Connect with us

Gulf

വെറുപ്പിന്റെയും ഹിംസയുടെയും രാഷ്ട്രീയത്തിന് മേല്‍ക്കൈ കിട്ടിയെന്ന് എം എന്‍ കാരശ്ശേരി

Published

|

Last Updated

ദോഹ: വെറുപ്പിന്റെയും ഹിംസയുടെയും രാഷ്ട്രീയത്തിന് മേല്‍ക്കൈ കിട്ടിയ കാലമാണിതെന്ന് സാമൂഹിക വിമര്‍ശനകന്‍ ഡോ. എം എന്‍ കാരശ്ശേരി അഭിപ്രായപ്പെട്ടു. ഗാന്ധിജിയെ വധിച്ചയാളെ മഹാനായ ഗോഡ്‌സേ ജി എന്നു വിശേഷിപ്പിക്കപ്പെടുന്നത് കേള്‍ക്കേണ്ടി വരുന്നു. ഫാസിസം നരേന്ദ്രമോദിയുടെ വീട്ടുപേരല്ല. പൗരാവകാശവും ജനാധിപത്യവും നിഷേധിക്കുന്നതെല്ലാം ഫാസിസമാണ്. അടിയന്തരമാവസ്ഥക്കാലത്ത് ഇന്ദിരയുടെ ഇന്ത്യ എന്നു വിളിക്കപ്പെട്ടതു പോലെയാണ് ഇപ്പോള്‍ മോദിയുടെ ഇന്ത്യ എന്നു വിശേഷിപ്പിക്കപ്പെടുന്നത്. ദോഹയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ മനുഷ്യ സമ്പത്തുള്ള ഇന്ത്യ പലവട്ടം വിഭജിക്കപ്പെട്ടിട്ടും പാഠം പഠിച്ചില്ല. ഇപ്പോള്‍ ഹിന്ദുരാഷ്ട്രവാദം തലപൊക്കി. ഗോഡ്‌സേ രാഷ്ട്രനായകനായി. ഹിന്ദുത്വത്തെ വിമര്‍ശിച്ചാല്‍ അത് രാഷ്ട്രത്തിനെതിരാണെന്ന സ്ഥിതി വന്നിരിക്കുന്നു. സംഘ്പരിവാര്‍ മാത്രമല്ല ഫാസിസം. യു പിയില്‍ ഗോവധനിരോധം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. അവിടെയും ഈ കളിയൊക്കെയുണ്ട്. എന്നാല്‍ അത് സംഘ്പരിവാറിനോളം പരുക്കനല്ലെന്നുമാത്രം. ജനാധിപത്യത്തിന്റെ അന്തസ്സിനാണ് മുറിവേല്‍ക്കുന്നത്. ചോദ്യം ചെയ്യാന്‍ പാടില്ലെന്നത് ജനാധിപത്യവിരുദ്ധമാണ്. ഭരണഘടനപോലും ചോദ്യം ചെയ്യാന്‍ പാടില്ലാത്ത വിശുദ്ധ ഗ്രന്ഥമല്ല. ഗാന്ധിജിയെ വിമര്‍ശിക്കാന്‍ പാടില്ലെന്നു പറഞ്ഞാല്‍ പിന്നെ ഗാന്ധിജി സ്വാതന്ത്ര്യത്തിനു വേണ്ടി എടുത്ത പണി വെറുതെയാകും.
ചോദ്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥ എല്ലാ പാര്‍ട്ടിയിലുമുണ്ട്. പിണറായി വിജയനെ ചോദ്യം ചെയ്ത് ആര്‍ക്കെങ്കിലും സി പി എമ്മില്‍ നില്‍ക്കാന്‍ കഴിയുമോ. വി എസ് ഇപ്പോള്‍ അനുഭവിക്കുന്നത് അതിന്റെ ദുരന്തമാണ്. ലീഗിലും കോണ്‍ഗ്രസിലും ജനതാദളിലുമെല്ലാം ഈ പ്രശ്‌നമുണ്ട്. കുടുംബവാഴ്ചയുടെ പേരില്‍ ഒരു പ്രാപ്തിയുമില്ലാത്ത രാജീവ് ഗാന്ധിയെ പ്രസിഡന്റും പ്രധാനമന്ത്രിയുമാക്കിയാണ് ഗാന്ധിജി പ്രസിഡന്റായ കോണ്‍ഗ്രസിനെ തകര്‍ത്തത്. സംഘ്പരിവാറിനെതിരെ യോജിക്കണമെന്ന് പറയുന്നതിലെ രാഷ്ട്രീയം സി പി എമ്മിനു മനസ്സിലാകുന്നില്ല. വിശുദ്ധമായവ സെക്യുലറല്ല. രാഷ്ട്രീയത്തിലേക്ക് മതം വന്നാല്‍ അത് സെക്യുലറല്ലാതാകും. മതത്തില്‍ ചോദ്യം ചെയ്യലുകള്‍ക്ക് സ്ഥാനമില്ല.

കേരളത്തില്‍ സമ്പത്തും സമൃദ്ധിയും കൂടിയപ്പോള്‍ സന്തോഷം ഇല്ലാതായി. രാഷ്ട്രീയകൊലപാതകം എന്ന പദാവലി നമുക്കു ലഭിച്ചിരിക്കുന്നു. രാഷ്ട്രീയത്തില്‍ പ്രതീക്ഷയുണ്ടായിരുന്ന വി എസ് അച്യുതാനന്ദന്‍ ഇപ്പോള്‍ ഓഫീസിന് വലിപ്പവും എ സികളുടെ എണ്ണം പോരെന്നും പറഞ്ഞ് വഴക്കുണ്ടാക്കുകയാണ്. കൈക്കൂലി വാങ്ങിയ ബാബുവിനെ ന്യൂയീകരിച്ച് സുധീരന്‍ രംഗത്തു വരുന്നു. എന്നാല്‍, കാംപസുകളില്‍ നിന്ന് ഉയര്‍ന്നു വരുന്ന പുതിയ സമരങ്ങളിലും ചെറുപ്പക്കാരായ രാഷ്ട്രീയക്കാര്‍ മുന്നോട്ടു വെക്കുന്ന നിലപാടുകളിലും പ്രതീക്ഷയുണ്ട്. വ്യക്തികളില്‍ നിന്നുയര്‍ന്നു വരുന്ന പ്രതിരോധങ്ങള്‍ക്ക് ശക്തി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹരിത രാഷ്ട്രീയം ശക്തിപ്പെട്ടു വരുന്നുണ്ട്. പുഴ വൃത്തിയാക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് കോണ്‍ഗ്രസുകാര്‍ പോലും തിരിച്ചറിയുന്നുണ്ട്. മുന്‍മന്ത്രിയും പാര്‍ലിമെന്റ് അംഗവുമായ ഇ അഹമ്മദിനോടും ബന്ധുക്കളോടും ആശുപത്രി അധികൃതരും സര്‍ക്കാറും കാണിച്ച അനാദരവ് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. കരുണ ഖത്വര്‍ ഭാരവാഹികളായ ശരീഫ് ചെരണ്ടത്തൂര്‍, സുധി നിറം സംബന്ധിച്ചു.

 

Latest