Connect with us

Gulf

അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്ത് വിലക്കേര്‍പ്പെടുത്തുന്നു

Published

|

Last Updated

കുവൈത്ത് സിറ്റി: ട്രംപിന്റെ വിവാദ വിസാ നിരോധനത്തിന് പിന്നാലെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കുവൈത്ത് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍, സിറിയ, ഇറാന്‍, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെയാണ് കുവൈത്ത് വിലക്കാന്‍ തീരുമാനിച്ചത്. എ എന്‍ ഐ പുറത്തുവിട്ട വാര്‍ത്തക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. വാര്‍ത്ത കുവൈത്തിലെ പാക് എംബസി നിഷേധിച്ചിട്ടുണ്ട്. കുവൈത്തില്‍ നിന്ന് പാക് പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും വാര്‍ത്ത കിംവദന്തി മാത്രമാണെന്നും പാക് അംബാസഡര്‍ ഗുലാം ദസ്തഗിര്‍ പ്രതികരിച്ചിട്ടുണ്ട്. സമാനമായ വാര്‍ത്ത 2011ല്‍ പ്രചരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടൂറിസം, സന്ദര്‍ശന, വാണിജ്യ വിസകള്‍ പോലും നിഷേധിക്കുന്ന നിയമമാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുവൈത്ത് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരമെന്ന നിലക്കാണ് എ എന്‍ ഐ വാര്‍ത്ത പുറത്തുവിട്ടത്. ഇസില്‍ അടക്കമുള്ള തീവ്രവാദികളെ തടയാനാണ് പുതിയ നിരോധനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ന്യായീകരിക്കുന്നുണ്ട്. നേരത്തെ 2011ല്‍ സിറിയന്‍ പൗരന്മാരുടെ വിസ നിഷേധിച്ച രാജ്യമാണ് കുവൈത്ത്. ഈ സാഹചര്യത്തില്‍ പുതിയ വാര്‍ത്തയുടെ സാധ്യത തള്ളിക്കളയാനാകില്ല.

സിറിയയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ തടയാന്‍ പുതിയ നടപടി കാരണമായേക്കും. മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കിടയില്‍ ഗുരുതരമായ നയതന്ത്ര പ്രതിസന്ധിക്ക് ഇത് കാരണമായേക്കും. പാക്കിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് തൊഴിലാളികള്‍ കുവൈത്തില്‍ ജോലി ചെയ്യുന്നുണ്ട്. പുതിയ നിയമം നടപ്പിലാക്കുകയാണെങ്കില്‍ തൊഴില്‍ മേഖല പ്രതിസന്ധിയിലാകും. നിര്‍മാണ മേഖലയിലാണ് ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ജോലി ചെയ്യുന്നത്. എ എന്‍ ഐ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ കുവൈത്തിലെ പാക്, ഇറാന്‍, ഇറാഖ്, അഫ്ഗാന്‍ പൗരന്മാര്‍ ആശങ്കയിലായിരിക്കുകയാണ്.
ഇസിലടക്കമുള്ള തീവ്രവാദി സംഘടനകളുടെ ആക്രമണ ഭീഷണി നേരിടുന്ന ജി സി സി രാജ്യമാണ് കുവൈത്ത്. ശിയാ പള്ളിയിലും മറ്റുമായി 2015ല്‍ തീവ്രവാദി ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, തീവ്രവാദി ആക്രമണങ്ങളുടെ പേരില്‍ ചില പ്രത്യേക രാജ്യങ്ങളിലെ പൗരന്മാരെ വിലക്കുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായേക്കും.

Latest