ആധുനിക ഗള്‍ഫ്-ഇന്ത്യ ബന്ധത്തില്‍ നിര്‍ണായക പങ്ക്‌

Posted on: February 2, 2017 8:55 pm | Last updated: February 2, 2017 at 9:59 pm
SHARE
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഇ അഹ്മദ് സ്വീകരിക്കുന്നു (ഫയല്‍)

ഗള്‍ഫ്-ഇന്ത്യാ ബന്ധത്തില്‍ വലിയ പുരോഗതിയുണ്ടാക്കാന്‍ ചാലകശക്തിയായ നേതാവാണ് കഴിഞ്ഞ ദിവസം ഈ ലോകത്തോട് വിടപറഞ്ഞ ഇ അഹ്മദ്. കേന്ദ്രമന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും ഗള്‍ഫ് ഭരണകൂടങ്ങളുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. നിരവധി തവണ യു എ ഇ, സഊദി അറേബ്യ, തുടങ്ങി മിക്ക രാജ്യങ്ങളും സന്ദര്‍ശിച്ചു. അപ്പോഴൊക്കെ, ഇന്ത്യന്‍ മതനിരപേക്ഷയുടെ യശസ് ഉയര്‍ത്തിപ്പിടിക്കുന്നതിലും ശ്രദ്ധിച്ചു.
ഇ അഹ്മദ് ലോക്‌സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത് 1991ലാണെങ്കിലും അതിന് മുമ്പ് കേരള നിയമസഭാംഗമായിരിക്കെ ഗള്‍ഫ് രാജ്യങ്ങളുമായും ഇവിടത്തെ മലയാളി പ്രമുഖരുമായും ബന്ധം തുടങ്ങി. ലോക്‌സഭയില്‍ എത്തിപ്പെട്ടതോടെ ഗള്‍ഫ് മേഖലയിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റുകള്‍ക്കു മുന്നില്‍ ഉന്നയിക്കാന്‍ അവസരവും ലഭിച്ചു.

1984ല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഉന്നതതല വാണിജ്യ വ്യാപാര പ്രതിനിധി സംഘത്തെ ഇ അഹ്മദ് നയിച്ചു. 1997ല്‍ സഊദിയിലുണ്ടായ തീപിടുത്തം അന്വേഷിച്ച വസ്തുതാന്വേഷണ സംഘത്തിലെ അംഗമായി. 2000ത്തില്‍ ജോര്‍ദാനില്‍ നടന്ന പാര്‍ലമെന്ററി കോണ്‍ഫറന്‍സിനുള്ള ഇന്ത്യന്‍ സംഘത്തില്‍ അംഗമായി. 2006ല്‍ ദുബൈ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ റാശിദ് അല്‍ മക്തൂം നിര്യാതനായപ്പോള്‍ ഉപരാഷ്ട്രപതി ഭൈറോണ്‍ സിംഗ് ശിഖാവത്തിനൊപ്പം ഇന്ത്യയെ പ്രതിനിധീകരിച്ച് യു എ ഇയിലെത്തി.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു. ജി സി സി രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷന്‍ മേധാവികളുടെ രണ്ട് ദിവസത്തെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
2013ല്‍ അബുദാബി, മനാമ, ബെയ്‌റൂത്ത് തുടങ്ങിയ അറബ് നഗരങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുത്തു. ഗള്‍ഫ് മന്ത്രിസഭാ തലവന്മാരുടെ സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായിരുന്നു. മികച്ച പാര്‍ലമെന്റേറിയന്‍ എന്ന പോലെ നയതന്ത്രജ്ഞനുമായിരുന്നു. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും പാരസ്പര്യമുണ്ടാക്കുന്നതില്‍ എപ്പോഴും ഔത്സുക്യം കാട്ടി. ഹജ്ജ് തീര്‍ഥാടക ക്വാട്ട വര്‍ധിപ്പിക്കാനും വാണിജ്യ വ്യവസായ നിക്ഷേപം ഇടതടവില്ലാതെ ഒഴുകാനും ശ്രമം നടത്തി.
പല ഗള്‍ഫ് ഭരണാധികാരികളുമായും വ്യക്തിപരമായ അടുപ്പം പുലര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ കുടുംബഗങ്ങളില്‍ പലരും ഗള്‍ഫിലുള്ളതിനാല്‍ ഇടക്കിടെ സ്വകാര്യ സന്ദര്‍ശനങ്ങളും അനിവാര്യമായിരുന്നു. ദുബൈയില്‍ എത്തുമ്പോള്‍ മകള്‍ ഡോ. ഫൗസിയ ഷേര്‍സാദയോടൊപ്പമാണ് താമസിച്ചിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here