സഹീര്‍ കുഞ്ഞിപ്പള്ളി: എല്ലാവര്‍ക്കും വേണ്ടപ്പെട്ട സഹപ്രവര്‍ത്തകന്‍

Posted on: February 3, 2017 6:15 pm | Last updated: February 3, 2017 at 6:48 pm
സഹീര്‍ കുഞ്ഞിപ്പള്ളി

കണ്ണൂര്‍: സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശത്തില്‍ വിട്ടുവീഴ്ചയില്ലാതെ നാട്ടില്‍ സുന്നി പ്രസ്ഥാനം വളര്‍ത്താന്‍ ഓടി നടന്ന സഹീര്‍ കുഞ്ഞിപ്പളി ഇനി ഓര്‍മ. നാടിനും നാട്ടുകാര്‍ക്കും പ്രിയങ്കരനായിരുന്ന സഹീര്‍ കുഞ്ഞിപ്പള്ളി എല്ലാവര്‍ക്കും വേണ്ടപ്പെട്ട ഒരു സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. സ്ഥാനമാനങ്ങള്‍ മോഹിക്കാതെ ഏറ്റെടുത്ത കാര്യങ്ങള്‍ ഒരു പോറലുമേല്‍ക്കാതെ ഭംഗിയായി പൂര്‍ത്തിയാക്കുക എന്നതില്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയാറായിരുന്നില്ല.

സിറാജ് ദിനപത്രം കണ്ണൂര്‍ എഡിഷന്‍ തുടങ്ങിയത് മുതല്‍ സര്‍ക്കുലേഷന്‍ മാനേജറായും മാനേജര്‍ ഇന്‍ ചാര്‍ജ് ആയും അവസാനം പരസ്യവിഭാഗം മാനേജറുമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. നാട്ടില്‍ ദീനി ചൈതന്യം കൊണ്ടുവരാന്‍ അദ്ദേഹം തന്നാലാകുന്നതൊക്കെ ചെയ്താണ് വിടപറഞ്ഞത്. വിയോഗ വാര്‍ത്തയറിഞ്ഞ് നാട്ടുകാര്‍ ഒഴുകിയെത്തത് അദ്ദേഹം നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തെളിവാണ്.

സഹീറിനെ പറ്റി നാട്ടുകാര്‍ നല്ലത് മാത്രമേ പറയാനുള്ളൂ. മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായ കാലത്തും അദ്ദേഹം സേവന രംഗത്ത് തിളങ്ങി നിന്നു

സുന്നി സംഘടനകളുടെ വളര്‍ച്ചക്ക് വേണ്ടി അഹോരാത്രം പരിശ്രമിച്ച അദ്ദേഹം തളിപ്പറമ്പ് സര്‍സയ്യിദ് കോളജില്‍ പഠിക്കുന്ന കാലത്ത് ജില്ലയിലെ റെഗുലര്‍ കോളജുകളില്‍ എസ് എസ് എഫ് വളര്‍ത്താന്‍ ഓടിനടന്നു. തുടര്‍ന്നാണ് എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ ക്യാമ്പസ് സെക്രട്ടറിയായത്.

സഹീറിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് ആയിരങ്ങളാണ് കക്കാട് കുഞ്ഞിപ്പള്ളിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്.