സഊദിയില്‍ ഗാര്‍ഡിയനില്ലാതെ വനിതകള്‍ക്ക്‌ പാസ്‌പോര്‍ട്ട്: നിയമഭേദഗതിയടക്കം ശൂറാകൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നു

Posted on: February 2, 2017 1:06 pm | Last updated: February 2, 2017 at 1:06 pm
SHARE

ദമ്മാം: പുരുഷ ഗാര്‍ഡിയനില്ലാതെ യാത്രചെയ്യത്തക്ക രീതിയില്‍ സഊദി വനിതകള്‍ക്ക് യാത്രാരേഖ നല്‍കുന്നതിന് നിയമഭേദഗതി അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ശൂറാ കൗണ്‍സില്‍. ജനറല്‍ അസംബ്ലിയുടെ പരിഗണനക്കായി ഈ വിഷയത്തില്‍ നേരത്തെ നല്ല ചര്‍ച്ച നടന്നിരുന്നുവെന്ന് കൗണ്‍സില്‍ സുരക്ഷാ കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ അത്താ അല്‍ തിബൈത്തി പറഞ്ഞു. യാത്രാ രേഖാ നിയമത്തിലെ 11 ഖണ്ഡങ്ങളില്‍ മൂന്നെണ്ണം ഇതിനായി തിരുത്തേണ്ടി വരും. അടുത്ത മാസത്തെ ശൂറാ സംഗമത്തില്‍ വനിതാ പാസ്‌പോര്‍ട്ട് ഒരു പ്രധാന അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. ഭര്‍ത്താവോ മറ്റു ഗാര്‍ഡിയനോ ഇല്ലാതെ സഊദി വനികള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന രേഖ നിലവിലില്ല. ഭാര്യയുടെയും 18 നു വയസ്സിനു താഴെയുള്ള കുട്ടികളുടെയും വിവരങ്ങള്‍ ഭര്‍ത്താവിന്റെ യാത്രാ രേഖയില്‍ കാണിക്കുകയാണ് ഇപ്പോഴുള്ള രീതി. മൈനറായ കുട്ടികളുടെത് ചേര്‍ക്കാനും പിതാവിനേ കഴിയൂ. ഇത് തിരുത്തി വനിതകള്‍ക്കും സാധ്യമാക്കുകയാണ് നിയമഭേദഗതി ലക്ഷ്യം വെക്കുന്നത്. പൗരയെന്ന രീതിയില്‍ സ്ത്രീ സ്വാതന്ത്ര്യം ഊട്ടിയുറപ്പിക്കുകയും സംരക്ഷണ ചുമതലയുടെ പേരില്‍ യാത്രാ രേഖകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുകയുമാണ് പുതിയ ഭേദഗതിയുടെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here