Connect with us

Sports

ക്യാഷ് കേരളക്ക് അഭിമാനമായി സിജോമോന്‍ ജോസഫ്

Published

|

Last Updated

കൊച്ചി: സിജോമോന്‍ ജോസഫിലൂടെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യാഷ് കേരള അക്കാദമിക്ക് അഭിമാന നിമിഷം. കെ സി എ ക്യാഷ് കേരള അക്കാദമിയില്‍ നിന്നും ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യ താരമായിരിക്കുകയാണ് കേരള അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ കൂടിയായ സിജോമോന്‍ ജോസഫ്.
2010ലാണ് സിജോമോന്‍ കോട്ടയത്തുള്ള കെ സി എ ജില്ലാ അക്കാദമിയിലെത്തുന്നത്. ഇവിടെയത്തുമ്പോള്‍ ലെഫ്റ്റ് ആം ഫാസ്റ്റ് ബൗളറായിരുന്നു സിജോമോന്‍. എന്നാല്‍ അക്കാദമിയില്‍ വെച്ചാണ് സ്പിന്‍ വൈദഗ്ധ്യം തിരിച്ചറിയപ്പെടുന്നത്.
ക്രിക്കറ്റില്‍ തന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് മികച്ച അവസരങ്ങളുണ്ടാക്കി തന്നത് കെ സി എ അക്കാദമിയാണെന്ന് താരം പറയുന്നു. രണ്ടാം വര്‍ഷി ബിരുദ വിദ്യാര്ത്ഥി യായ സിജോമോന്‍ ജോസഫ് നിലവില്‍ തേവര എസ് എച്ച് കോളേജിലുള്ള കെ സി എ സ്‌റ്റേറ്റ് സീനിയര്‍ അക്കാദമിയില്‍ അംഗമാണ്.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ അണ്ടര്‍ 14 സ്‌റ്റേറ്റ് ടീമില്‍ അംഗമായ സിജോ ഒരു വര്‍ഷം ടീമിന്റെ നായക സ്ഥാനവും വഹിച്ചു. മൂന്ന് വര്‍ഷം അണ്ടര്‍ 16 സംസ്ഥാന ടീമിലും അംഗമായിരുന്നു.കേരള അണ്ടര്‍ 19 ടീമിനെ മൂന്ന് വര്‍ഷമായി പ്രതിനിധീകരിക്കുന്ന സിജോമോന്‍ ഈ സീസണില്‍ കൂച്ച് ബിഹാര്‍ ട്രോഫിയില്‍ ആറ് മത്സരങ്ങളില്‍ നിന്നായി 41 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2015ലും 2016ലും അണ്ടര്‍ 19 സൗത്ത് സോണ്‍ ടീമിലും അംഗമായിരുന്നു.
2009 ലാണ് കെ സി എ ക്യാഷ് കേരള അക്കാദമി സ്ഥാപിക്കുന്നത്. മൂന്ന് അക്കാദമികളായി ആരംഭിച്ച ക്യാഷ് കേരള അക്കാദമി പിന്നീട് എല്ലാ ജില്ലകളിലേക്കും വളര്‍ന്നു. കളിക്കാക്കായി മികച്ച പരിശീലനം ലഭ്യമാക്കുന്നതിനൊപ്പം, താമസം, ഭക്ഷണം, ക്രിക്കറ്റ് ഗിയര്‍ എന്നിവയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കുന്നു.
സിജോമോന് പുറമെ മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍ , അനന്തകൃഷ്ണന്‍, ടി. നിഖില്‍, ആല്‍ബിന്‍ ഏലിയാസ്, എന്‍ പി ബേസില്‍, അമല്‍ സി എ, അക്ഷയ് മനോഹര്‍,ആതിഫ് ബിന്‍ അഷ്‌റഫ് എന്നിവരും കെ സി എ അക്കാദമിയുടെ സംഭാവനകളാണ്.