ഇ അഹമ്മദിന്റെ മരണം ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം

Posted on: February 3, 2017 11:12 am | Last updated: February 4, 2017 at 12:37 am

ന്യൂഡല്‍ഹി: മുസ്ലിംലീഗ് ദേശീയ പ്രസിഡന്റും മുന്‍ വിദേശകാര്യ സഹമന്ത്രിയും എംപിയുമായ ഇ അഹമ്മദിന്റെ മരണ വിവരം കേന്ദ്ര സര്‍ക്കാര്‍ മറച്ചുവെച്ചെന്ന ആരോപണത്തില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സഭയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സഭയുടെ നടുത്തളത്തിലിറങ്ങി അംഗങ്ങള്‍ ബഹളം വെച്ചത്. ഇതേ തുടര്‍ന്ന് സഭ 12 മണിവരെ നിര്‍ത്തിവെച്ചു.

ആര്‍എംഎല്‍ ആശുപത്രി അധികൃതരുടെ നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇത് പരിഗണിക്കാതെ സ്പീക്കര്‍ ചോദ്യോത്തര വേളയുമായി മുന്നോട്ട് പോയതോടെ പ്രതിപക്ഷം നടുത്തത്തലിറങ്ങി ബഹളം വെക്കുകയായിരുന്നു.

ബജറ്റ് അവതരണം മുടങ്ങരുതെന്നു കരുതി ഇ. അഹമ്മദിന്റെ മരണവിവരം കേന്ദ്രസര്‍ക്കാര്‍ മറച്ചുവെക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ബജറ്റ് അവതരണ തലേന്ന് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ് ആശുപത്രിയിലായപ്പോള്‍ അഹമ്മദിനെ വെന്റിലേറ്ററിലാക്കി. ബന്ധുക്കളെപോലും അദ്ദേഹത്തെ കാണാന്‍ അനുവദിച്ചില്ല. മതപരമായ അനുഷ്ഠാനങ്ങള്‍ക്ക് സമ്മതിക്കാത്തതിന് പിന്നിലും ദുരൂഹതയുണ്ടെന്നായിരുന്നു ആരോപണം.