ടെക്‌നീഷ്യന്‍മാരെ കര്‍ശനമായി നിരീക്ഷിക്കണമെന്ന് ശിപാര്‍ശ

Posted on: February 2, 2017 9:24 pm | Last updated: February 2, 2017 at 9:24 pm
SHARE
കഴിഞ്ഞ ദിവസം ചേര്‍ന്ന സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം

ദോഹ: ഇലക്ട്രീഷ്യന്‍, എ സി മെക്കാനിക്, പ്ലംബര്‍, മറ്റ് ടെക്‌നീഷ്യന്‍മാര്‍ തുടങ്ങിയവരുടെ മേല്‍ കൂടുതല്‍ നിരീക്ഷണം നടത്താന്‍ ഭരണ വികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയത്തിന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സിലി (സി എം സി)ന്റെ ശിപാര്‍ശ. യോഗ്യതയില്ലാത്തവര്‍ നടത്തുന്ന അറ്റകുറ്റപ്പണികള്‍ കാരണം തങ്ങള്‍ക്ക് ഭീമമായ നഷ്ടം പറ്റിയതായി തദ്ദേശീയര്‍ പരാതിപ്പെടുന്നതായും നിരവധി മുനിസിപ്പല്‍ അംഗങ്ങള്‍ യോഗത്തില്‍ പറഞ്ഞു.

ടെക്‌നീഷ്യന്മാരുടെ തൊഴില്‍ നിയന്ത്രിക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ മേല്‍നോട്ടം അനിവാര്യമാണെന്ന് ഡിസ്ട്രിക്ട് ഒമ്പതില്‍ നിന്നുള്ള അംഗം ഫാത്വിമ കുവാരി ആവശ്യപ്പെട്ടു. തൊഴിലിനെ സംബന്ധിക്കുന്ന കാര്‍ഡ് നല്‍കുക പോലുള്ള പുതിയ നടപടിക്രമങ്ങള്‍ അവതരിപ്പിക്കണം. അപ്പോള്‍ തട്ടിപ്പ് തടയാന്‍ സാധിക്കും.

നിശ്ചിത തൊഴിലിന് പ്രാപ്തരാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ തൊഴില്‍ മന്ത്രാലയം യോഗ്യതാ പരീക്ഷ നടത്തുകയും എല്ലാ ടെക്‌നീഷ്യന്മാരെയും പങ്കെടുപ്പിക്കുകയും വേണം. പരീക്ഷയില്‍ വിജയിക്കുന്ന ഇലക്ട്രീഷ്യന്‍, എ സി മെക്കാനിക്, പ്ലംബര്‍ തുടങ്ങിയവര്‍ക്ക് പ്രൊഫഷന്‍ കാര്‍ഡ് നല്‍കുകയും വേണം. തൊഴില്‍ ചെയ്യുമ്പോഴെല്ലാം ഈ കാര്‍ഡ് ധരിക്കണമെന്നും ഫാത്വിമ കുവാരി ആവശ്യപ്പെട്ടു.

അറ്റകുറ്റപ്പണിയില്‍ കഴിവുള്ളവരാണെന്ന് പറഞ്ഞ് ചിലര്‍ ചതിക്കാറുണ്ടെന്ന് മറ്റൊരംഗം മുഹമ്മദ് ബിന്‍ താഫിര്‍ അല്‍ ഹജ്‌രി പറഞ്ഞു. ഭാവിയില്‍ അപകടം ഇല്ലാതിരിക്കാനും തീ പിടിക്കാതിരിക്കാനും പരിചയസമ്പത്തും ശേഷിയുമുള്ള ടെക്‌നീഷ്യനാണ് ഇലക്ട്രിക്കല്‍ പണികള്‍ക്ക് വേണ്ടത്. പത്രങ്ങളില്‍ പരസ്യം നല്‍കിയും പാര്‍പ്പിട കേന്ദ്രങ്ങളില്‍ ബന്ധപ്പെടേണ്ട വിശദാംശങ്ങള്‍ അച്ചടിച്ച ലഘുലേഖ വിതരണം ചെയ്തും അറ്റകുറ്റപ്പണി നടത്തുന്ന സ്വതന്ത്ര ടെക്‌നീഷ്യന്മാരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. അറ്റകുറ്റപ്പണി നടത്തുന്ന കമ്പനികള്‍ക്ക് തൊഴില്‍ മന്ത്രാലയം പ്രൊഫഷന്‍ കാര്‍ഡ് നല്‍കണമെന്ന് ജാസിം അല്‍ മല്‍കി ആവശ്യപ്പെട്ടു. തങ്ങളുടെ തൊഴിലാളികളെ മൂല്യനിര്‍ണയം നടത്തുകയും തൊഴില്‍ ക്ഷമതയും ഗുണനിലവാരവും വര്‍ധിപ്പിക്കുന്നതിന് സമയബന്ധിത പരിശീലനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

സി എം സി വൈസ് പ്രസിഡന്റ് ഹമദ് അല്‍ മുഹന്നദി ഈ ശിപാര്‍ശകള്‍ തൊഴില്‍ മന്ത്രാലയത്തിന് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here