സൗഹൃദം ശക്തമാക്കി അമീര്‍ അബുദാബിയില്‍

Posted on: February 3, 2017 11:04 pm | Last updated: February 3, 2017 at 11:04 pm
SHARE
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ അബുദാബി കീരീടാവകാശിയും യു എ ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സ്വീകരിക്കുന്നു

ദോഹ: ഗള്‍ഫ് സഹോദര രാജ്യമായ യു എ ഇയുമായുള്ള സൗഹൃദം ശക്തിപ്പെടുത്തി ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അബുദാബിയില്‍. യു എ ഇ തലസ്ഥാനത്തെത്തിയ അമീറിന് അബുദാബി കീരീടാവകാശിയും യു എ ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സ്വീകരിച്ചു.

ഇരു നേതാക്കളും ഇന്നലെ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചും ചര്‍ച്ചയില്‍ വിഷമായി. രണ്ടു രാജ്യങ്ങള്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കും സൗകര്യം ലഭിക്കുന്ന രീതിയിലുള്ള സഹകരണവും കൂട്ടായ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ വിഷയമായി. ഗള്‍ഫ് രാജ്യങ്ങള്‍ കൂട്ടായി നടത്തുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയായതായി ഖത്വര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യു എ ഇ ഭാഗത്തു നിന്നും നാഷനല്‍ സെക്യൂരിറ്റി അഡൈ്വസര്‍ തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അലി മുഹമ്മദ് ഹമ്മാദ് അല്‍ ശംസി, എക്‌സിക്യുട്ടീവ് അഫയേഴ്‌സ് ചെയര്‍മാന്‍ ഖല്‍ദൂന്‍ ഖലീഫ അല്‍ മുബാറക്, അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മുബാറക് അല്‍ മസ്‌റൂഇ എന്നിവര്‍ സംബന്ധിച്ചു.
ഖത്വര്‍ ഭാഗത്തുനിന്നും അമീറിന്റെ പ്രത്യേക ഉപദേശകന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ അത്വിയ്യ, വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി, അമീരി ദിവാന്‍ ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി, ശൈഖ് താനി ബിന്‍ ഹമദ് അല്‍ താനി, ഹാദി ബിന് നാസര്‍ മന്‍സൂര്‍ അല്‍ ഹജ്‌രി എന്നിവരും പങ്കെടുത്തു. അബുദാബി കിരീടാവകാശി ഒരുക്കിയ വിരുന്നില്‍ അമീറും സംഘവും പങ്കെടുത്തു.