Connect with us

Sports

ലംപാര്‍ഡ് ബൂട്ടഴിച്ചു, കോച്ചാകുവാന്‍ ഒരുക്കം

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലണ്ടിന്റെയും ചെല്‍സിയുടെ ഇതിഹാസതാരം ഫ്രാങ്ക് ലംപാര്‍ഡ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയറില്‍ നിന്ന് വിരമിച്ചു. ഇരുപത്തൊന്ന് വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ ലംപാര്‍ഡ് അറിയിച്ചു. പരിശീലനാവുകയാണ് ലക്ഷ്യമെന്ന് ലംപാര്‍ഡ് സൂചിപ്പിക്കുന്നു.

ചെല്‍സിക്കായി 649 മത്സരങ്ങള്‍ കളിച്ച ലംപാര്‍ഡ് ഇംഗ്ലണ്ടിനായി 106 മത്സരങ്ങള്‍ക്കിറങ്ങി.
കരിയര്‍ തുടരാന്‍ വിവിധ ക്ലബ്ബുകളില്‍ നിന്ന് മികച്ച ഓഫറുകള്‍ വന്നു കൊണ്ടിരിക്കുന്നു. അതിനിടയിലാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. മുപ്പത്തെട്ട് വയസായി. ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിക്കുവാനുള്ള സമയമായിരിക്കുന്നു – ലംപാര്‍ഡ് പറഞ്ഞു.

വെസ്റ്റ്ഹാമില്‍ നിന്ന് 2001 ലാണ് ലംപാര്‍ഡ് ചെല്‍സിയിലെത്തുന്നത്. ക്ലബ്ബ് റെക്കോര്‍ഡായ 211 ഗോളുകളുമായി ലംപാര്‍ഡ് ചെല്‍സിക്ക് സമ്മാനിച്ചത് അഭിമാനാര്‍ഹമായ കിരീട നേട്ടങ്ങളാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ യൂറോപ ലീഗ്, മൂന്ന് പ്രീമിയര്‍ ലീഗുകള്‍, നാല് എഫ് എ കപ്പുകള്‍, രണ്ട് ലീഗ് കപ്പുകള്‍, ഒരു കമ്മ്യൂണിറ്റ് ഷീല്‍ഡ് ഇങ്ങനെ പോകുന്നു ചെല്‍സിക്കൊപ്പം ലംപാര്‍ഡിന്റെ നേട്ടങ്ങള്‍.
2005 സീസണില്‍ പതിമൂന്ന് ഗോളുകള്‍ നേടി ചെല്‍സിയുടെ പ്രീമിയര്‍ ലീഗ് കിരീടനേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. അമ്പത് വര്‍ഷത്തിനിടെ ചെല്‍സി നേടുന്ന ഏറ്റവും പ്രധാനപ്പെട്ട കിരീടമായിരുന്നു ഇത്. 2006 സീസണില്‍ പതിനാറ് ഗോളുകള്‍ നേടി ലംപാര്‍ഡ് തിളങ്ങിയപ്പോള്‍ ചെല്‍സി കിരീടം നിലനിര്‍ത്തി. ആ വര്‍ഷം ഫിഫ ലോക പ്ലെയര്‍, ബാലണ്‍ ദ്യോര്‍ പുരസ്‌കാരങ്ങളില്‍ ലംപാര്‍ഡ് ഫസ്റ്റ് റണ്ണറപ്പായി.
റിയാന്‍ ഗിഗ്‌സും (632), ഗാരെത് ബാരിയും (615) കഴിഞ്ഞാല്‍ കൂടുതല്‍ പ്രീമിയര്‍ ലീഗ് മത്സരം കളിച്ചത് ലംപാര്‍ഡാണ് (609). പ്രീമിയര്‍ ലീഗില്‍ ബോക്‌സിന് പുറത്ത് വെച്ച് ഏറ്റവുമധികം ഗോള്‍ നേടിയ താരം ലംപാര്‍ഡാണ്. 41 ഗോളുകള്‍ !
ഏറ്റവുമധികം പെനാല്‍റ്റി ഗോളുകള്‍ പേരില്‍ കുറിച്ച ഇംഗ്ലണ്ട് താരം ലംപാര്‍ഡാണ്. ഒമ്പത് ഗോളുകള്‍. ഷൂട്ടൗട്ട് ഗോളുകള്‍ ഇതില്‍ ഉള്‍പ്പെടില്ല.
ചെല്‍സിക്കായി തുടരെ പത്ത് സീസണുകളില്‍ പത്തോ അതിലധികമോ ഗോളുകള്‍ നേടി റെക്കോര്‍ഡിട്ടു ലംപാര്‍ഡ്.
ചെല്‍സി ആദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തുമ്പോള്‍ ഫ്രാങ്ക് ലംപാര്‍ഡായിരുന്നു ക്യാപ്റ്റന്‍.

 

Latest