Connect with us

Gulf

ഖത്വറില്‍ പലയിടങ്ങളിലും മഴ; തണുപ്പിനു ശക്തികൂടി

Published

|

Last Updated

ദോഹ: തണുപ്പിനു ശക്തികൂട്ടി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ മഴ പെയ്തു. രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചക്കുശേഷമാണ് ദോഹയിലെ പല ഭാഗത്തും മഴ പെയ്തു. ചിലയിടങ്ങളില്‍ ഭേദപ്പെട്ട മഴ പെയ്തു.

അബുഹമൂര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ചാറ്റല്‍ മഴയാണുണ്ടായത്. തണുത്ത കാലാവസ്ഥയെ കൂടുതല്‍ കാഠിന്യമേറിയതാക്കാന്‍ മഴ സഹായിച്ചു. മതാര്‍ ഖദീം, അല്‍ വക്‌റ, വുഖൈര്‍, ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റ് എന്നിവിടങ്ങളിലെല്ലാം മഴ ലഭിച്ചു. വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തണുപ്പും കാറ്റും വര്‍ധിക്കുന്നതിന്റെ ഭാഗമായി മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. രാജ്യത്ത് ശൈത്യം ശക്തമാകാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാവിദഗ്ധരുടെ നിരീക്ഷണം. വാരാന്ത്യത്തില്‍ ഖത്വറില്‍ ശീതതരംഗത്തിന് സാധ്യതയുണ്ടെന്നും തണുപ്പ് ശക്തിയാര്‍ജിച്ചേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
സൈബീരിയന്‍ അതിസമ്മര്‍ദവും അതേത്തുടര്‍ന്നുള്ള ശക്തമായ വടക്കു പടിഞ്ഞാറന്‍ കാറ്റുമാണ് കാലാവസ്ഥയിലെ മാറ്റത്തിനു കാരണമാകുന്നത്. ഞായറാഴ്ച വരെ ഈ അവസ്ഥ പ്രകടമാകും. ഈ ദിവസങ്ങളില്‍ രാജ്യത്ത് അനുഭവപ്പെടുന്ന ശീതതരംഗം തണുപ്പ് കൂട്ടും. ഈ ദിവസങ്ങളില്‍ ദോഹയില്‍ താപനിലയില്‍ ശരാശരിയേക്കാള്‍ മൂന്നു മുതല്‍ ആറുവരെ ശതമാനം കുറയും. പരമാവധി താപനില 17 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യല്‍സ് വരെയും കുറഞ്ഞ താപനില 10 മുതല്‍ 13 ഡിഗ്രി സെല്‍ഷ്യല്‍സ് വരെയുമായിരിക്കും.
കടലില്‍ പോകുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളില്‍നിന്നും ജനങ്ങള്‍ ഒഴിഞ്ഞു നില്‍ക്കണമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വകുപ്പ് ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ അതാത് സമയങ്ങളിലെ കാലാവസ്ഥയെക്കുറിച്ച് വിവരം നല്‍കുന്നുണ്ട്. ഇവയെല്ലാം പൊതുജനങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണം. കൂടാതെ 92125 എന്ന നമ്പറിലേക്ക് ണലമവേലൃ എന്ന് സന്ദേശം അയച്ചാല്‍ അതാത് സമയങ്ങളിലെ കാലാവസ്ഥാ വിവരങ്ങള്‍ ലഭിക്കും.