Connect with us

Gulf

രാജ്യാന്തര നയതന്ത്രത്തില്‍ അഹമ്മദ് ഖത്വറിനൊപ്പവും

Published

|

Last Updated

പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിക്കും മുന്‍ രാഷ്ട്രപതി
എ പി ജെ അബ്ദുല്‍ കലാമിനുമൊപ്പം ഇ അഹമ്മദ്‌

ദോഹ: പാര്‍ലിമെന്റേറിയനും കേന്ദ്ര മന്ത്രിയുമായി രാജ്യാന്തര നയതന്ത്രത്തില്‍ മികുവു പുലര്‍ത്തിയ മസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദ് ഖത്വറിലെ ഭരണാധാകാരികള്‍ക്കും ജനങ്ങള്‍ക്കും രാഷ്ട്രീയത്തിനുമൊപ്പം ചേര്‍ന്നു നിന്നു. പല തവണകള്‍ നയതന്ത്ര ഇടപെടലുകള്‍ക്കും അല്ലാതെയും ഖത്വറിലെത്തിയ അദ്ദേഹം 1984ല്‍ കേരള വ്യവസായ മന്ത്രിയായ കാലം മുതല്‍ ദോഹയില്‍ പതിവ് ഔദ്യോഗിക സനദര്‍ശകനായിരുന്നുവെന്ന് ചരിത്രരേഖകള്‍ അറിയിക്കുന്നു.
പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുമായി മികച്ച സൗഹൃദം നിലനിര്‍ത്തിയിരുന്ന ഇ അഹ്മദ്. ഡപ്യൂട്ടി പ്രധാനമന്ത്രി അഹ്മദ് ബിന്‍ അബ്ദുല്ല അല്‍ മഹ്മൂദ്, രാജകുടുംബാംഗമായ മുന്‍ വിദ്യാഭ്യാസ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ താനി, മുന്‍ ചീഫ് ജസ്റ്റിസ് ശൈഖ് അബ്ദുര്‍റഹ്മാന്‍ ബിന്‍ സായിദ് അല്‍ മഹ്മൂദ്, ശൂറാ കൗണ്‍സില്‍ അംഗം ഡോ. അഹ്മദ് മുഹമ്മദ് ഉബൈദാന്‍ തുടങ്ങിയവരുമായി ആഴത്തിലുള്ള അടുപ്പം പുലര്‍ത്തിപ്പോന്നു. ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ താനിയുടെ അതിഥിയായി എല്ലാ വര്‍ഷവും റമസാന്‍ ഇഫ്താറില്‍ പങ്കെടുക്കാനെത്താറുണ്ട്.

2005 ജൂണില്‍ ദോഹയില്‍ നടന്ന ജി 77 ഉച്ച കോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അഹമ്മദ് 2006 മെയ് മാസത്തില്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ സഹകരണ സംഭാഷണത്തെ കുറിച്ചുള്ള ബഹുകക്ഷി സമ്മേളനത്തിലും ഇതേ വര്‍ഷം ഒക്‌ടോബറില്‍ ദോഹയില്‍ നടന്ന ജനാധിപത്യത്തെ കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിലും ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചു. 2008ല്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ ഖത്വര്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യക്കു വേണ്ടി വിവിധ കരാറുകളില്‍ ഒപ്പു വെച്ചതും അദ്ദേഹമായിരുന്നു. 2006 മാര്‍ച്ചില്‍ ദോഹയില്‍ നടന്ന ജി സി സി രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര മേധാവികളുടെ യോഗത്തില്‍ അധ്യക്ഷനായ അദ്ദേഹം 2009ല്‍ ദോഹയില്‍ നടന്ന അറബ് ഉച്ചകോടിയിലും ഇന്ത്യന്‍ സംഘത്തെ നയിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു.

പല തവണ കെ എം സി സിയുടെയും മറ്റും പൊതുപരിപാടികളില്‍ പങ്കെടുക്കാനായും അദ്ദേഹം ഖത്വറിലെത്തി. സുഹൃത്തായിരുന്ന ലോക പ്രശസ്ത കലാകാരന്‍ എം എഫ് ഹുസൈനെ ഒരിക്കല്‍ ദോഹയില്‍ നടന്ന തന്റെ വിഷന്‍ 2020 എന്ന ഇംഗ്ലീഷ് പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ പ്രത്യേകം താത്പര്യം കാണിച്ച അഹ്മദ് അന്ന് ഹുസൈനൊപ്പം ഏറെ നേരം ചെലവഴിച്ചത് സാക്ഷികളായവര്‍ ഓര്‍ക്കുന്നു.

ഒടുവില്‍ പാറക്കല്‍ അബ്ദുല്ല എം എല്‍ എക്ക് പൗര സ്വീകരണം നല്‍കുന്നതിനായി കെ എം സി സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പങ്കെടുക്കാനാണ് ഇക്കഴിഞ്ഞ സപ്തംബര്‍ 29ന് അദ്ദേഹം ദോഹയിലെത്തിയത്. 30ന് വൈകുന്നേരം എം ഇ എസ് സ്‌കൂളിലായിരുന്നു പരിപാടി. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഭീഷണി നിലനിന്നിരുന്ന ആ സന്ദര്‍ഭത്തില്‍ അടിയന്തരമായി ഡല്‍ഹിയില്‍ ചേരുന്ന യോഗത്തിലെത്തേണ്ടതിനാല്‍ കുറഞ്ഞ വാക്കുകള്‍ പറഞ്ഞ് അദ്ദേഹം വേദി വിടുകയായിരുന്നു.

Latest