നാഗാലാന്‍ഡില്‍ സംഘര്‍ഷം പടരുന്നു; സൈന്യത്തെ വിന്യസിച്ചു

Posted on: February 3, 2017 9:31 am | Last updated: February 3, 2017 at 11:39 am

കൊഹിമ: തദ്ദേശസ്വഭരണ തിരഞ്ഞെടുപ്പിലെ വനിതാ സംവരണത്തിനെതിരെ നാഗാലാന്‍ഡില്‍ പ്രക്ഷോഭം പടരുന്നു. തലസ്ഥാനത്തെ നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പ്രക്ഷോഭകര്‍ തീയിട്ടു. കൊഹിമ മുന്‍സിപ്പല്‍ കൗണ്‍സില്‍ ഓഫീസ് അടക്കമുള്ള കെട്ടിടങ്ങള്‍ അക്രമാസക്തരായ ജനക്കൂട്ടം തീയിട്ടു. സെക്രട്ടറിയേറ്റ് ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയാണ് സെക്രട്ടറിയേറ്റ് കെട്ടിടം.

ക്രമസമാധാന നില അതീവ അപകടകരമാണെന്ന് ഡിജിപി എല്‍എല്‍ ഡൗംഗല്‍ പറഞ്ഞു. അസം റൈഫിള്‍സിന്റെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച രാത്രി നാഗാലാന്‍ഡിലെ വാണിജ്യകേന്ദ്രമായ ദിമാപൂരില്‍ പോലീസ് നടത്തിയെ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണ്. നാഗാലാന്‍ഡിലെ ഗോത്രവര്‍ഗ്ഗാക്കാര്‍ സ്ത്രീകള്‍ നേതൃസ്ഥാനത്ത് വരുന്നതിന് എതിരാണ്.

ഇവരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. ഭരണഘടനയുടെ 371A വകുപ്പ് നാഗാ ഗോത്രവര്‍ഗക്കാരുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ അവകാശം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ ലംഘനമാണെന്ന് പ്രക്ഷോഭകാരികള്‍ പറയുന്നത്.