Connect with us

Editorial

റെയില്‍വേ: അടിസ്ഥാന വികസനത്തിന് ഊന്നല്‍

Published

|

Last Updated

പൊതു-റെയില്‍വേ ബജറ്റുകളുടെലയനത്തിന് ശേഷം അവതരിപ്പിച്ച ആദ്യ ബജറ്റില്‍ റെയില്‍വേയുടെ അടിസ്ഥാന വികസനത്തിനാണ് ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി ഊന്നല്‍ നല്‍കിയത്. പ്രത്യേക റെയില്‍വേ ബജറ്റ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് നിതി ആയോഗ് നേരത്തെ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റെയില്‍വേയുടെ പശ്ചാത്തല സൗകര്യവും സേവനവും മെച്ചപ്പെടുത്താന്‍ ഇത് കൂടുതല്‍ സഹായകമാകുമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. പ്രത്യേക റെയില്‍വേ ബജറ്റ് അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാതെ കേവലം പ്രഖ്യാപനങ്ങള്‍ക്കു മാത്രം പ്രാധാന്യം നല്‍കുന്നതായും ഇതുകൊണ്ട് റെയില്‍വേക്ക് ഗുണമില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഇത്തവണ ബജറ്റില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചത്. പുതിയ തീവണ്ടികള്‍, പാത ദീര്‍ഘിപ്പിക്കല്‍, വൈദ്യുതീകരണം പോലുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ല.

റെയില്‍വേ സുരക്ഷക്ക് ഒരു ലക്ഷം കോടിയുടെ നിധിയാണ് മുഖ്യ വാഗ്ദാനം. പാത നവീകരണം, പാലങ്ങള്‍ ബലപ്പെടുത്തല്‍, മേല്‍പാലങ്ങളുടെ നിര്‍മാണം എന്നിവക്കായിരിക്കും പ്രധാനമായും ഈ തുക ചെലവഴിക്കുക. 3500 കി.മീറ്റര്‍ പുതിയ പാതകള്‍, 2019ല്‍ എല്ലാ കോച്ചുകളും പരിസ്ഥിതി സൗഹൃദം, സോളാര്‍ വൈദ്യുതി ഉത്പാദനം 7000 സ്‌റ്റേഷനുകളിലേക്കു വ്യാപിപ്പിക്കല്‍, പ്രധാന സ്‌റ്റേഷനുകളില്‍ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, 500 സ്റ്റേഷനുകളില്‍ ലിഫ്റ്റ്, സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി എല്ലാ കോച്ചുകളിലും ടോയ്‌ലറ്റ്, കോച്ച് സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ ഏക ജാലക സംവിധാനം, 2019-ഓടെ എല്ലാ ആളില്ലാ റെയില്‍വേ ക്രോസുകളും നിര്‍ത്തലാക്കുക, മെട്രോ റെയില്‍ നയം നടപ്പാക്കല്‍, വിനോദ,തീര്‍ഥാടന സൗകര്യത്തിന് പ്രത്യേക തീവണ്ടികള്‍ തുടങ്ങിയവയാണ് മറ്റു വാഗ്ദാനങ്ങള്‍. നഷ്ടപ്പെട്ട ചരക്ക് ഗതാഗതം തിരിച്ചു പിടിക്കാന്‍ എന്‍ഡ് ടു എന്‍ഡ് സര്‍വീസുകളാണ് മറ്റൊന്ന്. 1960-ല്‍ രാജ്യത്തെ ചരക്ക് കടത്തില്‍ 82 ശതമാനം റെയില്‍വേയാണ് നിര്‍വഹിച്ചതെങ്കില്‍ ഇന്നത് വെറും 30 ശതമാനമാണ്. എന്‍ഡ് ടു എന്‍ഡ് സര്‍വീസുകള്‍ റെയില്‍ വഴിയുള്ള ചരക്ക് നീക്കം വര്‍ധിപ്പിക്കാന്‍ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൊത്തം 1,31,000കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച ബജറ്റ് 55,000കോടിയുടെ അധിക സഹായം റെയില്‍വേക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഐ ആര്‍ സി ടി സി വഴി ബുക്കിംഗിനും ഓണ്‍ലൈന്‍ റിസര്‍വേഷനും ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് ഒഴിവാക്കാനും പരാതികള്‍ പരിഹരിക്കുന്നതിന് ഏക ജാലക സംവിധാനം ഏര്‍പ്പെടുത്താനുമുള്ള തീരുമാനം യാത്രക്കാര്‍ക്ക് ഏറെ അനുഗൃഹമാകും. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍വീസ് ചാര്‍ജ് ഉപേക്ഷിക്കുന്നത്. യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമാണിത്. നിലവില്‍ വിവിധ പരാതികള്‍ പരിഹരിക്കാന്‍ കേന്ദ്രീകൃത സംവിധാനമില്ലാത്തത് യാത്രക്കാര്‍ക്ക് വല്ലാതെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഏകജാലക സംവിധാനം ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
മെട്രോ റെയില്‍ പദ്ധതികളില്‍ പൊതുസ്വകാര്യ പങ്കാളിത്തം, റെയില്‍വേ കമ്പനികളായ ഐ ആര്‍ സി ടി സിയും ഇര്‍കോര്‍സും ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യല്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ റെയില്‍വേയില്‍ സ്വകാര്യവത്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ബിസിനസ് ലക്ഷ്യമാക്കി റെയില്‍വേ നവീകരിക്കണമെന്ന്, സ്ഥാപനത്തെ കാര്യക്ഷമവും ലാഭകരവുമാക്കുന്നതു സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച ഡോ. ബിബേക് ഡിബ്രോയ് സമിതി ശിപാര്‍ശ ചെയ്തിരുന്നു. അതിന്റെ പ്രായോഗികവത്കരണമായാണിത് വിലയിരുത്തപ്പെടുന്നത്. പദ്ധതികള്‍ക്ക് സ്വന്തമായി പണം മുടക്കുന്ന പതിവില്‍ നിന്ന് പിന്‍വലിഞ്ഞു ഇനി സംസ്ഥാന സര്‍ക്കാറുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും കോര്‍പറേറ്റുകളുടെയും സര്‍ക്കാറിതര സംഘടനകളുടെയും ബേങ്കുകളുടെയും മറ്റും സഹകരണത്തോടെ മാത്രമേ പദ്ധതികള്‍ ഏറ്റെടുക്കുകയുള്ളൂവെന്നതാണ് പുതിയ നയം. ഇതടിസ്ഥാനത്തില്‍ 70 പദ്ധതികള്‍ സംസ്ഥാനങ്ങളുമായി സഹകരിച്ചു നടപ്പാക്കുമെന്നും ഒന്‍പത് സംസ്ഥാനങ്ങളുമായി ഇതുസംബന്ധമായി കരാരില്‍ ഒപ്പു വെച്ചതായും ബജറ്റ് പറയുന്നുണ്ട്.

നിരക്ക് വര്‍ധനയില്ലെങ്കിലും ചെലവ്, ഗുണനിലവാരം, സേവനം എന്നിവ കണക്കാക്കിയായിരിക്കും നിരക്ക് പുതുക്കുകയെന്ന പ്രഖ്യാപനം സമീപഭാവിയില്‍ വര്‍ധനയുണ്ടാകുമെന്നതിന്റെ സൂചനയായി കാണാം. നടപ്പുവര്‍ഷത്തില്‍ വരുമാനത്തില്‍ ലക്ഷ്യം നേടാന്‍ റെയില്‍വേക്കായിട്ടില്ല. 2016 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒമ്പത് മാസത്തെ വരുമാന ലക്ഷ്യം 1.34 കോടി രൂപയായിരുന്നു. എന്നാല്‍, 1.19 കോടിയാണ് ലഭ്യമായത്. ഈ കുറവ് പരിഹരിച്ചു അടുത്ത വര്‍ഷം ലക്ഷ്യം കൈവരിക്കണമെങ്കില്‍ യാത്രാ, ചരക്ക് കൂലിയില്‍ വര്‍ധന അനിവാര്യമാണെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

 

Latest