ഇ അഹമ്മദിന്റെ നിര്യാണത്തില്‍ പ്രവാസി സമൂഹം അനുശോചിച്ചു

Posted on: February 2, 2017 8:45 pm | Last updated: February 2, 2017 at 8:22 pm
SHARE

ദോഹ: വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്ത് വരികയും പ്രതിഭാവിലാസം കൊണ്ട് അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനും സുപരിചിതനുമായ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു അന്തരിച്ച ഇ അഹമ്മദെന്ന് കെ എം സി സി സംസ്ഥാന കമ്മറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഇന്ത്യയുടെ ശബ്ദം അന്താരാഷ്ട്ര തലത്തില്‍ എത്തിക്കുന്നതിലും മര്‍ദിത പിന്നോക്ക വിഭാഗത്തിന്റെ ശകത്മായ ശബ്ദമായി നിലകൊള്ളുന്നതിലും സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ച വച്ചത്. അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്കും നയതന്ത്ര ചാതുരിയും എന്നും അനുസ്മരിക്കപ്പെടുന്നതാണെന്നും അനുശോചന സന്ദേശം പറഞ്ഞു.

ദോഹ: ഇന്ത്യ കണ്ട നല്ല ഒരു പാര്‍ലിമെന്റേറിയനും നയതന്ത്രജ്ഞനും ഭരണ കര്‍ത്താവും പ്രാസംഗികനുമാണ് നഷ്ടമായതെന്ന് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കെ കെ ഉസ്മാന്‍ അനുശോചന സന്ദേത്തില്‍ പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ടതും അവഗണിക്കപ്പെട്ടതുമായ സമൂഹത്തിന്റെയും സമുദായതിന്റെയും പടത്തലവനായിരുന്നു ഇ അഹമ്മദ്. വാജ്പയ് ഗവണ്മെന്റ് പോലും മതേതര ഇന്ത്യയുടെ തിളങ്ങുന്ന മുഖമായി വിശേഷിപ്പിച്ച, യു എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രധിനിതീകരിപ്പിച്ച അദ്ദേഹത്തോട് കേന്ദ്ര ഗവണ്‍മെന്റ് കാണിച്ച അവഗണന അത്യധികം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ദോഹ: പാലമെന്ററി രംഗത്തും നയതന്ത്രരംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച രാഷ്ട്രീയ നേതാവിനെയാണ് നഷ്ടമായതെന്ന് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് താജ് ആലുവ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേന്ദ്ര, സംസ്ഥാന മന്ത്രി പദവികള്‍ വഹിച്ച സയമങ്ങളിലെല്ലാം ഭരണപാടവം തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയായിരിക്കെ ഗള്‍ഫ് മേഖലയുമായുളള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ വലിയ സംഭാവനയര്‍പ്പിക്കാന്‍ ഇ അഹമ്മദിന് കഴിഞ്ഞിരുതായും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ദോഹ: പ്രഗത്ഭനായ പാര്‍ലിമെന്റേറിയനും മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങളുടെ ശബ്ദം പാര്‍ലിമെന്റിലും അധികാര കേന്ദ്രങ്ങളിലും എത്തിക്കാന്‍ എന്നും മുന്നില്‍ നിന്ന നേതാവായിരുന്നു അഹമ്മദെന്ന് ദിവാ കാസര്‍ഗോഡ് അനുസ്മരിച്ചു.

ദോഹ: കണ്ണൂരിന്റെ നഗര രാഷ്ട്രീയത്തില്‍ നിന്നും അന്തരാഷ്ട്ര രംഗത്ത് സാന്നിധ്യമറിയിച്ച വ്യക്തിത്വമാണ് ഇ അഹമ്മദിന്റേതെന്ന് സോഷ്യല്‍ ഫോറം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സ്വത്വം നില നിര്‍ത്തിക്കൊണ്ട് അന്തരാഷ്ട്ര തലത്തില്‍ വരെ നിറഞ്ഞു നില്‍ക്കാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ നയതന്ത്ര മികവു കൊണ്ടാണെന്നും സന്ദേശം തുടര്‍ന്നു.
ദോഹ: ദേശീയ, അന്താരാഷ്ട്ര രംഗത്ത് മികച്ച രാഷ്ട്രീയക്കാരനെയാണ് നഷ്ടമായതെന്ന് കെ എം സി സി കണ്ണൂര്‍ മണ്ഡലം കമ്മിറ്റി അനുശോചിച്ചു.

ദോഹ: ഇന്ത്യന്‍ മതേതരത്വത്തിന്റെ മുഖമായി ഐക്യരാഷ്ട്ര സഭയിലും ലോക രാഷ്ട്രങ്ങള്‍ക്കിടയിലും പ്രവര്‍ത്തിച്ച ഇ അഹമ്മദിന്റെ വിയോഗം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഖത്വറിലെ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ യുനിറ്റി ഖത്വര്‍ അനുശോചിച്ചു. സാമൂദായിക ഐക്യത്തിനും ന്യൂനപക്ഷ പുരോഗതിക്കും വേണ്ടി കഠിനാധ്വാനം ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹമെന്നും സന്ദേശം പറഞ്ഞു.

ദോഹ: ഫാസിസ്റ്റ് വര്‍ഗീയ ശക്തികളുടെ ന്യൂനപക്ഷ വിരുദ്ധതയും ജനാധിപത്യ, മതേതര സാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്യലും ശക്തിപ്പെട്ടുകൊണ്ടിരിക്കെ പാര്‍ലിമെന്റില്‍ ആവശ്യമായ ശബ്ദമാണ് ഇ അഹ്മദിന്റെ നിരൃാണത്തോടെ നിലച്ചതെന്ന് മലപ്പുറം ജില്ലാ മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ (മംവാഖ്) എക്‌സിക്യുട്ടീവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ദോഹ: ഇ അഹമ്മദിന്റെ നിര്യാണത്തില്‍ കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു. വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളിലിടപെടുകയും പരിഹാരം കാണുകയും ചെയ്തു പോന്ന ആശ്രയമാണ് നഷ്ടമാകുന്നതെന്ന് സന്ദേശം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here