കാര്‍രഹിത ദിനം; നഗരസഭ ഒരുക്കം പൂര്‍ത്തിയാക്കി

Posted on: February 3, 2017 8:40 pm | Last updated: February 3, 2017 at 8:32 pm
SHARE

ദുബൈ: കാര്‍രഹിത ദിനാചരണങ്ങള്‍ക്ക് ദുബൈ നഗരസഭ ഒരുക്കം പൂര്‍ത്തിയാക്കി. ഈ മാസം അഞ്ചിനാണ് എട്ടാമത് കാര്‍ രഹിത ദിനമായി ആചരിക്കുകയെന്ന് ദുബൈ നഗരസഭാ അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ, ജീവനക്കാര്‍ തുടങ്ങിയവര്‍ ദിനാചരണത്തിന്റെ ഭാഗമാകുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ മേഖല, റിയല്‍ എസ്റ്റേറ്റ്, ചില്ലറ വ്യാപര ശൃഖല, ഹോട്ടലുകള്‍, ബേങ്കുകള്‍ തുടങ്ങിയ മേഖലകളിലെ ജീവനക്കാരും ഭിന്നശേഷിക്കാരായവരും ദിനാചരണത്തില്‍ പങ്കാളികളാവുമെന്ന് ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ പ്രസരണം കുറച്ച് അന്തരീക്ഷത്തെ കൂടുതല്‍ മലിനമുക്തമാക്കാനും സുസ്ഥിരവും സുരക്ഷിതവുമായ പ്രകൃതി സൗഹൃദ നഗരമായി ദുബൈയെ ആഗോള തലത്തില്‍ വളര്‍ത്തിയെടുക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് കാര്‍ രഹിത ദിനാചരണ ബോധവല്‍ക്കരണ പരിപാടികള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. അദ്ദേഹം വ്യക്തമാക്കി.

ഓരോ വാഹനത്തിനും ഫുള്‍ ടാങ്ക് ഇന്ധനം 15 ഗ്യാലനോളം വരും. ഇന്ധനം മുഴുവന്‍ ഉപയോഗിക്കുന്ന വാഹനത്തില്‍ നിന്ന് 140 കിലോ ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് പുറത്തു വരിക. ആഗോള താപനത്തിലേക്കു നയിക്കുന്ന ഇത്തരം കാര്‍ബണ്‍ പ്രസരണത്തിന്റെ അളവ് വര്‍ഷം നാല് ടണ്ണോളം വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു എ ഇ ദേശീയ അജണ്ട 2021ന്റെ ഭാഗമായി കാര്‍ബണ്‍ പ്രസരണം കുറച്ചു മലിനമുക്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന് നടത്തുന്ന പ്രവര്‍ത്തികള്‍ക്ക് കാമ്പയിന്‍ ഊര്‍ജം പകരും. അദ്ദേഹം അടിവരയിട്ടു. സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം പൊതു ഗതാഗത സംവിധാനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതിന് കാമ്പയിന്‍ ജനങ്ങളെ പ്രേരിപ്പിക്കും. ആഗോള താപനത്തിനു വഴിവെക്കുന്ന വാതകങ്ങളുടെ പ്രസരണം കുറക്കാനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യ ഫലങ്ങള്‍ ലഘൂകരിക്കാനും സാധ്യമായ വഴികള്‍ ഒരുക്കി അന്താരാഷ്ട്ര പാരിസ്ഥിതിക വ്യവസ്ഥകളോട് നീതിപുലര്‍ത്തുന്ന സ്മാര്‍ട് നഗരമാന്നെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് നഗരസഭക്ക് കീഴിലുള്ള കാര്‍ രഹിത ദിനം. അദ്ദേഹം ചൂണ്ടിക്കാട്ടി.
ദാനവര്‍ഷത്തിന്റെ ഭാഗമായി ഈ വര്‍ഷം കാര്‍ രഹിത കാമ്പയിന്‍ ആചരിക്കുന്നതോടൊപ്പം കാര്‍ബണ്‍ പ്രസരണത്തിന്റെ തോത് നഗരസഭക്ക് കീഴിലെ വിദഗ്ദ്ധ സംഘം കൃത്യമായി രേഖപ്പെടുത്തുകയും അവക്ക് തുല്യമായി തുക കണക്കാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.