ഒബാമയുടെ അഭയാര്‍ഥി കരാറിനെ പുച്ഛിച്ച് ട്രംപ്

Posted on: February 3, 2017 12:05 am | Last updated: February 2, 2017 at 11:50 pm

വാഷിംഗ്ടണ്‍: ആസ്‌ത്രേലിയയില്‍ നിന്ന് അഭയാര്‍ഥികളെ അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ ഒബാമയുമായി ഉണ്ടാക്കിയ ധാരണക്കെതിരെ ട്രംപ്. ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്ളും ഒബാമയും തമ്മിലുണ്ടായ ധാരണയെ അധിക്ഷേപിച്ച് ട്രംപ് ട്വീറ്റ് ചെയ്തു. ഒബാമ ഭരണകൂടത്തിന്റെ മനുഷ്യത്വപരമായ തീരുമാനത്തെ മോശമായി ആക്ഷേപിച്ചാണ് ട്രംപിന്റെ ട്വീറ്റ്. ട്രംപും ടേണ്‍ബുള്ളും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തിലും അഭയാര്‍ഥി കൈമാറ്റ കരാറിനെതിരെ ട്രംപ് നിലപാട് സ്വീകരിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ട്രംപിന്റെ അഭയാര്‍ഥി വിരുദ്ധ നിലപാട് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പതിറ്റാണ്ടുകളുടെ സൗഹൃദം അവസാനിക്കുന്നതിലേക്കാണ് പോകുന്നത്. ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നായി ആസ്‌ത്രേലിയയിലേക്ക് പുറപ്പെട്ട 1,250 ഓളം അഭയാര്‍ഥികളെ അമേരിക്കയിലേക്ക് കൊണ്ടുപോകാനാണ് ധാരണയിലായിരുന്നത്. അഭയാര്‍ഥികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാതെ പപ്പുവ ന്യൂ ഗിനിയ ദ്വീപിലേക്ക് മാറ്റുകയാണ് ആസ്‌ത്രേലിയ ചെയ്തത്.
കഴിഞ്ഞ നവംബറിലായിരുന്നു അഭയാര്‍ഥികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട കരാര്‍ ഉണ്ടായത്. എന്നാല്‍, ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെയും അഭയാര്‍ഥികളെയും വിലക്കിക്കൊണ്ട് ട്രംപ് പ്രഖ്യാപിച്ച വിവാദ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കരാര്‍ അംഗീകരിക്കാനാകില്ലെന്ന് ട്രംപ് വ്യക്തമാക്കുകയായിരുന്നു.