാണ് അതില്‍ പ്രതിപാദിക്കുന്നത്. ഇതിലൂടെ കമ്പനികളെയും സംഘടനകളെയും മുഴുസമയവും സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ഉരീദുവിന് സാധിക്കും.

---- facebook comment plugin here -----

Latest