അവിടെ ജെല്ലിക്കെട്ട്; ഇവിടെ കമ്പള

Posted on: February 3, 2017 6:35 am | Last updated: February 3, 2017 at 12:37 am

കമ്പളക്കു വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു കഴിഞ്ഞയാഴ്ച കര്‍ണാടക ജനത. ചെളിവെള്ളത്തിലൂടെ പോത്തിനെ ഓടിക്കുന്ന കര്‍ണാടകയുടെ സാംസ്‌കാരിക കലയാണത്രെ കമ്പള. കമ്പളയെന്ന പേരിലുള്ള ഈ കളി കര്‍ണാടക ഹൈക്കോടതി നിരോധിച്ചത് കഴിഞ്ഞ നവംബറിലാണ്. പീപ്പീള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് എന്ന മൃഗസ്‌നേഹി സംഘടന നല്‍കിയ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ് കെ മുഖര്‍ജി ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കമ്പള ഇനി വേണ്ടെന്ന് വിധിയെഴുതിയത്. പോത്തിനെ എത്രയും വേഗത്തില്‍ ഓടിക്കാന്‍ കഴിയുക, കൂടുതല്‍ ഉയരത്തില്‍ ചെളി തെറിപ്പിക്കാന്‍ കഴിയുക എന്നിവയാണ് കമ്പള മത്സരത്തിലെ വിജയത്തിന് നിദാനം. പോത്തോട്ട മത്സരത്തിന് അനുമതി വേണമെന്നാവശ്യപ്പെട്ട് കമ്പള നടത്തുന്നവര്‍ ഹൈക്കോടതിയില്‍ ഇതിന് മുമ്പ് ഹരജി നല്‍കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.

എന്നാല്‍, ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് സമരം നീങ്ങിയപ്പോള്‍ കാര്യങ്ങള്‍ പുതിയ പടിയായി. അതായത് രാഷ്ട്രീയ പാര്‍ട്ടികളെയൊന്നും തൊടാനനുവദിക്കാതെ വിദ്യാര്‍ഥികളും ചലച്ചിത്ര നടന്‍മാരും കൂടിയായിരുന്നു കമ്പള സമരം നടത്തിയത്. അയല്‍ സംസ്ഥാനത്ത് ജെല്ലിക്കെട്ടിന് വേണ്ടി തമിഴ്‌നാട്ടുകാര്‍ ഊണും ഉറക്കവും പഠനവും ഒഴിവാക്കി നടത്തിയ പോരാട്ടം വിജയിച്ചത് കണ്ടപ്പോഴാണ് കന്നഡിഗരും രംഗത്തിറങ്ങിയത്. അതായത് തമിഴ്‌നാട് മറീനാ ബീച്ചില്‍ ചരിത്രം സൃഷ്ടിച്ച ജെല്ലിക്കെട്ട് സമരത്തിന്റെ ആവേശപ്പുറത്താണ് കര്‍ണാടകയില്‍ കമ്പളക്ക് വേണ്ടിയുള്ള ആര്‍പ്പുവിളികളുയര്‍ന്നതെന്നര്‍ഥം. മംഗലാപുരം ഭാഗത്തായിരുന്നു ശക്തമായ പ്രക്ഷോഭം. പിന്നീടത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അലയടിച്ചു.
തമിഴ്‌നാടിന്റെയത്രയങ്ങ് ശക്തമായില്ലെങ്കിലും ഏറെക്കുറെ ഒരാഴ്ച കമ്പളയുടെ പേര് ദേശീയാടിസ്ഥാനത്തില്‍ കേള്‍പ്പിക്കാനെങ്കിലും സമരത്തിന് സാധിച്ചിട്ടുണ്ട്. ഇതിന് മുമ്പ് ലോക്കല്‍ ട്രെയിന്‍ അഥവാ സബേര്‍ബന്‍ വേണമെന്നാവശ്യപ്പെട്ട് ഇതേ തരത്തിലൊരു കൂട്ടം വ്യത്യസ്തമായ സമരമുറ നടത്തിയിരുന്നു. ഏതായാലും കമ്പള സമരം വിജയിക്കുന്ന മട്ടിലാണുള്ളത്. മുഖ്യമന്ത്രിയടക്കം രാഷ്ട്രീയ പാര്‍ട്ടികളൊക്കെ പച്ചക്കൊടി കാണിച്ചു കഴിഞ്ഞു. അല്ലെങ്കിലും ഒരു വര്‍ഷത്തിനിടക്ക് കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രിയെങ്ങാനും കമ്പളക്ക് എതിരു നിന്നാല്‍ കമ്പളക്കൊപ്പം കഥ കഴിഞ്ഞതു തന്നെ. ഏതായിരുന്നാലും ഈ വിഷയത്തില്‍ തമിഴ്‌നാട് മോഡല്‍ ഓര്‍ഡിനന്‍സിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുമെന്ന സൂചനയാണുള്ളത്. മൃഗ സ്‌നേഹികളായ പീപ്പീള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പേട്ട)യെ നിരോധിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

**********
രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രായം തടസ്സമാണോ? പ്രായമായവരെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് ശരിയാണോ? ഇന്ത്യന്‍ രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്തതാണ് ഈവിഷയം. കര്‍ണാടകയിലെ രാഷ്ട്രീയ രംഗത്ത് ഈ ചര്‍ച്ചക്കാണിപ്പോള്‍ ചൂട്.
84കാരനായ മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സംഘം മൂലക്കിരുത്താന്‍ നോക്കിയതാണ് പ്രശ്‌നമായത്. എസ് എം കൃഷ്ണ ചില്ലറക്കാരനല്ല. ബെംഗളൂരുവിനെ ഇന്ത്യയുടെ ഐ ടി തലസ്ഥാനമാക്കി മാറ്റുന്നതില്‍ കൃഷ്ണ വഹിച്ച പങ്ക് വലുതാണ്. 1962 മുതല്‍ പാര്‍ലിമെന്ററി രാഷ്ട്രീയത്തിലുള്ള നേതാവ്. മുഖ്യമന്ത്രിയായതിനു പുറമെ, നിരവധി തവണ കേന്ദ്രമന്ത്രി, ഗവര്‍ണര്‍. പറഞ്ഞിട്ടെന്തു കാര്യം പ്രായമായിപ്പോയില്ലേ. അതുകൊണ്ടുതന്നെ കൃഷ്ണയെ ഈയടുത്തൊന്നും കോണ്‍ഗ്രസിന്റെ വേദികളില്‍ കാണാറില്ല. ബെംഗളൂരു സദാശിവപുരത്തെ വീട്ടില്‍ ഒതുങ്ങിയുള്ള ജീവിതം. എന്തെന്നറിയില്ല, കോണ്‍ഗ്രസ് രക്തം സിരകളില്‍ ഓടുന്ന നേതാവെന്ന് നമ്മള്‍ കരുതുന്ന കൃഷ്ണ കഴിഞ്ഞയാഴ്ച എ ഐ സി സി അധ്യക്ഷ സോണിയാഗാന്ധിക്കൊരു കത്തയച്ചു. ഞാന്‍ ഇനി കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് എടുക്കുന്നില്ല, കോണ്‍ഗ്രസിന്റെ ഒരു പരിപാടികള്‍ക്കും എന്നെ ക്ഷണിക്കുകയും ചെയ്യരുത്….. കത്തിന്റെ കോപ്പി ചോര്‍ന്നു, മന്ത്രിമാരടക്കമുള്ള കോണ്‍ഗ്രസുകാര്‍ പറഞ്ഞു, അങ്ങനെ സംഭവിക്കില്ല. എസ് എം കൃഷ്ണ കോണ്‍ഗ്രസ് വിടുകയെന്നത് അവിശ്വസനീയമാണ്. പിറ്റേന്ന് കൃഷ്ണ തന്നെ പത്രക്കാരെ വിളിച്ചു കാര്യങ്ങളവതരിപ്പിച്ചു. പ്രായത്തിന്റെ പേരില്‍ തന്നെ അവഗണിച്ചത് വേദനിപ്പിച്ചെന്ന് പറഞ്ഞാണ് കൃഷ്ണ വാര്‍ത്താ സമ്മേളനം തുടങ്ങിയത്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ പോക്ക് ശുഭസൂചകമല്ലെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസിന് തന്നെപ്പോലുള്ള നേതാക്കളെയല്ല ഇപ്പോള്‍ ആവശ്യമെന്നും പകരം മാനേജര്‍മാരെയാണെന്നും പറഞ്ഞ് പരിഹസിക്കാനും മറന്നില്ല. ഏതായാലും ഹൈക്കമാന്‍ഡും നേതാക്കളുമൊന്നും ഇടപെട്ടിട്ടും കൃഷ്ണ വഴങ്ങുന്ന മട്ടില്ല, ബി ജെ പിയും ജനതാദള്‍ എസും പിന്നാലെ നടക്കുന്നുണ്ട്. ഉപരാഷ്ട്രപതിയായി അവരോധിക്കാമെന്ന് ബി ജെ പി വാക്കു കൊടുത്തെന്നും കേള്‍ക്കുന്നുണ്ട്. ഏതായാലും കൃഷ്ണക്ക് പിന്തുണ അറിയിച്ച് ചില നേതാക്കളൊക്കെ പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നുണ്ട്. അവസാനം ലഭിക്കുന്ന വിവരമനുസരിച്ച് എസ് എം കൃഷ്ണ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നാണ് വിവരം.