Connect with us

Gulf

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍: തട്ടിപ്പ് സംഘങ്ങളെ സൂക്ഷിക്കണമെന്ന് കുവൈത്ത് എംബസി

Published

|

Last Updated

കുവൈത്ത് സിറ്റി: സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷനുമായി ബന്ധപ്പെട്ട് അനധികൃതമായി പണം തട്ടുന്ന തട്ടിപ്പുസംഘത്തെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും, തൊഴിലന്വേഷകരും വിദ്യാര്‍ത്ഥികളും അത്തരം തട്ടിപ്പുകളില്‍ വഞ്ചിതരാവരുതെന്നും ഇന്ത്യന്‍ എംബസി ഒരു പത്രക്കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.

ന്യൂഡല്‍ഹിയിലെ കുവൈത്തി എംബസിയുടെ ഔദ്യോഗിക പ്രതിനിധിയാണെന്നു പറഞ്ഞു തട്ടിപ്പ് നടത്തുന്ന സംഘം, വിവിധ സര്‍വകലാശാലകള്‍ക്കും, ഫോറീനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫിസിലേക്കും നല്‍കേണ്ട ഫീസാണെന്നും പറഞ്ഞുകൊണ്ട് ഭീമമായ സംഖ്യ, സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പ്രത്യേക എക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും, സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും kuwaitembassy_ in @ Hotmail .com എന്ന ഇമെയില്‍ അയക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍, തങ്ങള്‍ ഇന്ത്യയില്‍ ഏജന്‍സിയായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അത്തരം പ്രചാരണങ്ങളില്‍ ആരും അകപ്പെട്ടുപോകരുതെന്നും ന്യൂഡല്‍ഹിയിലെ കുവൈത്ത് എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിലുള്ള സര്‍വകലാശാലകളില്‍ അയച്ചു വെരിഫൈ ചെയ്ത ശേഷം അറ്റസ്റ്റ് ചെയ്യാനുള്ള സ്വാഭാവികമായ സമയദൈര്‍ഘ്യം മാത്രമല്ലാതെ അറ്റസ്‌റ്റേഷന്‍ കാര്യത്തില്‍ എംബസിയുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള വൈകിപ്പിക്കലും സംഭവിക്കുന്നില്ല എന്നും കുവൈത്ത് എംബസി അധികൃതര്‍ വ്യക്തമാക്കുന്നു.