ബജറ്റില്‍ പ്രവാസം ഔട്ട്; പ്രവാസികളും അവഗണിച്ചു

Posted on: February 2, 2017 9:18 pm | Last updated: July 10, 2017 at 5:07 pm
SHARE

ദോഹ: ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പ്രവാസികളെക്കുറിച്ച് പരാമര്‍ശമില്ല. എന്‍ ആര്‍ ഐ, പ്രവാസി, ഓവര്‍സീസ് ഇന്ത്യന്‍സ് തുടങ്ങിയ വാക്കുകള്‍ പോലും ബജറ്റ് പ്രസംഗത്തില്‍ നിന്നും ഒഴിവായപ്പോള്‍ ഖത്വറിലെ പ്രവാസി സമൂഹവും കേന്ദ്ര ബജറ്റിനെ അവഗണിച്ചു. അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രസ്താവനയിറക്കാന്‍ സംഘടനകള്‍ സന്നദ്ധമായില്ല. പാര്‍ലിമെന്റില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ച മുന്‍ കേന്ദ്ര മന്ത്രി ഇ അഹമ്മദിനോട് കാണിച്ച അവഗണനക്കെതിരായ പ്രതിഷേധം കൂടി പ്രതിഫലിപ്പിച്ചാണ് ബജറ്റിനെ പ്രവാസി സമൂഹം അവഗണിച്ചത്.

പതിവുപോലെ പ്രവാസലോകത്തു നിന്നും ചില വ്യവസായ സ്ഥാപനങ്ങളും പ്രതിനിധികളുമാണ് ബജറ്റിനോടുള്ള പൊതു പ്രതികരണവുമായി രംഗത്തു വന്നത്. എന്നാല്‍ ഖത്വറില്‍ അതുമുണ്ടായില്ല. ജനുവരി ആദ്യത്തില്‍ ബെംഗ്ലുരുവില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ 145 പ്രതിനിധികള്‍ പങ്കെടുത്ത് ഒട്ടെറെ പ്രവാസി പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നതായി അവകാശപ്പെട്ട് കഴിഞ്ഞ ദിവസവും സംഘടനകള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ പ്രവാസി ഇന്ത്യക്കാരുമായി ബന്ധപ്പെട്ട പ്രത്യേക പരാമര്‍ശമൊന്നുമില്ലാത്ത ബജറ്റുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാന്‍ ഔദ്യോഗിക സംഘടനകളും രംഗത്തു വന്നില്ല.

അതിനിടെ വിദേശ ഇന്ത്യക്കാര്‍ക്ക് വരുമാന നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം ബജറ്റിലുണ്ടാകുമെന്ന് പ്രചാരണമുണ്ടായെങ്കിലും അധിക നികുതി നിര്‍ദേശങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ബജറ്റില്‍ പ്രവാസി പദ്ധതികള്‍ക്കായി പ്രഖ്യാപിച്ച പദ്ധതികളെക്കുറിച്ചും നീക്കിവെച്ച തുക സംബന്ധിച്ചും പുതിയ ബജറ്റില്‍ പരാമര്‍ശമൊന്നുമില്ലെന്നതും അവ്യക്തതകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here