Connect with us

Kozhikode

അച്ചടക്കമുള്ള ജീവിത ശൈലി ചിട്ടപ്പെടുത്തണം : സച്ചിന്‍

Published

|

Last Updated

സച്ചിന് ഡോ. ആസാദ് മൂപ്പന്‍ ഉപഹാരം സമ്മാനിക്കുന്നു

കോഴിക്കോട്: ആരോഗ്യ സംരക്ഷണവും അച്ചടക്കമുള്ള ജീവിത ശൈലിയും ഓരോരുത്തരും ചിട്ടപ്പെടുത്തണം. ആരോഗ്യമുള്ള ശരീരത്തിനൊപ്പം ആരോഗ്യമുള്ള മനസും ഉണ്ടാകേണ്ടതുണ്ട്. കുട്ടികളില്‍ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ മുതിര്‍ന്ന കുടുംബാംഗങ്ങള്‍ ശ്രമിക്കണം – ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. ആസ്റ്റര്‍ മിംസിലെ സ്‌പോര്‍ട്‌സ് മെഡിസിന്‍ കേന്ദ്രവും ആധുനിക പുനരധിവാസ കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട പരുക്കുകള്‍ നിസാരമായി കാണരുതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സ്‌പോര്‍ട്‌സും ആരോഗ്യവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. താന്‍ ഷേവ് ചെയ്തു തുടങ്ങുന്ന കാലത്തിന് മുമ്പ കോഴിക്കോട്ട് വന്നതായും സച്ചിന്‍ ഓര്‍മിച്ചു. കേരള ബ്ലസ്റ്റേഴ്‌സിന് കഴിഞ്ഞ വര്‍ഷം വെല്ലുവിളിയുള്ള സീസണായിരുന്നെങ്കിലും ശക്തമായ ഗ്രൗണ്ട് സപ്പോര്‍ട്ട് കിട്ടിയതിനാല്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ കഴിഞ്ഞു. അടുത്തതായി ഒരു പ്രദര്‍ശന മത്സരം കോഴിക്കോട്ട് സംഘടിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സച്ചിന്‍ പറഞ്ഞു.

ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അധ്യക്ഷത വഹിച്ചു. ജൂനിയര്‍ മാസ്റ്റേഴ്‌സ് എന്ന പദ്ധതി പ്രകാരം തിരഞ്ഞെടുത്ത അഞ്ജു ജാസ്മിന്‍, ഉദയ് പ്രകാശ്, ഗായത്രി നമ്പ്യാര്‍, വി എം അഭിരാമി, ടി കെ സച്ചിന്‍, ജയ്ശങ്കര്‍ എന്നിവര്‍ക്ക് സച്ചിന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
കരിയറില്‍ കളിച്ച 1524 മാച്ചുകളുടെ ആദരസൂചകമായി 1524 കുരുമുളക് ഉപയോഗിച്ച് നിര്‍മിച്ച ഛായാചിത്രം ആസാദ് മൂപ്പന്‍ സച്ചിന് കൈമാറി.

 

Latest