ഷാര്‍ജയില്‍ പ്രകാശോത്സവത്തിന് തുടക്കമായി

Posted on: February 3, 2017 10:33 pm | Last updated: February 3, 2017 at 10:33 pm
ഷാര്‍ജയിലെ കള്‍ചറല്‍ പാലസ് വര്‍ണ പ്രകാശത്തില്‍

ഷാര്‍ജ: ഏഴാമത് ഷാര്‍ജ പ്രകാശോത്സവം ആരംഭിച്ചു. യൂണിവേഴ്‌സിറ്റി സിറ്റിയില്‍ നടന്ന വര്‍ണാഭമായ പരിപാടികളോടെയായിരുന്നു 10 ദിവസം നീണ്ടുനില്‍ക്കുന്ന പ്രകാശോത്സവത്തിന് തുടക്കമായത്. അഞ്ച് പുതിയ കേന്ദ്രങ്ങളിലടക്കം 14 സ്ഥലങ്ങളിലാണ് ഈ പ്രാവശ്യം ഉത്സവം. വാരാന്ത്യങ്ങളില്‍ വൈകിട്ട് ആറര മുതല്‍ രാത്രി 12 വരെയും മറ്റു ദിവസങ്ങളില്‍ വൈകിട്ട് ആറര മുതല്‍ രാത്രി 11 വരെയുമാണ് പരിപാടി.

യൂണിവേഴ്‌സിറ്റി ഹാള്‍, കള്‍ചറല്‍ പാലസ്, അല്‍നൂര്‍ പള്ളി, അല്‍ തഖ്‌വ പള്ളി, അല്‍ ഖസ്ബ എന്നിവിടങ്ങളാണ് പുതിയ അഞ്ച് കേന്ദ്രങ്ങള്‍. പാം ഗാര്‍ഡനില്‍ ഇന്ററാക്ടീവ് ലൈറ്റ് ഷോയും കോര്‍ണിഷിലെ ഖാലിദ് ലഗൂണില്‍ പരേഡും അരങ്ങേറും. കല്‍ബ യൂണിവേഴ്‌സിറ്റി, ഖോര്‍ഫക്കാന്‍ യൂണിവേഴ്‌സിറ്റി, ദിബ്ബ പള്ളി, ദൈദ് പള്ളി എന്നിവിടങ്ങളാണ് മറ്റു കേന്ദ്രങ്ങള്‍. ആയിരക്കണക്കിന് സന്ദര്‍ശകരാണ് മുന്‍ വര്‍ഷങ്ങളില്‍ ഉത്സവം ആസ്വദിച്ചത്. കഴിഞ്ഞ വര്‍ഷം വിദേശ വിനോദ സഞ്ചാരികളടക്കം 560,000 ത്തിലേറെ പേര്‍ സന്ദര്‍ശിച്ചു. ഗൂഗിള്‍ കണക്കു പ്രകാരം 28 ലക്ഷം പേര്‍ പ്രകാശോത്സവം ആസ്വദിച്ചിട്ടുണ്ട്.